കര്‍ണാടകയില്‍ ഇന്ന് മുസ്ലിം സംഘടനകളുടെ ബന്ദ്; എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചു
ബെംഗളൂരു: കര്‍ണാടകയില്‍ മുസ്ലിം സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദ് ഇന്ന്. കലാലയങ്ങളില്‍ ഹിജാബ് നിരോധിച്ച ഹൈക്കോടതി ഉത്തരവില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തത്. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ), ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ എന്നീ സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. രാവിലെ ആറിന് തുടങ്ങിയ ബന്ദ് വൈകീട്ട് ആറ് വരെയാണ്. ബലമായി കടകള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യില്ലെന്നണ് സംഘടനാ നേതാക്കള്‍ പറയുന്നത്. ഹൈക്കോടതി വിധി വ്യക്തിസ്വാതന്ത്ര്യത്തിന് എതിരാണെന്നാണ് എസ്ഡിപിഐ നേതാക്കളുടെ അഭിപ്രായം.
ഹിജാബ് നിരോധന വിധി വന്ന ശേഷം വിദ്യാലങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ വിദ്യാര്‍ഥിനികള്‍ പ്രതിഷേധിച്ച് ക്ലാസില്‍ കയറിയില്ല. മറ്റു ചില വിദ്യാര്‍ഥികള്‍ പരീക്ഷ ബഹിഷ്‌കരിക്കുകയും ചെയ്തു. എന്നാല്‍ ഹിജാബ് ഒഴിവാക്കി ഒട്ടേറെ കുട്ടികള്‍ ക്ലാസില്‍ കയറി. ചിക്കമംഗളൂരു, തുമകുരു, ഉഡുപ്പി, യദ്ഗീര്‍ തുടങ്ങിയ ജില്ലകളില്‍ ചിലയിടങ്ങില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉഡുപ്പി ഉള്‍പ്പെടെയുള്ള ജില്ലകളില്‍ സുരക്ഷ ശക്തമാക്കുകയും അധികമായി പോലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

അമീറെ ശരീയത്ത് ആണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ച് ചൊവ്വാഴ്ചയാണ് കര്‍ണാടക ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ഉഡുപ്പിയിലെ കോളജ് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി. ഹിജാബ് മുസ്ലിം സ്ത്രീകളുടെ അഭിവാജ്യഘടകമാണ് എന്ന് വിദ്യാര്‍ഥിനികള്‍ വാദിച്ചു. മറിച്ചുള്ള സര്‍ക്കാരിന്റെ അഭിപ്രായമാണ് ഹൈക്കോടതി അംഗീകരിച്ചത്. ഇതിനെതിരെ വിദ്യാര്‍ഥിനികള്‍ സുപ്രീംകോടതിയെ സമീപിച്ചു. അടിയന്തരമായി വാദം കേള്‍ക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തള്ളി. ഹോളി അവധിക്ക് ശേഷം കേസ് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എംഐഎം, മുസ്ലിം ലീഗ്, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ മുസ്ലിം സംഘടനകള്‍ വിധിക്കെതിരെയാണ് രംഗത്തുവന്നത്.
മുസ്ലിം സംഘടനകളുടെ കൂട്ടായ്മയുടെ അധ്യക്ഷന്‍ മൗലനാ സഗിര്‍ അഹമ്മദ് ഖാന്‍ റശാദിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. എല്ലാ മുസ്ലിങ്ങളും പ്രതിഷേധത്തില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അക്രമങ്ങളില്‍ ഏര്‍പ്പെടരുത്. കടകള്‍ ബലമായി അടപ്പിക്കരുത്. സമാധാനപരമായ പ്രതിഷേധമായിരിക്കണമെന്നും മൗലാന സഗിര്‍ അഹമ്മദ് ഖാന്‍ റശാദി പറഞ്ഞു. ഹൈക്കോടതി വിധിയെ ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ സ്വാഗതം ചെയ്തിരുന്നു. കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ വിധിയോട് യോജിച്ചിട്ടില്ല. സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.












Click it and Unblock the Notifications