'മാപ്പ് പറയാൻ സവർക്കറല്ല', രാഹുൽ പരാമർശം പിൻവലിച്ചില്ലെങ്കിൽ കേസ് കൊടുക്കുമെന്ന് സവർക്കറുടെ കൊച്ചുമകൻ
ദില്ലി: വിഡി സവര്‍ക്കര്‍ക്ക് എതിരെ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ് കൊടുക്കുമെന്ന് സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത് സവര്‍ക്കര്‍. ബാലിശമാണ് രാഹുല്‍ ഗാന്ധിയുടെ പെരുമാറ്റമെന്നും സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് അപേക്ഷിച്ചതിന് തെളിവുണ്ടെങ്കില്‍ ഹാജരാക്കാനും രഞ്ജിത് സവര്‍ക്കര്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ നിന്നും അയോഗ്യനാക്കപ്പെട്ടിതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി സവര്‍ക്കറെ കുറിച്ചുളള പരാമര്‍ശം നടത്തിയത്.
ലണ്ടന്‍ പ്രസംഗത്തിലും മോദി സര്‍നെയിം വിവാദത്തിലും മാപ്പ് പറയുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി താന്‍ സവര്‍ക്കര്‍ അല്ല ഗാന്ധിയാണ്, ഗാന്ധി ആരോടും മാപ്പ് ചോദിക്കാറില്ല എന്നായിരുന്നു. രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ കേസ് കൊടുക്കും. ഇത് ആദ്യത്തെ തവണ അല്ല രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയും സവര്‍ക്കറെ അപമാനിക്കുന്നത് എന്നും രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു.

മാപ്പ് പറയുന്നതിന് പകരം രാഹുല്‍ ഗാന്ധി സവര്‍ക്കറെ അപമാനിക്കുന്നത് തുടരുകയാണ് എന്നത് ദൗര്‍ഭാഗ്യകരമാണ്. സവര്‍ക്കറെ അപമാനിച്ചതിന് മാപ്പ് പറയാന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെടണം എന്ന് കോണ്‍ഗ്രസ് സഖ്യകക്ഷിയായ ശിവസേനയുടെ ഉദ്ധവ് താക്കറെയോടും താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന കാലത്ത് കോണ്‍ഗ്രസ് സവര്‍ക്കറെ അപമാനിക്കുന്ന പ്രസ്താവനകള്‍ നടത്തിയിരുന്നു, എന്നാല്‍ ഉദ്ധവ് താക്കറെ ഒന്നും ചെയ്തില്ല, രഞ്ജിത് സവര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.
മാപ്പ് പറയില്ലെന്ന് പറയുന്ന രാഹുല്‍ ഗാന്ധി രണ്ട് തവണ സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞിട്ടുളള ആളാണ്. രാഹുല്‍ ഗാന്ധി ചെയ്യുന്നത് എന്തായാലും അത് ബാലിശമാണ്. ദേശസ്‌നേഹികളുടെ പേര് ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്ന അപലപനീയമാണ്. ദാദര്‍ പോലീസ് സ്‌റ്റേഷനില്‍ താന്‍ ഇതിനകം രണ്ട് പരാതികള്‍ കൊടുത്തിട്ടുണ്ട്. 5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിഡി സവര്‍ക്കറെ രാഹുല്‍ ഗാന്ധി ദേശദ്രോഹിയെന്ന് വിളിച്ചു. രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയക്കാന്‍ കോടതി പോലീസിനോട് നിര്‍ദേശിച്ചു. ആ കേസ് താന്‍ പിന്തുടരുന്നുണ്ട്, രഞ്ജിത്ത് സവര്‍ക്കര്‍ പറഞ്ഞു.

ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമര്‍ശത്തിലാണ് രാഹുല്‍ ഗാന്ധിക്ക് എതിരായ രണ്ടാമത്തെ കേസ്. താന്‍ തന്നെയാണ് പരാതി നല്‍കിയത്. ഈ പ്രശ്‌നം പരിഹരിക്കപ്പെടേണ്ടതുണ്ട് അല്ലെങ്കില്‍ സവര്‍ക്കറുടെ പേര് കളങ്കപ്പെടുത്തുന്നത് തുടരും. കോടതി വഴി ഇതിനൊരു അവസാനമുണ്ടാക്കണം. ബ്രിട്ടീഷ് സര്‍ക്കാരിനോട് സവര്‍ക്കര്‍ ക്ഷമ ചോദിച്ചു എന്നതിന് ചരിത്രപരമായി ഒരു തെളിവും ഇല്ലെന്നും രഞ്ജിത്ത് സവര്‍ക്കര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി പറഞ്ഞത് ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി സവര്‍ക്കര്‍ മാപ്പ് അപേക്ഷിച്ചുവെന്നും ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നുളള പെന്‍ഷന്‍ സ്വീകരിച്ചു എന്നുമാണ്. സ്വാതന്ത്ര്യ സമര കാലത്ത് സവര്‍ക്കര്‍ ബ്രിട്ടീഷുകാരെ സഹായിച്ചുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. സവര്‍ക്കര്‍ പരാമര്‍ശത്തിന്റെ പേരില്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ശിവസേന ഉദ്ധവ് പക്ഷം അതൃപ്തി പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications