സ്വർണ വിലയിൽ 30 ശതമാനത്തിന്റെ വർധനവ്; പൂട്ടിടാന്‍ കേന്ദ്രം ഇറങ്ങിത്തിരിക്കുമോ?; മന്ത്രി സഭയിൽ പറഞ്ഞത്
കഴിഞ്ഞ ഒരു വർഷത്തിനിടയില്‍ രാജ്യത്ത് സ്വർണ വിലയില്‍ റെക്കോർഡ് നിരക്കിലുള്ള വർധനവാണ് രേഖപ്പെടുത്തിയത്. വില ഏകദേശം 30 ശതമാനത്തോളം ഉയർന്നു. ഈ വർഷം ആദ്യം 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 58500 രൂപയായിരുന്നെങ്കില്‍ പിന്നീട് അത് 78770 രൂപ വരെയായി ഉയർന്നു. സ്വർണ വില ഇത്തരത്തില്‍ ഉയർന്നതോടെ വില നിയന്ത്രിക്കാന്‍ സ്വീകരച്ച നടപടികൾ സംബന്ധിച്ച് വിവിധ പാർട്ടികളുടെ എംപിമാർ കേന്ദ്രത്തോട് വിശദീകരണം തേടിയിരുന്നു. ഇപ്പോഴിതാ ഈ ചോദ്യങ്ങളോട് കേന്ദ്ര സർക്കാർ ലോക്സഭയില്‍ ഔദ്യോഗികമായി പ്രതികരിച്ചിരിക്കുകയാണ്. കസ്റ്റംസ് തീരുവ കുറച്ചത് അടക്കമുള്ള കാര്യങ്ങളാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വിശദീകരിച്ചത്.
'2024-25 ലെ കേന്ദ്ര ബജറ്റിൽ സർക്കാർ സ്വർണ ഇറക്കുമതിയുടെ കസ്റ്റംസ് തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനം ആയി കുറച്ചിരുന്നു. സ്വർണ്ണത്തിന്റേയും ആഭരണങ്ങളുടേയും ആഭ്യന്തര മൂല്യം വർദ്ധിപ്പിക്കുന്നതിനും ഉപഭോക്താക്കൾക്ക് സ്വർണ്ണം വിലകുറച്ച് ലഭ്യമാക്കുന്നതിനുമായിരുന്നു ഈ നടപടി.' പങ്കജ് ചൗധരി പറഞ്ഞു

വില ഉയരുമ്പോഴും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ ബി ഐ) കരുതല്‍ ശേഖരമായി കൂടുതല്‍ സ്വർണം വാങ്ങുന്നത് സംബന്ധിച്ച ആശങ്കകളോടും മന്ത്രി പ്രതികരിച്ചു. 'വിദേശ നാണയ കരുതൽ ശേഖരത്തിൻ്റെ ഭാഗമാണ് സ്വർണം. അന്താരാഷ്ട്ര വിപണികളില്‍ നിന്നാണ് ആർ ബി ഐ കൂടുതലായും സ്വർണം വാങ്ങുന്നത്. ഇത്തരത്തിൽ സ്വർണം വാങ്ങുന്നത് ആഭ്യന്തര വിപണിയിൽ കാര്യമായ സ്വാധീനമുണ്ടാക്കുന്നില്ല. വിദേശനാണ്യ കരുതൽ ശേഖരത്തിലെ സ്വർണത്തിൻ്റെ വിഹിതം 2023 മാർച്ചില്‍ 7.81 ശതമാനം ആയിരുന്നുവെങ്കില്‍ 2024 മാർച്ചിൽ അത് 8.15 ശതമാനം ആയും ഉയർന്നു' എന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്വർണ്ണ വിലനിർണയത്തിൽ സുതാര്യത ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹാൾമാർക്കിംഗ് നിർബന്ധമാക്കിയത് അടക്കമുള്ള നടപടികൾ സ്വീകരിച്ചതെന്ന് മന്ത്രി വിശദീകരിച്ചു. 'ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ഹാൾമാർക്ക്ഡ് ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്നു. ഇത് സുതാര്യതയും ഉപഭോക്താക്കളുടെ വിശ്വാസവും നിലനിർത്താൻ സഹായിക്കുന്നു," ചൗധരി ലോക്സഭയില്‍ രേഖാമൂലം വ്യക്തമാക്കി.
സ്വർണത്തിന് ബദലായുള്ള നിക്ഷേപ പദ്ധതികള്‍ വലിയ രീതിയില്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. സമീപ വർഷങ്ങളിൽ സാമ്പത്തിക ആസ്തികളിലെ നിക്ഷേപത്തിനുള്ള സാധ്യത ഗണ്യമായി വർദ്ധിച്ചു. ഫിനാൻഷ്യൽ സെക്ടർ റെഗുലേറ്റർമാർ വിവിധ നിക്ഷേപകം സംബന്ധിച്ചുള്ള അറിവുകളും വിവിധ സാമ്പത്തിക വിഭാഗങ്ങളിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള അവബോധവും നൽകി വരുന്നുണ്ട്. സർക്കാർ സ്വർണ വിലയില്‍ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നുണ്ടെങ്കിലും ഉത്സവ കാലയളവിലേയും വിവാഹ സീസണിലേയും സ്വാധീനത്തെക്കുറിച്ച് പ്രത്യേകമായിട്ടുള്ള ഒരു വിലയിരുത്തലും നടത്തിയിട്ടില്ല. സ്വർണത്തിന് വില നിയന്ത്രണങ്ങളോ സബ്‌സിഡികളോ നടപ്പാക്കുന്നതിന് കേന്ദ്രത്തിന് പ്രത്യേക പദ്ധതികളൊന്നുമില്ലെന്നും മന്ത്രി വിശദീകരിച്ചു.












Click it and Unblock the Notifications