തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ്: ഫലം മന്ദഗതിയിലാക്കുന്നു, ബിജെപി സമ്മർദ്ദമെന്ന് ജയറാം രമേഷ്
ഡല്‍ഹി: ഹരിയാന, ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നിതിനിടെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ വിമർശനം. തിരഞ്ഞെടുപ്പ് കമ്മിഷനുമേല്‍ ബി ജെ പിയുടെ സമ്മർദ്ദമുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിക്കുന്നു.
ഫലങ്ങള്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കുകയാണ്. ലോക്സഭ തിരഞ്ഞെടുപ്പിലും സമാനമായ സാഹചര്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. "തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ മന്ദഗതിയിലാണ് തിരഞ്ഞെടുപ്പ് ട്രെൻഡുകൾ വരുന്നത്. ഇത് കമ്മിഷനുമേല്‍ സമ്മർദ്ദം ചെലുത്താൻ ബി ജെ പി ശ്രമിക്കുന്നുവെന്ന ആശങ്ക ഉയർത്തുന്നു." ജയറാം രമേശ് പറഞ്ഞു.

ഈ നീക്കം വോട്ടർമാരുടെ അവകാശങ്ങളെ ഹനിക്കുന്നതും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ബാധിക്കുന്നതുമാണ്. വോട്ടർമാരുടെയും പൊതുജനങ്ങളുടെയും വിശ്വാസം കാത്തുസൂക്ഷിക്കുന്നതിന് വേഗത്തിലും കൃത്യമായും ഫലം പങ്കിടണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യർത്ഥിക്കുന്നതായും ജയ് റാം രമേശ് പറഞ്ഞു.
കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനെറ്റും ഇതേ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഫലങ്ങള്‍ കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നതോടെ ഈ ഫലങ്ങള്‍ മാറി മറിയുമെന്നാണ് അദ്ദേഹം പറയുന്നത് "ഈ പ്രവണത മാറും. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്‌സൈറ്റ് ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നില്ല, ഞങ്ങളുടെ ഡാറ്റയിൽ കോൺഗ്രസാണ് മുന്നിൽ, ചിത്രം മാറും." സുപ്രിയ സെനറ്റ് പറഞ്ഞു.
അതേസമയം, ഹരിയാനയില്‍ ഇപ്പോഴും ബി ജെ പി മുന്നിട്ട് നില്‍ക്കുകയാണ്. തുടക്കത്തില്‍ വലിയ രീതിയില്‍ വരെ മുന്നേറിയ കോണ്‍ഗ്രസിനെ മറികടന്നുകൊണ്ടാണ് ബി ജെ പി മുന്നിലേക്ക് എത്തിയത്. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ ലീഡ് നില 70 എന്നതിലേക്ക് വരെ എത്തിയിരുന്നു. എന്നാല്‍ നിലവില്‍ ബി ജെ പിക്ക് 48 സീറ്റുകളിലാണ് മുന്‍തൂക്കമുള്ളത്. ആകെ 90 സീറ്റുകളുള്ള ഹരിയാനയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 46 സീറ്റികളാണ്.
തുടക്കത്തില്‍ അമ്പരിപ്പിച്ച രീതിയില്‍ മുന്നേറിയ കോണ്‍ഗ്രസിന് ഇപ്പോള്‍ 35 സീറ്റില്‍ മാത്രമാണ് മേല്‍ക്കൈ ഉള്ളത്. ഐ എന്‍ എല്‍ ഡി ഒരു സീറ്റിലും ബി എസ് പി ഒരു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. നാലിടത്ത് വിമതർക്കാണ് മേല്‍ക്കൈ. അതേസമയം കഴിഞ്ഞ തവണ നിർണ്ണായക ശക്തിയായി മാറിയ ജെ ജെ പിക്ക് ഒരു സീറ്റില്‍ പോലും ലീഡ് നേടാന്‍ സാധിച്ചിട്ടില്ല. ജെ ജെ പി നേതാവ് ദുഷ്യന്ത് ചൗട്ടാല തന്റെ സിറ്റിങ് സീറ്റില്‍ ആറാം സ്ഥാനത്താണ്












Click it and Unblock the Notifications