രാഹുല്‍ ഗാന്ധിക്ക് പെണ്ണന്വേഷിക്കണം, ഹരിയാനയിലെ വനിതകളോട് സോണിയയുടെ അഭ്യര്‍ത്ഥന, വൈറല്‍
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് പെണ്ണന്വേഷിക്കണം. സോണിയാ ഗാന്ധിയുടെ ഈ വാക്കുകള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. സംഭവം ഇങ്ങനെയാണ്. ഹരിയാനയില്‍ നിന്ന് ഒരു കൂട്ടം ഗ്രാമീണ യുവതികള്‍ സോണിയാ ഗാന്ധിയെ കാണാന്‍ ഡല്‍ഹിയിലെത്തിയിരുന്നു. ഇവരുമായി സംസാരിക്കവേയാണ് അതിലൊരാള്‍ രാഹുല്‍ ഗാന്ധിയുടെ വിവാഹത്തെ കുറിച്ച് ചോദിച്ചു. ഉടനെ തന്നെ സോണിയയുടെ വൈറല്‍ മറുപടിയെത്തുകയായിരുന്നു.
അവന് പറ്റിയൊരു പെണ്‍കുട്ടിയെ നിങ്ങള്‍ തന്നെ കണ്ടെത്തൂ എന്നായിരുന്നു സോണിയയുടെ മറുപടി. സോണിയയുടെ വസതിയായ 10 ജന്‍പഥിലാണ് ഇവര്‍ എത്തിയത്. തനിക്കും അമ്മയ്ക്കും, പ്രിയങ്കയ്ക്കും ഓര്‍മിച്ച് വെക്കാനുള്ള ദിവസം എന്ന് ചൂണ്ടിക്കാണിച്ചാണ് രാഹുല്‍ വനിതകളുടെ സന്ദര്‍ശനത്തിന്റെ വീഡിയോ പങ്കുവെച്ചത്. ഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റും, ഇന്ദിരാ ഗാന്ധി മ്യൂസിയവും സന്ദര്‍ശിച്ച ശേഷമാണ് വനിതകള്‍ സോണിയാ ഗാന്ധിയുടെ വീട്ടിലെത്തിയത്.

ഹരിയാനയില്‍ നിന്ന് കൊണ്ടുവന്ന ലസ്സിയും വനിതകള്‍ സോണിയാ ഗാന്ധിക്ക് നല്‍കി. ജൂലായ് എട്ടിന് രാഹുല്‍ ഗാന്ധി ഹരിയാനയിലെ സോണിപത്ത് ജില്ലയിലുള്ള മദീന ഗ്രാമം സന്ദര്‍ശിച്ചിരുന്നു. ഈ സമയം അവിടെയുള്ള സ്ത്രീകളോട് ഡല്‍ഹി സന്ദര്‍ശിക്കാനും, തനിക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാമെന്നും രാഹുല്‍ ഉറപ്പ് നല്‍കിയിരുന്നു. സോണിപത്തില്‍ നിന്നുള്ള കര്‍ഷക സഹോദരിമാരാണ് തന്നെ സന്ദര്‍ശിക്കാന്‍ വന്നത്. നാടന്‍ നെയ്യും, ലസ്സിയും, വീട്ടിലുണ്ടാക്കിയ അച്ചാറുമെല്ലാം അവര്‍ തന്നുവെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം വിവാഹം നടക്കുമെന്ന് രാഹുല്‍ വീഡിയോയില്‍ പറയുന്നുണ്ട്. തന്നേക്കാള്‍ കുറുമ്പനാണ് രാഹുല്‍ ഗാന്ധിയെന്ന് പ്രിയങ്ക ഗാന്ധി പറയുന്നുണ്ട്. പക്ഷേ വഴക്ക് തനിക്കാണ് കേട്ടിരുന്നതെന്നും പ്രിയങ്ക പറഞ്ഞു. ഈ വീഡിയോ വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ വൈറലായിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ അഞ്ച് ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്. ജനങ്ങളുടെ യഥാര്‍ത്ഥ നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് നിരവധി പേരാണ് കുറിച്ചത്.
2024ല്‍ തീര്‍ച്ചയായും രാഹുല്‍ വിജയിക്കുമെന്നും ഒരു യൂസര്‍ കുറിച്ചു. സ്ത്രീകളുടെ സന്ദര്‍ശനത്തിന്റെ മുഴുവന്‍ വീഡിയോ രാഹുല്‍ യുട്യൂബില്‍ പങ്കുവെച്ചിട്ടുണ്ട്.ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സോണിപത് ഗ്രാമം സന്ദര്‍ശിക്കാനുള്ള അവസരം ലഭിച്ചിരുന്നു. അവിടെ നിന്ന് കര്‍ഷകരില്‍ നിന്ന് വലിയ സ്‌നേഹമാണ് തനിക്ക് ലഭിച്ചത്. കര്‍ഷകരായ സ്ത്രീകള്‍ ഒരുപാട് സംസാരിച്ചു. അവരുടെ സ്‌നേഹമാണ് എടുത്ത് പറയേണ്ടതെന്നും രാഹുല്‍ കുറിച്ചു.
ഇതാണ് ഇന്ത്യ. വിദ്വേഷമില്ല, വിവേചനമില്ല, വെറും സ്‌നേഹവും, ആതിഥേയത്വവുമാണ് മാത്രമാണ് അവര്‍ക്ക് അറിയുന്നതെന്നും ഒരു യൂസര്‍ കമന്റ് ചെയ്തു. നേരത്തെ രാഹുലിന്റെ ഭാരത് ജോഡോ യാത്ര 12 സംസ്ഥാനങ്ങളിലൂടെ കടന്നുപോയിരുന്നു. 3500 കിലോമീറ്റര്‍ നീളുന്നതായിരുന്നു യാത്ര. ഇത് വമ്പന്‍ വിജയമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.












Click it and Unblock the Notifications