ഗ്യാന്‍വാപി മസ്ജിദ് ബിജെപി തിരഞ്ഞെടുപ്പ് ആയുധമാക്കുന്നു; മുസ്ലിം ലീഗ്
ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദ് പ്രശ്‌നം ബിജെപി കുത്തിപ്പൊക്കുന്നത് അടുത്ത തിരഞ്ഞെടുപ്പിനുള്ള ആയുധമായിട്ടാണെന്ന് മുസ്ലിം ലീഗ്. മതേതര ജനാധിപത്യ വിശ്വാസികള്‍ ഈ നീക്കം എതിര്‍ക്കണമെന്ന് ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇടി മുഹമ്മദ് ബഷീര്‍ എംപി, അബ്ദുസമദ് സമദാനി എംപി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഗ്യാന്‍വാപി മസ്ജിദ് വിഷയം സഭാനടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാന്‍ ലീഗ് എംപിമാര്‍ ഇന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന നടപടിയാണിപ്പോള്‍ ബിജെപി ചെയ്യുന്നത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. മറ്റൊരു ബാബരി മസ്ജിദ് പ്രശ്‌നം ആവര്‍ത്തിക്കാനുള്ള കോപ്പ് കൂട്ടുകയാണ് ബിജെപി.

1991ല്‍ പാര്‍ലിമെന്റ് പാസാക്കിയ ആരാധനാലയങ്ങളുടെ സംരക്ഷണം സംബന്ധിച്ച നിയമത്തിന് വിരുദ്ധമാണ് ഗ്യാന്‍വാപിയില്‍ നടക്കുന്നത്. 1947 ആഗസ്റ്റ് 15ന് ഓരോ സമുദായത്തിന്റെയും കൈവശം ഉണ്ടായിരുന്ന ആരാധനാലയങ്ങള്‍ കോട്ടം വരാതെ ഭാവിയില്‍ നിലനില്‍ക്കുന്നതാണെന്ന അടിസ്ഥാന തത്വമാണ് ആ നിയമത്തില്‍ പറയു്ന്നത്. ഇന്ത്യയില്‍ മേലില്‍ യാതൊരു തര്‍ക്കവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഈ നിയമം കൊണ്ടുവന്നത്.
പള്ളി നിര്‍മ്മിച്ചത് ക്ഷേത്രം പൊളിച്ചാണെന്നും ഹിന്ദു ആചാരങ്ങള്‍ക്ക് സ്ഥലം വിട്ടുനല്‍കണമെന്നുമാണ് ബിജെപിയെ അനുകൂലിക്കുന്ന ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നത്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒരു സംവിധാനത്തെ പൊളിക്കുകയാണവര്‍. അതുവഴി തങ്ങളുടെ ദുരുദ്ദേശം നടപ്പാക്കാന്‍ സര്‍ക്കാരിന്റെ സഹായം തേടുകയാണ്. മുസ്ലിം ലീഗ് ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇക്കാര്യത്തില്‍ തുടര്‍ നിയമനടപടി ആലോചിക്കുകയാണ്.
മുസ്ലിം ലീഗ് എക്കാലത്തും മത സൗഹാര്‍ദ്ദത്തിന്റെ പക്ഷത്ത് നിലയുറപ്പിച്ച പാര്‍ട്ടിയാണ്. അതേസമയം ഒരു മതത്തിന്റെയും അടിസ്ഥാന കാര്യങ്ങളില്‍ ഇടപെട്ട് പ്രശ്‌നമുണ്ടാകുന്നതിനോട് യോജിക്കില്ല. ഇത്തരം കാര്യങ്ങളില്‍ എല്ലാ മതേതര വിശ്വാസികളും ഉറച്ചു നില്‍ക്കണമെന്നും മുസ്ലിം ലീഗ് എംപിമാര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications