35 കുക്കി വംശജരുടെ ശവസംസ്കാരം തടഞ്ഞ് ഹൈക്കോടതി; തൽസ്ഥിതി തുടരാൻ നിർദ്ദേശം
ഇംഫാൽ: മണിപ്പൂരിൽ 35 കുക്കി വിഭാഗക്കാരുടെ ശവസംസ്കാരം തടഞ്ഞ് മണിപ്പൂർ ഹൈക്കോടതി. സംസ്കാരവുമായി ബന്ധപ്പെട്ട് കുക്കി-മെയ്തേയ് വിഭാഗങ്ങൾ തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപെടൽ. പ്രദേശത്ത് തൽസ്ഥിതി തുടരുന്നുവെന്ന് ഉറപ്പാക്കാൻ മണിപ്പൂർ ഹൈക്കോടതി സംസ്ഥാന സർക്കാരിനോടും കേന്ദ്ര സർക്കാരിനോടും നിർദ്ദേശിച്ചു.
കുക്കി വിഭാഗക്കാർക്ക് മറ്റൊരു സ്ഥലത്ത് സംസ്കാരം നടത്താൻ സ്വാതന്ത്ര്യമുണ്ടെന്ന് ഹൈക്കോടി വ്യക്തമാക്കി. ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറത്തിനും (ഐടിഎൽഎഫ്) സംയുക്ത ജീവകാരുണ്യ സംഘടനകൾക്കും ഇത് സംബന്ധിച്ച് ഹൈക്കോടതി നോട്ടീസ് അയച്ചു. കേസ് ഓഗസ്റ്റ് 9 ന് വീണ്ടും പരിഗണിക്കും.

കലാപം തുടങ്ങിയ മെയ് 3 മുതൽ കൊല്ലപ്പെട്ട 35 പേരുടെ ശവസംസ്കാരം ഇന്ന് നടത്തുമെന്ന് കുക്കി സംഘടനയായ ഐ ടി എൽ എഫ് വ്യതക്തമാക്കിയിരുന്നു. ചുരചന്ദ്പൂർ ജില്ലയിലെ അതിർത്തി ഗ്രാമമായ ബൊൽജാങ്ങിൽ സംസ്കാരം നടത്താനായിരുന്നു തീരുമാനം. രാവിലെ 11 മണിക്ക് സംസ്കാരം നടത്തുമെന്നായിരുന്നു സംഘടന അറിയിച്ചത്. എന്നാൽ ഇതിനെതിരെ മെയ്തേയ് വിഭാഗം രംഗത്തെത്തുകയായിരുന്നു.
തങ്ങൾക്ക് ആധിപത്യമുള്ള സ്ഥലത്ത് സംസ്കാരം നടത്താൻ അനുവദിക്കില്ലെന്നായിരുന്ന മെയ്തേയ് വിഭാഗത്തിന്റെ ഭീഷണി. സ്വന്തം സ്ഥലത്തേക്ക് സംസ്കാര ചടങ്ങുകൾ മാറ്റിയില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും മെയ്തേയ് വിഭാത്തിന്റെ സംഘടനയായ കോ ഓർഡിനേറ്റിങ് കമ്മിറ്റി ഓൺ മണിപ്പുർ ഇന്റഗ്രിറ്റി (കൊകോമി) മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സംസ്കാര നടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും തങ്ങൾക്ക് സുരക്ഷ ഒരുക്കണമെന്നും ഐടിഎൽഎഫ് പറഞ്ഞിരുന്നു. ഇതിനിടയിലാണ് ഇപ്പോഴത്തെ കോടതി ഇടപടെൽ.
അതേസമയം ചടങ്ങുകൾ മാറ്റിവെയ്ക്കണമെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം തങ്ങളോട് അഭ്യർത്ഥിച്ചിരുന്നുവെന്ന് ഐടിഎൽഎഫ് വ്യക്തമാക്കി. 'ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ചെ 4 വരെ ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയവുമായി മാരത്തൺ ചർച്ച നടന്നിരുന്നു. അഞ്ച് ദിവസത്തേക്ക് ചടങ്ങുകൾ മാറ്റിവെയ്ക്കണമെന്നായിരുന്നു ഞങ്ങളോട് അഭ്യർത്ഥിച്ചത്. അഭ്യർത്ഥന മാനിച്ചാൽ അതേ സ്ഥലത്ത് തന്നെ സംസ്കരിക്കാൻ അനുവദിക്കുമെന്നും സർക്കാർ ഭൂമി ശ്മശാനമാക്കാൻ അനുവദിക്കുമെന്നുമാണ് ഉറപ്പ് ലഭിച്ചത്. മുഖ്യമന്ത്രിയും തങ്ങളോട് ഇക്കാര്യം അഭർത്ഥിച്ചിരുന്നു', ഐ ടി എൽ എഫ് പ്രസ്താവനയിൽ പറഞ്ഞു.
ആഭ്യന്തര മവ്ത്രാലയം ഇത് സംബന്ധിച്ച് രേഖാമൂലമുള്ള ഉറപ്പ് നൽകുമെന്നാണ് വ്യക്തമാക്കിയത്. എന്നാൽ അത് പാലിക്കപ്പെട്ടില്ലെങ്കിൽ നടപടികളുമായി മുന്നോട്ട് പോകുമെന്നും സംഘടന വ്യക്തമാക്കി.












Click it and Unblock the Notifications