ഹിജാബ് വിലക്കുമോ അനുവദിക്കുമോ? കര്‍ണാടക ഹൈക്കോടതി നാളെ വിധി പറയും
ബെംഗളൂരു: ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയ നടപടിയ്‌ക്കെതിരായ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതി നാളെ (മാര്‍ച്ച് 15, ചൊവ്വാഴ്ച) വിധി പറയും. നാളെ രാവിലെ 10.30നാണ് കര്‍ണാടക ഹൈക്കോടതിയുടെ വിധി പ്രഖ്യാപനമുണ്ടാകുക. 11 ദിവസത്തെ തുടര്‍ച്ചയായ വാദം കേട്ടതിന് ശേഷം ഫെബ്രുവരി 25 നാണ് ഹിജാബ് കേസില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരുന്നത്. ഹിജാബ് കേസിലെ അഭിഭാഷകരോട് ഫെബ്രുവരി 25 നകം വാദം അവസാനിപ്പിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ച് ഇതിന് ശേഷമുള്ള വാദങ്ങള്‍ രേഖാമൂലം മൂന്ന് ദിവസത്തിനകം ഹാജരാക്കാനും കക്ഷികളോട് ആവശ്യപ്പെട്ടിരുന്നു. കര്‍ണാടകയിലെ തീരദേശ പട്ടണമായ ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ-യൂണിവേഴ്സിറ്റി കോളേജ് മാനേജ്മെന്റ് ഹിജാബ് ധരിച്ചതിന് ആറ് മുസ്ലീം പെണ്‍കുട്ടികളെ ക്ലാസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയതിനെ തുടര്‍ന്ന് ജനുവരി 1 നാണ് ഹിജാബ് വിവാദം ആരംഭിച്ചത്.

ഇതിന് പിന്നാലെ ക്ലാസുകളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാല് ദിവസത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മായിരുന്നു ഇത്. അതുവരെ ശിരോവസ്ത്രം ധരിച്ചാണ് വിദ്യാര്‍ഥികള്‍ ക്യാമ്പസിലെത്തിയിരുന്നത്, എന്നാല്‍ അത് നീക്കം ചെയ്താണ് ക്ലാസ് മുറിയില്‍ കയറിയതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ രുദ്ര ഗൗഡ പറഞ്ഞു. കഴിഞ്ഞ 35 വര്‍ഷമായി ആരും ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കാത്തതിനാല്‍ സ്ഥാപനത്തിന് ഹിജാബ് ധരിക്കാന്‍ നിയമമൊന്നുമില്ല. ആവശ്യവുമായി എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ബാഹ്യശക്തികളുടെ പിന്തുണയുണ്ടായിരുന്നുവെന്നും രുദ്ര ഗൗഡ പറഞ്ഞു.

ഇതിനിടെ വിഷയം ആളിക്കത്തി. മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ചതിന് മറുപടിയായി, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് അനുവദിച്ചാല്‍ അവരുടെ മതപരമായ വസ്ത്രങ്ങളും ചിഹ്നങ്ങളും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വിദ്യാര്‍ത്ഥികള്‍ കാവി സ്‌കാര്‍ഫും കാവി പതാകയുമായി രംഗത്തെത്തി. ഇത് പിന്നാലെ സംസ്ഥാനത്തെ പല ഭാഗങ്ങളിലും വ്യാപിക്കുകയും ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. വിവാദം പിന്നീട് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തു.

ഇതിനിടെ വിവാദത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഹിജാബ് ധരിക്കുന്നത് ഇസ്ലാമില്‍ അനിവാര്യമല്ലെന്ന നിലപാടെടുത്തു. അതിനാല്‍ ഹിജാബ് ധരിക്കുന്നത് വിലക്കുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യം തടയല്‍ അല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിങ് നവദ്ഗിയാണ് കര്‍ണാടക സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. സമത്വത്തെയും രാജ്യത്തിന്റെ അഖണ്ഡതയേയും തകര്‍ക്കുന്ന വസ്ത്രങ്ങള്‍ നിരോധിച്ച ഫെബ്രുവരി 5 ലെ സര്‍ക്കാര്‍ ഉത്തരവില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും എ ജി കോടതിയില്‍ വാദിച്ചു.
Recommended Video

സര്‍ക്കാര്‍ ഉത്തരവ് നിയമാനുസൃതമാണെന്നും ഹിജാബ് ധരിക്കുന്നത് ഇസ്ലാമില്‍ അനിവാര്യമായ മതപരമായ ആചാരത്തില്‍ പെടുന്നില്ല എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം വാദിച്ചു. ക്ലാസ് മുറിയില്‍ ഹിജാബ് അനുവദിക്കണമോയെന്ന് കോളേജുകള്‍ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. മതപരമായ ആചാരങ്ങളില്‍ സര്‍ക്കാരിന് ഇടപെടാന്‍ താത്പര്യമില്ല. ഹിജാബ് മതേതരമല്ലെന്ന് ചൂണ്ടിക്കാട്ടി അനുവദിക്കാനാകില്ലെന്ന് സര്‍ക്കാരിന് നിലപാട് എടുക്കാമായിരുന്നു. ഹിജാബ് നിരോധനം മതസ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്ന ആര്‍ട്ടിക്കിള്‍ 25-ന്റെ ലംഘനമല്ലെന്നും എ ജി കോടതിയില്‍ പറഞ്ഞു. വിഷയം അന്താരാഷ്ട്ര തലത്തിലും വലിയ ചര്‍ച്ചയായിരുന്നു. ഇതിനിടെ ഹിജാബ് വിവാദത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.












Click it and Unblock the Notifications