ജൂലൈയിലും ആഗസ്റ്റിലും സ്വര്‍ണവില ഇടിയും? സംഭവിക്കാന്‍ പോകുന്നത് ഇത്, നിക്ഷേപകര്‍ എന്ത് ചെയ്യണം?
ആഗോള വിപണിയിലെ പുതിയ സാമ്പത്തിക തരംഗങ്ങളും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും സ്വര്‍ണവിലയില്‍ കാര്യമായ പ്രതിഫലനമുണ്ടാക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് വിപണിയില്‍ എക്കാലത്തും വലിയ പ്രാധാന്യമുണ്ടെങ്കിലും, യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന ശക്തമായ സൂചനകള്‍ നിലവില്‍ വിലയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
മധ്യേഷ്യയിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം അസംസ്കൃത എണ്ണവില കുതിച്ചുയരുമ്പോഴും, സ്വര്‍ണത്തിന്റെ വിലയില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടാകാതിരിക്കാന്‍ കാരണം യുഎസിലെ ഉയര്‍ന്ന പലിശനിരക്ക് സംബന്ധിച്ച ആശങ്കകളാണ്. പലിശ നിരക്കുകളില്‍ ഉണ്ടാകാനിടയുള്ള വര്‍ധനവ് നിക്ഷേപകരെ സ്വര്‍ണത്തില്‍ നിന്ന് മറ്റ് ഉയര്‍ന്ന ലാഭം നല്കുന്ന മേഖലകളിലേക്ക് ആകര്‍ഷിക്കാന്‍ കാരണമായിട്ടുണ്ട്.

ഈ ആഗോള അനിശ്ചിതാവസ്ഥയ്ക്കിടയില്‍ പലിശ നിരക്കുകള്‍ വര്‍ധിക്കുന്നത് സ്വര്‍ണം പോലുള്ള നിക്ഷേപങ്ങളുടെ അവസരച്ചെലവ് അഥവാ ഓപ്പര്‍ച്യുണിറ്റി കോസ്റ്റ് ഉയര്‍ത്തുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില 0.5 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,067.99 ഡോളറിലേക്ക് താഴ്ന്നു. ഇതോടൊപ്പം തന്നെ വരും മാസങ്ങളിലെ വിപണി പ്രവണതകളെ നിര്‍ണയിക്കുന്ന ഓഗസ്റ്റ് ഡെലിവറിയായുള്ള യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വിലയിലും 0.4 ശതമാനത്തിന്റെ കുറവുണ്ടായി.
നിലവില്‍ വിപണിയില്‍ ഇതൊരു വലിയ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. ഔണ്‍സിന് 4,081.20 ഡോളറിലാണ് ഇത് വ്യാപാരം അവസാനിപ്പിച്ചത്. സ്വര്‍ണത്തിന് പുറമേ മറ്റ് വിലപിടിപ്പുള്ള അമൂല്യ ലോഹങ്ങളുടെ വിപണിയിലും സമാനമായ വ്യതിയാനങ്ങള്‍ പ്രകടമാണ്. ആഗോള വിപണിയില്‍ സ്പോട്ട് സില്‍വര്‍ വിലയില്‍ 1.1 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ഇതോടെ വെള്ളി വില ഔണ്‍സിന് 58.49 ഡോളറിലേക്ക് താഴ്ന്നു.
നേരെമറിച്ച്, പ്ലാറ്റിനം വിലയില്‍ 0.4 ശതമാനത്തിന്റെ നേരിയ വര്‍ധനവുണ്ടാവുകയും ഔണ്‍സിന് 1,620.15 ഡോളറിലെത്തുകയും ചെയ്തു. എന്നാല്‍ വ്യാവസായിക മേഖലകളില്‍ ഏറെ ആവശ്യക്കാരുള്ള പലേഡിയത്തിന് 0.4 ശതമാനം ഇടിവ് സംഭവിച്ചു. നിലവില്‍ ഔണ്‍സിന് 1,204.25 ഡോളറിലാണ് പലേഡിയം വ്യാപാരം നടത്തുന്നത്. മധ്യേഷ്യ ഉറ്റുനോക്കുന്ന ഏറ്റവും പുതിയ ഭൗമരാഷ്ട്രീയ സംഭവവികാസങ്ങള്‍ ഇന്ധന വിപണിയിലെ വിലക്കയറ്റത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.
