ഹിജാബ് വിവാദം; ഹര്‍ജികള്‍ വിശാലബെഞ്ചിലേക്ക്, ഇടക്കാല ആശ്വാസം നല്‍കണമെന്ന് പരാതിക്കാര്‍
ബെംഗളൂരു: കര്‍ണാടകയിലെ ഹിജാബ് വിവാദം സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിശാല ബെഞ്ചിന് വിട്ടു. വിഷയം വിശാല ബെഞ്ചിന് പരിശോധിക്കേണ്ടത് ആവശ്യമാണെന്ന് ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് വിലയിരുത്തി. ഈ വിഷയത്തിന് വിശാല ബെഞ്ചിന്റെ പരിഗണന ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു. അയല്‍ സംസ്ഥാനങ്ങളിലെ ഹൈക്കോടതി വിധികളില്‍ നിന്നുള്ള കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്,' കോടതി പറഞ്ഞു.
വിഷയം വിശാല ബെഞ്ചിന് വിടുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇടക്കാല ഇളവ് അനുവദിക്കണമെന്ന് ഹര്‍ജിക്കാരില്‍ ഒരാള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെ കോടതിയോട് ആവശ്യപ്പെട്ടു. അവര്‍ക്ക് ഈ അധ്യയന വര്‍ഷത്തില്‍ ഇനി രണ്ട് മാസമേ ബാക്കിയുള്ളൂ. അവരെ ഒഴിവാക്കരുത്. ഒരു പെണ്‍കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടാതിരിക്കാനുള്ള വഴി നമ്മള്‍ കണ്ടെത്തണമെന്നും അദ്ദേഹം വാദിച്ചു. കോളേജ് വികസന സമിതിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സാജന്‍ പൂവയ്യ, റിട്ട് ഹര്‍ജികളില്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ജസ്റ്റിസ് ദീക്ഷിതിന്റെ പട്ടികയില്‍ പെടുന്നതാണെന്ന് വാദിച്ചു. അതിനാല്‍, കക്ഷികളുടെ വാദം കേട്ട ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.

അതേസമയം ഇടക്കാലാശ്വാസം അനുവദിക്കുന്നതിനെ അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിംഗ് നവദ്ഗി എതിര്‍ത്തു. ഹര്‍ജിക്കാരുടെ വാദം പൂര്‍ത്തിയായി ഇപ്പോള്‍, വാദിക്കേണ്ടത് സംസ്ഥാനത്തിനാണ്. എന്നിട്ട് കോടതി വിധി പറയണം. ഈ ഹര്‍ജികള്‍ തെറ്റിദ്ധാര മൂലമാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഓരോ സ്ഥാപനത്തിനും സ്വയംഭരണാവകാശം നല്‍കിയിട്ടുണ്ട്. സംസ്ഥാനം വിഷയത്തില്‍ ഒരു തീരുമാനം എടുക്കുന്നില്ല, എ ജി പറഞ്ഞു.
സൈറ ബാനോ കേസ് അനുസരിച്ച്, ഒരു മതഗ്രന്ഥം എന്തെങ്കിലും ചെയ്യാന്‍ അനുവദിക്കുന്നത് ആ മതത്തിന് അത്യന്താപേക്ഷിതമാണെന്ന് അര്‍ത്ഥമാക്കേണ്ടതില്ലെന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹദീസുകള്‍ എന്നത് ഒരു രണ്ടാമത്തെ സ്രോതസ്സ് മാത്രമാണെന്നും നിങ്ങള്‍ ആദ്യം ഖുര്‍ആനിലേക്ക് പോകണം, ഖുര്‍ആനില്‍ എന്തെങ്കിലും കണ്ടെത്തിയില്ലെങ്കില്‍, നിങ്ങള്‍ അവിടെ നിര്‍ത്തണമെന്നും എ ജി പറഞ്ഞു.
ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ-യൂണിവേഴ്സിറ്റി കോളേജ് മാനേജ്മെന്റ് ഹിജാബ് ധരിച്ചതിന് ആറ് മുസ്ലീം പെണ്‍കുട്ടികളെ ക്ലാസില്‍ നിന്ന് വിലക്കിയതാണ് സംഭവങ്ങളുടെ തുടക്കം. വിലക്കിനെതിരെ വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധിച്ചതോടെ കൂടുതല്‍ ഇടങ്ങളില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് അനുവദനീയമാണെങ്കില്‍ തങ്ങളുടെ മതപരമായ വസ്ത്രങ്ങളും ചിഹ്നങ്ങളും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വിദ്യാര്‍ത്ഥികള്‍ കാവി സ്‌കാര്‍ഫും കാവി പതാകയും ധരിച്ചെത്തിയതോടെ വിഷയം ആളിക്കത്തി.












Click it and Unblock the Notifications