സിബിഐയ്ക്ക് കനത്ത തിരിച്ചടി; ഡികെ ശിവകുമാറിനെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിനെതിരെ അന്വേഷണം തുടരാനാകില്ല എന്ന് ഹൈക്കോടതി. ഇക്കാര്യം ആവശ്യപ്പെട്ട് സി ബി ഐയും ബി ജെ പി നേതാവ് ബസനഗൗഡ യത്‌നാലും സമര്‍പ്പിച്ച ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്. ശിവകുമാറിനെതിരെ സിബിഐ അന്വേഷണത്തിനുള്ള അനുമതി പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജികള്‍ സമര്‍പ്പിച്ചത്.
സിബിഐ ഹര്‍ജി ഹൈക്കോടതിയുടെ അധികാര പരിധിയില്‍ നിലനില്‍ക്കില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. സിബിഐയ്ക്ക് സുപ്രീം കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നിരുന്നാലും നിലവില്‍ ശിവകുമാറിനെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കഴിയില്ല. കേസ് നിലവില്‍ ലോകായുക്തയ്ക്ക് കൈമാറിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ലോകായുക്ത പാനലിന് മുമ്പാകെ ഡികെ ഹാജരായിരുന്നു.

2020 സെപ്റ്റംബറില്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച സിബിഐ അന്വേഷണത്തിനുള്ള അനുമതി കഴിഞ്ഞ വര്‍ഷം നവംബറില്‍ കോണ്‍ഗ്രസ് പിന്‍വലിച്ചിരുന്നു. 2013 മുതല്‍ 2018 വരെ ഡികെ ശിവകുമാര്‍ വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചു എന്നാണ് സിബിഐ കണ്ടെത്തല്‍. ഈ സമയം കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു അദ്ദേഹം. ഡിസംബറില്‍ കേസ് ലോകായുക്തയ്ക്ക് കൈമാറിയതോടെയാണ് തര്‍ക്കം രൂക്ഷമായത്.
തുടര്‍ന്ന് അന്വേഷണത്തിനുള്ള അനുമതി പിന്‍വലിച്ചതിനെ ചോദ്യം ചെയ്ത് സിബിഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, അഭിഷേക് മനു സിംഗ്വി എന്നിവരാണ് ശിവകുമാറിന് വേണ്ടി ഹാജരായത്.
സിദ്ധരാമയ്യയ്ക്കും ആശ്വാസം
മുഡ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ആശ്വാസം. മുഖ്യമന്ത്രിയെ പ്രോസികൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിയില്‍ ഹൈക്കോടതി അനുവദിച്ച ഇടക്കാല സ്‌റ്റേ തുടരണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, തന്റെ പ്രോസിക്യൂഷന് ഗവര്‍ണര്‍ അനുമതി നല്‍കിയതിനെ ചോദ്യം ചെയ്ത് സിദ്ധരാമയ്യ സമര്‍പ്പിച്ച റിട്ട് ഹര്‍ജി ഹൈക്കോടതി ശനിയാഴ്ച പരിഗണിക്കും. ശനിയാഴ്ച വരെയാണ് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്
ഗവര്‍ണര്‍ സംയമനം പാലിക്കണമായിരുന്നുവെന്ന് സിദ്ധരാമയ്യയെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി വാദിച്ചു. ഗവര്‍ണറുടെ പ്രോസിക്യൂഷന്‍ അനുമതി യുക്തിരഹിതമാണെന്നും പ്രായോഗികമല്ലാത്തതും സ്വാഭാവിക നീതി തത്വങ്ങളുടെ ലംഘനവുമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഗവര്‍ണര്‍ക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്.












Click it and Unblock the Notifications