രാജ്യത്തെ നികുതി നിരക്കുകൾ പരിഷ്‌കരിച്ച് ജിഎസ്‌ടി കൗൺസിൽ; ഇനി രണ്ട് സ്ലാബുകൾ മാത്രം, എപ്പോൾ മുതൽ?
ന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന 56-ാമത് ജിഎസ്‌ടി കൗൺസിൽ യോഗം നിരക്കുകൾ പരിഷ്‌കരിക്കുന്നതിന് അംഗീകാരം നൽകി. നേരത്തെ ഉണ്ടായിരുന്ന 12 ശതമാനവും 28 ശതമാനവും സ്ലാബുകൾ നിർത്തലാക്കിക്കൊണ്ട് പുതിയ 5 ശതമാനം 18 ശതമാനം സ്ലാബുകളാവും രാജ്യത്ത് നിലവിൽ ഉണ്ടാവുക. 5 ശതമാനവും 18 ശതമാനവും നിരക്കുകളുള്ള രണ്ട് തട്ടുകളുള്ള നികുതി ഘടനയ്ക്ക് പുറമേ ആഡംബര വസ്‌തുക്കൾക്ക് പുതിയ 40 ശതമാനം സ്ലാബിനും കൗൺസിൽ അംഗീകാരം നൽകി.
സെപ്റ്റംബർ 22 മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. സാധാരണക്കാരെ കേന്ദ്രീകരിച്ചാണ് ഈ പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. സാധാരണക്കാരുടെ ദൈനംദിന ഉപയോഗ വസ്‌തുക്കളുടെ മേലുള്ള ഓരോ നികുതിയും കർശനമായ അവലോകനത്തിന് വിധേയമാക്കിയിട്ടുണ്ട്, മിക്ക കേസുകളിലും നിരക്കുകൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്; എന്നാണ് നിർമ്മല സീതാരാമൻ പറഞ്ഞത്.

തൊഴിൽ കേന്ദ്രീകൃത വ്യവസായങ്ങൾക്ക് നല്ല പിന്തുണ ലഭിച്ചു. കർഷകർക്കും കാർഷിക മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും പ്രയോജനം ലഭിക്കും. സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ചാലകശക്തികൾക്ക് പ്രാധാന്യം നൽകും, ധനമന്ത്രി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. നിർണായകമായ ജിഎസ്‌ടി കൗൺസിൽ യോഗത്തിലാണ് സുപ്രധാന തീരുമാനം ഉണ്ടായിരിക്കുന്നത്.
പുതിയ പരിഷ്‌കാരത്തിന്റെ ഭാഗമായി, പാൽ, പനീർ, ലഘുഭക്ഷണങ്ങൾ, ബ്രെഡ് എന്നിവയുൾപ്പെടെ 175 പൊതു ഉപഭോഗ ഇനങ്ങൾ വിലകുറഞ്ഞതായിരിക്കും. ഹെയർ ഓയിൽ, ടോയ്‌ലറ്റ് സോപ്പുകൾ, ഷാംപൂകൾ, ടൂത്ത് ബ്രഷുകൾ, ടേബിൾവെയർ, കിച്ചൺവെയർ തുടങ്ങിയ വസ്‌തുക്കൾ ഇപ്പോൾ 5 ശതമാനം ബ്രാക്കറ്റിൽ ഉൾപ്പെടും.
യുഎച്ച്ടി പാൽ, പനീർ, ചേന, പറോട്ട ഉൾപ്പെടെയുള്ള എല്ലാത്തരം ഇന്ത്യൻ ബ്രെഡുകളുടെയും നികുതി 5 ശതമാനത്തിൽ നിന്ന് പൂജ്യത്തിലേക്ക് മാറും. കണ്ണടകൾക്ക് ഇനി 5 ശതമാനം നികുതി ചുമത്തും. നിലവിൽ 12 ശതമാനം നികുതി ചുമത്തുന്ന 99 ശതമാനം ഇനങ്ങളും ഇനി 5 ശതമാനത്തിൽ താഴെയാകും, ഇതിൽ പ്രകൃതിദത്ത മെന്തോൾ, വളങ്ങൾ, കരകൗശല വസ്‌തുക്കൾ, മാർബിൾ, ഗ്രാനൈറ്റ് ബ്ലോക്കുകൾ പോലുള്ളവ ഉൾപ്പെടുന്നു.
ഇതിന് പുറമേ 33 ജീവൻ രക്ഷാ മരുന്നുകളുടെ നികുതി 12 ശതമാനത്തിൽ നിന്ന് പൂജ്യത്തിലേക്ക് മാറും. നിലവിൽ 28 ശതമാനത്തിൽ നികുതി ചുമത്തുന്ന ഏകദേശം 90 ശതമാനം സാധനങ്ങളും 18 ശതമാനത്തിലേക്ക് മാറും. ഇതിൽ എയർ കണ്ടീഷനിംഗ് മെഷീനുകൾ, 32 ഇഞ്ചിൽ കൂടുതലുള്ള ടിവികൾ ഡിഷ് വാഷിംഗ് മെഷീനുകൾ, സിമന്റ്, 300 സിസിയിൽ താഴെയുള്ള ചെറിയ കാറുകൾ, മോട്ടോർ സൈക്കിളുകൾ എന്നിവയും ഉൾപ്പെടുന്നു.
ആഡംബര വസ്‌തുക്കൾക്കുള്ള പുതിയ 40 ശതമാനം ജിഎസ്‌ടി നിരക്കും കൗൺസിൽ അംഗീകരിച്ചിട്ടുണ്ട്. പാൻ മസാല, പുകയില, സിഗരറ്റുകൾ, ബീഡി, എയറേറ്റഡ് വാട്ടർ, കാർബണേറ്റഡ്, കഫീൻ അടങ്ങിയ പാനീയങ്ങൾ, 350 സിസിയിൽ കൂടുതലുള്ള മോട്ടോർ സൈക്കിളുകൾ, യാച്ചുകൾ, ഹെലികോപ്റ്ററുകൾ തുടങ്ങിയ ആഡംബര വസ്‌തുക്കൾക്കും ഉയർന്ന സ്ലാബ് ബാധകമാകും. എന്നാൽ സംസ്ഥാനങ്ങളുടെ നഷ്‌ടപരിഹാരത്തിന്റെ കാര്യത്തിൽ തീർപ്പായിട്ടില്ല.
അതേസമയം, ജിഎസ്‌ടിയിൽ അടുത്ത തലമുറ പരിഷ്‌കാരങ്ങൾ കൊണ്ടുവരുമെന്ന സ്വാതന്ത്ര്യദിനത്തിൽ നൽകിയ വാഗ്‌ദാനം ഓർമ്മപ്പെടുത്തി കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നീക്കത്തെ സ്വാഗതം ചെയ്‌തു രംഗത്ത് വന്നിട്ടുണ്ട്. സാധാരണക്കാരുടെ ജീവിതം സുഗമമാക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള വിശാലമായ ജിഎസ്‌ടി നിരക്ക് യുക്തിസഹീകരണത്തിനും പ്രക്രിയ പരിഷ്‌കാരങ്ങൾക്കുമായി കേന്ദ്ര സർക്കാർ വിശദമായ ഒരു നിർദ്ദേശം തയ്യാറാക്കിയിരുന്നു; എന്നാണ് മോദി എക്‌സ് പോസ്‌റ്റിലൂടെ അറിയിച്ചത്.












Click it and Unblock the Notifications