കുവൈത്തിലെയും ബഹ്റൈനിലെയും യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന് കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് വ്യോമാക്രമണം നടത്തിയിരുന്നു. ഇറാന് തങ്ങളുടെ ശത്രുതാപരമായ നിലപാടുകള്‍ അവസാനിപ്പിക്കുകയും നേരത്തെയുള്ള കരാറുകള്‍ പാലിക്കുകയും ചെയ്തില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയതിന് പിന്നാലെയായിരുന്നു ഈ പ്രത്യാക്രമണം.
ഇത് യുഎസും ഇറാാനും തമ്മിലുള്ള താല്‍ക്കാലിക സമാധാന കരാറിന്റെ സുരക്ഷിതത്വത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കടല്‍ മാര്‍ഗ ഇന്ധന ഗതാഗത പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ യാത്ര ഇത് മന്ദഗതിയിലാക്കി. തുടര്‍ച്ചയായ വ്യോമാക്രമണങ്ങള്‍ ആഗോള തലത്തില്‍ ഇന്ധന വിതരണത്തെ ബാധിക്കുമെന്ന ഭീതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നത്.
എങ്കിലും, ഹോര്‍മുസ് കടലിടുക്കിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അമേരിക്കന്‍ വിപണിയില്‍ ഉണ്ടായ നാണയപ്പെരുപ്പ നിരക്കുകളാണ് സ്വര്‍ണവില താഴേക്ക് പോകാനുള്ള മറ്റൊരു പ്രധാന കാരണം. മെയ് മാസത്തില്‍ യുഎസിലെ നാണയപ്പെരുപ്പം ഇന്ധനവില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ മൂന്ന് വര്‍ഷത്തിനിടയില്‍ ആദ്യമായി 4 ശതമാനത്തിന് മുകളിലേക്ക് കുതിച്ചുയര്‍ന്നു.
ഉയര്‍ന്ന നാണയപ്പെരുപ്പം രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കാതിരിക്കാന്‍ പലിശനിരക്ക് ഉയര്‍ത്തുകയല്ലാതെ ഫെഡറല്‍ റിസര്‍വിന് മുന്നില്‍ മറ്റ് വഴികളില്ല. ഇതാണ് സ്വര്‍ണത്തില്‍ പണം നിക്ഷേപിച്ചവരെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുന്നത്. ആഗോള കമ്പോളത്തിലെ വ്യാപാരികള്‍ ഈ വര്‍ഷം മൂന്ന് തവണയെങ്കിലും യുഎസ് ഫെഡ് പലിശനിരക്ക് ഉയര്‍ത്തുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.
സിഎംഇ ഫെഡ്വാച്ച് ടൂളിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത് അനുസരിച്ച്, വരുന്ന ഡിസംബര്‍ മാസത്തില്‍ അടിസ്ഥാന പലിശനിരക്ക് ഉയര്‍ത്താന്‍ 77 ശതമാനത്തോളം സാധ്യത കാണുന്നുണ്ട്. കടപ്പത്രങ്ങളില്‍ നിന്നുള്ള ലാഭം വര്‍ധിക്കുമ്പോള്‍, പലിശയും ഡിവിഡന്റും നല്‍കാത്ത സ്വര്‍ണം കൈവശം വെക്കുന്നത് നിക്ഷേപകര്‍ക്ക് ലാഭകരമല്ലാതായി മാറുന്നു. ഇത് സ്വര്‍ണത്തില്‍ നിന്നുള്ള മൂലധനത്തിന്റെ ഒഴുക്ക് കുറയ്ക്കാന്‍ കാരണമായി.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് പലിശനിരക്ക് ഉയര്‍ത്തുന്നതോടൊപ്പം കേന്ദ്ര ബാങ്കുകള്‍ ബോണ്ടുകള്‍ വിറ്റഴിക്കുന്നതും ഡോളറിന്റെ മൂല്യം വര്‍ധിപ്പിക്കാന്‍ കാരണമാകും. യുഎസ് ഡോളര്‍ വിപണിയില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുമ്പോള്‍ അത് വിദേശ കറന്‍സികള്‍ ഉപയോഗിച്ച് കച്ചവടം നടത്തുന്ന രാജ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങുന്നത് കൂടുതല്‍ ചെലവേറിയതാക്കുന്നു. ഇത് ആഗോള തലത്തില്‍ സ്വര്‍ണത്തിനായുള്ള മൊത്തം ആവശ്യകത കുറയുന്നതിലേക്ക് നയിക്കുകയും വില കൂടുതല്‍ താഴ്ത്താന്‍ വഴിയൊരുക്കുകയും ചെയ്യുന്നു.
എന്നിരുന്നാലും സ്വര്‍ണത്തിന്റെ ദീര്‍ഘകാല മുന്നേറ്റത്തില്‍ വിപണിയിലെ ഊഹക്കച്ചവടക്കാര്‍ക്ക് ഇപ്പോഴും പൂര്‍ണ്ണമായ വിശ്വാസമുണ്ട്. ജൂണ്‍ 23 ന് അവസാനിച്ച ആഴ്ചയില്‍ സ്വര്‍ണ നിക്ഷേപത്തില്‍ ലോങ് പൊസിഷന്‍ സ്വീകരിച്ചവരുടെ എണ്ണം മുന്‍ ആഴ്ചയെ അപേക്ഷിച്ച് 91 കോണ്ട്രാക്ടുകള് വര്‍ധിച്ച് 113,010 ആയി മാറി. പലിശനിരക്കിലെ വര്‍ധന താല്‍ക്കാലിക പ്രതിഭാസമാണെന്നും ആത്യന്തികമായി സാമ്പത്തിക മാന്ദ്യ സൂചനകള്‍ സ്വര്‍ണത്തിന് അനുകൂലമാകുമെന്നുമാണ് ഇവരുടെ കണക്കുകൂട്ടല്‍.
കഴിഞ്ഞ ജനുവരി മാസത്തില്‍ സ്വര്‍ണവില റെക്കോര്‍ഡ് നിരക്കായ ഔണ്‍സിന് 5,600 ഡോളറിന് തൊട്ടടുത്ത് വന്നിരുന്നു. പ്രസ്തുത പാദത്തില്‍ ശരാശരി സ്വര്‍ണവില 4,873 ഡോളറായിരുന്നു. ഈ വന്‍വില കയറ്റം ആഭരണ വിപണിയില്‍ വന്‍ തോതിലുള്ള ഡിമാന്‍ഡ് ഇടിവിന് കാരണമായി. നിക്ഷേപ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം കൂടിയെങ്കിലും സാധാരണ ഉപഭോക്താക്കള്‍ വലിയ തോതില്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങി.
ഇതിന് പുറമെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കയറ്റുമതിയെയും ബാധിച്ചു. ആഗോള വിപണിയില്‍ വിലയില്‍ നേരിട്ട ഈ ഇടിവ് ഇന്ത്യയിലെ റീട്ടെയില്‍ വിപണിയില്‍ നേരിയ തോതില്‍ അനുകൂല ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സ്വര്‍ണക്കടകളില്‍ മുന്‍ മാസങ്ങളെ അപേക്ഷിച്ച് ഡിമാന്‍ഡ് വര്‍ധിച്ചതിനെത്തുടര്‍ന്ന് ഒന്നര മാസത്തിന് ശേഷം ആദ്യമായി സ്വര്‍ണം അതത് വിപണിയിലെ പ്രീമിയം നിരക്കില്‍ വ്യാപാരം നടത്തി തുടങ്ങി.
സാധാരണയായി വില കുത്തനെ താഴോട്ട് വരുമ്പോള്‍ ഇവിടെ വാങ്ങല്‍ ശേഷി ഉയരാറുണ്ട്. എന്നാല്‍ ചൈനീസ് വിപണിയില്‍ സ്വര്‍ണത്തിനായുള്ള ആവശ്യം ഇപ്പോഴും താഴോട്ട് തന്നെയാണ്. ആഗോള തലത്തില്‍ പലിശനിരക്ക് ഉയര്‍ത്തുന്നതും ഭൗമരാഷ്ട്രീയ തര്‍ക്കങ്ങളും വിപണിയെ വരുംദിവസങ്ങളിലും സ്വാധീനിക്കും. ഭാവിയിലെ സാമ്പത്തിക വെല്ലുവിളികളെ ചെറുക്കാന്‍ നിക്ഷേപകര്‍ ഏത് തരം ആസ്തികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നത് പ്രസക്തമാണ്.
ഈ സാഹചര്യത്തില്‍ സ്പോട്ട് ഗോള്‍ഡിന്റെ ഇപ്പോഴുള്ള വിലയിടിവ് ഒരു താല്‍ക്കാലിക തിരുത്തല്‍ മാത്രമാണോ അതോ ദീര്‍ഘകാല ഇടിവിന്റെ മുന്നോടിയാണോ എന്നാണ് നിക്ഷേപകര്‍ കാത്തിരുന്ന് കാണേണ്ടത്.















Click it and Unblock the Notifications