ഹരിയാനയില്‍ പുതിയ മുഖമില്ല, നയാബ് സിംഗ് സെയ്‌നി തന്നെ മുഖ്യമന്ത്രിയാവും; കൈവിടാതെ ബിജെപി
ചണ്ഡീഗഡ്: ഹരിയാനയില്‍ ചരിത്ര വിജയം നേടിയതോടെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. നയാബ് സിംഗ് സെയ്‌നി തന്നെ ഹരിയാനയില്‍ മുഖ്യമന്ത്രിയായേക്കും. അദ്ദേഹത്തിന് ഒരിക്കല്‍ കൂടി അവസരം നല്‍കാനാണ് തീരുമാനമെന്ന് ബിജെപി നേതാക്കള്‍ എന്‍ഡിടിവിയോട് പറഞ്ഞു. സെയ്‌നിക്ക് വേണ്ട രീതിയിലുള്ള പ്രവര്‍ത്തന മികവില്ലെന്ന് വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.
ജാട്ട് വിഷയത്തില്‍ അടക്കം സെയ്‌നിക്ക് കൃത്യമായി ഇടപെടാന്‍ സാധിക്കാത്തത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്നും വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍ എല്ലാ പ്രവചനങ്ങളെയും കാറ്റില്‍ പറത്തിയാണ് വന്‍ വിജയം ബിജെപി ഹരിയാനയില്‍ നേടിയത്.

തുടര്‍ച്ചയായ മൂന്നാം തവണയാണ് ബിജെപി ഹരിയാനയില്‍ അധികാരത്തിലെത്തുന്നത്. അതിന്റെ എല്ലാ ക്രെഡിറ്റും സെയ്‌നിക്കാണ് നേതാക്കള്‍ നല്‍കുന്നത്. കോണ്‍ഗ്രസ് വളരെ പിന്നിലാണ്. അതേസമയം തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സെയ്‌നി തന്നെ മുഖ്യമന്ത്രി സ്ഥാനത്ത്തുടരുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയതാണ്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചാലും സെയ്‌നി മാറ്റുമെന്ന തരത്തില്‍ അഭ്യൂഹങ്ങളും ശക്തമായിരുന്നു.
വളരെ കുറച്ച് കാലം മാത്രമാണ് സെയ്‌നി മുഖ്യമന്ത്രി പദത്തിലുണ്ടായിരുന്നത്. അതോടൊപ്പം ജാതി സമവാക്യം കൂടി പരിഗണിച്ച് നയാബ് സിംഗ് സെയ്‌നിയെ മാറ്റാനുള്ള സാധ്യതയാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിച്ചിരുന്നത്.
സെയ്‌നി ഒബിസി വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. ഹരിയാന ജാട്ടുകള്‍ക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനമായതിനാല്‍ ഒരു ഒബിസി മുഖ്യമന്ത്രിയാക്കുന്നത് വെല്ലുവിളിയാണെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ വിവിധ ജാതി ഗ്രൂപ്പുകളെ ഒന്നിപ്പിച്ച് കൊണ്ടാണ് ബിജെപി ഹരിയാനയില്‍ ജയം നേടിയത്.
ജാട്ടുകളും കര്‍ഷകരും ബിജെപിയെ വന്‍ തോതില്‍ സഹായിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സെയ്‌നിയെ വീണ്ടും മുഖ്യമന്ത്രിയാക്കുന്നതില്‍ ബിജെപിക്ക് തടസ്സങ്ങളൊന്നും ഉണ്ടാവില്ല. സംസ്ഥാനത്തിന്റെ ജാതിസമവാക്യം തന്നെ ബിജെപി മാറ്റി മറിച്ചു എന്ന് പറയേണ്ടി വരും. എക്‌സിറ്റ് പോളുകളിലെല്ലാം കോണ്‍ഗ്രസ് ഹരിയാന പിടിക്കുമെന്നായിരുന്നു പ്രവചിച്ചിരുന്നത്.
തിരഞ്ഞെടുപ്പിന് 200 ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് നയാബ് സിംഗ് സെയ്‌നി മുഖ്യമന്ത്രി പദത്തിലെത്തിയത്. ഖട്ടാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതോടെയാണിത്. സഖ്യകക്ഷിയായ ജെജെപി ബിജെപിയെ കൈവിട്ടത് അടക്കമുള്ള നിരവധി പ്രശ്‌നങ്ങളാണ് സെയ്‌നിയുടെ 200 ദിവസത്തെ ഭരണത്തില്‍ ബിജെപി നേരിട്ടത്. ബിജെപി വളരെ തന്ത്രപൂര്‍വമായിരുന്നു മന്ത്രിസഭാ പുനസംഘടന നടത്തിയത്.
ഭരണവിരുദ്ധ വികാരമുള്ള സംസ്ഥാനങ്ങളില്‍ ബിജെപി ഈ തന്ത്രമാണ് പയറ്റാറുള്ളത്. ഖട്ടാറിനെ പകരം ലോക്‌സഭയിലേക്ക് മത്സരിപ്പിച്ച് കേന്ദ്ര മന്ത്രിയുമാക്കി. സെയ്‌നിക്ക് ഖട്ടാറിന്റെ പിന്തുണയുമുണ്ടായിരുന്നു. അതുകൊണ്ട് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലായിരുന്നു. ഈ തന്ത്രം വന്‍ വിജയമാവുകയും ചെയ്തു.












Click it and Unblock the Notifications