ഗ്യാന്‍വാപി മസ്ജിദ്: ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം, മുസ്ലിം വിഭാഗത്തിന്റെ എല്ലാ ഹര്‍ജികളും തള്ളി
ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ വാരണാസിയിലുള്ള ഗ്യാന്‍വാപി മസ്ജിദിനെതിരെ ഹിന്ദു വിഭാഗം നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ അലഹാബാദ് ഹൈക്കോടതിയുടെ നിര്‍ദേശം. പള്ളിക്കമ്മിറ്റി നല്‍കിയ എല്ലാ ഹര്‍ജികളും ഹൈക്കോടതി തള്ളി. പള്ളി പൊളിച്ചുമാറ്റി ക്ഷേത്രം പണിയണം എന്നാണ് ഹിന്ദു വിഭാഗത്തിന്റെ ആവശ്യം. ഈ ഹര്‍ജി പരിഗണിക്കുന്നത് 1991ലെ നിയമത്തിന്റെ ലംഘനമാണെന്ന മുസ്ലിം വിഭാഗത്തിന്റെ വാദമാണ് കോടതി തള്ളിയത്.
1991ന് മുമ്പ് നല്‍കിയ സിവില്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കാനും ആറ് മാസത്തിനകം നടപടികള്‍ പൂര്‍ത്തീകരിക്കാനുമാണ് ഹൈക്കോടതി വാരണാസിയിലെ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനമാണ് അലഹാബാദ് ഹൈക്കോടതി എടുത്തിരിക്കുന്നത്. മുസ്ലിം വിഭാഗത്തില്‍ നിന്ന് അഞ്ച് ഹര്‍ജികളാണ് സമര്‍പ്പിച്ചിരുന്നത്.

വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നാണ് ഗ്യാന്‍വാപി മസ്ജിദ്. ക്ഷേത്രത്തിന്റെ സ്ഥലത്താണ് പള്ളി നിര്‍മിച്ചത് എന്നാണ് ഹിന്ദു വിഭാഗത്തിന്റെ വാദം. ഇതിനെതിരെ മുസ്ലിം വിഭാഗത്തില്‍ നിന്ന് അഞ്ച് ഹര്‍ജികളാണ് സമര്‍പ്പിച്ചിരുന്നത്. പള്ളി കമ്മിറ്റി മൂന്ന് ഹര്‍ജികളും യുപി സുന്നി വഖഫ് ബോര്‍ഡ് രണ്ട് ഹര്‍ജികളും. വാരണാസി കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു മുസ്ലിം വിഭാഗത്തിന്റെ വാദം.
1991ല്‍ കേന്ദ്രസര്‍ക്കാര്‍ ആരാധനാലയ സംരക്ഷണ നിയമം കൊണ്ടുവന്നിരുന്നു. സ്വാതന്ത്ര്യം ലഭിക്കുന്ന വേളയിലുള്ള പോലെ എല്ലാ ആരാധനാലയങ്ങളും സംരക്ഷിക്കപ്പെടണം എന്നാണ് നിയമത്തിന്റെ കാതല്‍. ഈ നിയമം പരിഗണിച്ച് ഹിന്ദു വിഭാഗത്തിന്റെ വാദം തള്ളണം എന്ന് മുസ്ലിം വിഭാഗം വാദിച്ചു. എന്നാല്‍ സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ള തര്‍ക്കമാണിതെന്ന് ഹിന്ദു വിഭാഗം വാദിച്ചു.
ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് വേണ്ടി 1991ല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം തുടരാനാണ് ഹൈക്കോടി ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഹിന്ദു വിഭാഗത്തിന്റെ വാദം ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാള്‍ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. നിലവില്‍ പള്ളി പരിസരം തല്‍സ്ഥിതി തുടരണം. രാജ്യത്തെ പ്രധാന രണ്ട് സമുദായങ്ങളെ ബാധിക്കുന്ന കേസാണിത്. ആറ് മാസത്തിനകം ഹര്‍ജിയില്‍ തീരുമാനമെടുക്കണമെന്നും വിചാരണ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.
ഉത്തര്‍ പ്രദേശില്‍ വിവാദത്തിലുള്ള മറ്റൊരു പള്ളിയാണ് മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ്. ഇവിടെ അഭിഭാഷകരുടെ സമിതിക്ക് സര്‍വ്വെ നടത്താന്‍ അലബാബാദ് ഹൈക്കോടതി കഴിഞ്ഞാഴ്ച അനുമതി നല്‍കിയിരുന്നു. മുസ്ലിം വിഭാഗം സമര്‍പ്പിച്ച ഹര്‍ജി തള്ളിയായിരുന്നു ഹൈക്കോടതി നിര്‍ദേശം. തൊട്ടുപിന്നാലെയാണ് ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട കോടതി ഉത്തരവും വന്നിരിക്കുന്നത്.












Click it and Unblock the Notifications