അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രി; വെട്ടിലായി നേതൃത്വം
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കുന്നതിന് മുമ്പ് നിലപാട് പറഞ്ഞ് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിഖ് സുഖു. ഈ മാസം 22ന് നടക്കുന്ന പ്രാണ പ്രതിഷ്ഠ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്നും ക്ഷണിച്ചാലും ഇല്ലെങ്കിലും ചടങ്ങിനെത്തുമെന്നും ഹിമാചല്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
എല്ലാ നേതാക്കളെയും അയോധ്യയിലേക്ക് ക്ഷണിക്കുന്നില്ല. രാമക്ഷേത്ര ട്രസ്റ്റ് ആണ് അതിഥികളെ ക്ഷണിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ഉന്നത ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ സംബന്ധിക്കുന്ന ചടങ്ങിലേക്ക് കോണ്‍ഗ്രസില്‍ നിന്ന് രണ്ടു നേതാക്കള്‍ക്കാണ് ക്ഷണം ലഭിച്ചിട്ടുള്ളത്. സോണിയ ഗാന്ധിക്കും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും.

രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ സോണിയ ഗാന്ധിയോ ഖാര്‍ഗെയോ നിലപാട് വ്യക്തമാക്കിയിട്ടില്ല. പങ്കെടുക്കുമെന്നും ഇല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പങ്കെടുക്കരുത് എന്നാണ് കേരളത്തില്‍ നിന്നുള്ള ഒരുവിഭാഗം നേതാക്കള്‍ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ബിജെപിയുടെ കെണിയില്‍ വീഴില്ലെന്ന് കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതികരിച്ചിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യ സഖ്യത്തില്‍ നിന്ന് എല്ലാ നേതാക്കള്‍ക്കും ക്ഷണം ലഭിച്ചിട്ടില്ല. മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കില്ലെന്ന് നിലപാട് എടുത്തു എന്നാണ് വാര്‍ത്തകള്‍. സിപിഎം, സിപിഐ നേതാക്കളും പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യെച്ചൂരിക്കും ഡി രാജയ്ക്കും ക്ഷണമുണ്ടായിരുന്നു എങ്കിലും ഇരുവരും നിരസിച്ചു.
കോണ്‍ഗ്രസ് രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുത്താന്‍ പാര്‍ട്ടി കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നാണ് വിഎം സുധീരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതികരിച്ചത്. ഇക്കാര്യത്തില്‍ ഹൈക്കമാന്റ് തീരുമാനമെടുക്കുന്നതിന് മുമ്പ് വിവാദം സൃഷ്ടിക്കേണ്ടതില്ലെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. പങ്കെടുക്കരുത് എന്ന് കേരളത്തിലെ നേതാക്കള്‍ കെസി വേണുഗോപാലിനെ അറിയിച്ചിട്ടുണ്ടെന്ന് കെ മുരളീധരന്‍ പറഞ്ഞിരുന്നു.
വിവാദങ്ങള്‍ ശക്തമാകവെയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്ര ബിന്ദുവാണ് രാമന്‍ എന്ന് സുഖ്‌വീന്ദര്‍ സിങ് സുഖു പ്രതികരിച്ചു. രാമന്റെ പാതയാണ് നാം പിന്തുടരുന്നത്. ഇതുവരെ അയോധ്യയിലേക്ക് ക്ഷണം ലഭിച്ചിട്ടില്ല. ക്ഷണിച്ചില്ലെങ്കിലും പോകേണ്ടത് കടമയാണെന്നും ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications