ഗ്യാന്‍വാപി: ആര്‍ക്കിയോളജിക്കല്‍ സര്‍വേ ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കാന്‍ വാരണാസി കോടതി
അലഹബാദ്: വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ ശിവലിംഗമുണ്ടെന്ന് ഒരു വിഭാഗം കരുതുന്ന വസ്തുവിന്റെ ശാസ്ത്രീയ പരിശോധന നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ വകുപ്പിനോട് ദിവസങ്ങള്‍ക്ക് മുമ്പാണ് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള മുഴുവന്‍ ഗ്യാന്‍വാപി പള്ളി പരിസരവും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) സര്‍വേ നടത്തണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ വാരാണസി കോടതി ചൊവ്വാഴ്ച സമ്മതിച്ചു.
ഹിന്ദു പക്ഷത്തെ പ്രതിനിധീകരിച്ച് അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജെയിന്‍ സമര്‍പ്പിച്ച ഹര്‍ജി സ്വീകരിച്ച് ജില്ലാ കോടതി ജഡ്ജി എ കെ വിശ്വേഷ് ഗ്യാന്‍വാപി പള്ളി കമ്മിറ്റിയോട് മെയ് 19 നകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മേയ് 22ന് ആണ് അടുത്ത വാദം കേള്‍ക്കുക.

17ആം നൂറ്റാണ്ടില്‍ മുസ്ലീം ഭരണാധികാരികള്‍ ഹിന്ദു ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്നും സനാതന വിശ്വാസികളായ ജനങ്ങളാണെന്ന് അവകാശപ്പെട്ട് ആറ് ഹിന്ദുവിഭാഗത്തില്‍പ്പെടുന്ന അപേക്ഷകരാണ് ഗ്യാന്‍വാപി മസ്ജിദിന്റെ മുഴുവന്‍ സ്ഥലവും ശാസ്ത്രീയമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.
സുപ്രീം കോടതിയിലും അലഹബാദ് ഹൈക്കോടതിയിലും വാരണാസി കോടതിയിലും നിരവധി ഹര്‍ജികള്‍ ഇതുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്തിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് ഏറ്റവുമൊടുവില്‍ ഗ്യാന്‍വാപി മസ്ജിദിന്റെ ഘടനയെക്കുറിച്ച് അന്വേഷിക്കാന്‍ വാരണാസിയിലെ കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ എസ് ഐ) യോട് നിര്‍ദ്ദേശിച്ചിരുന്നു.
കൃഷ്ണജന്മഭൂമി, കാശി വിശ്വനാഥ ക്ഷേത്രം എന്നിവ തകര്‍ത്താണ് മുസ്ലീം പള്ളികള്‍ നിര്‍മ്മിച്ചതെന്നാണ് ഇവരുടെ വാദം. 2019 ഡിസംബറില്‍ അയോധ്യയിലെ ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കം വീണ്ടും ഉടലെടുക്കുന്നത്.












Click it and Unblock the Notifications