
കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ കാത്തിരുന്ന നിമിഷം; വിജയത്തില്‍ പ്രതികരണവുമായി പ്രിയങ്ക
ന്യൂഡൽഹി: ഹിമചൽ പ്രദേശിലെ വിജയത്തിൽ കോൺഗ്രസ് നേതാക്കളോടും പാർട്ടി പ്രവർത്തകരോടും നന്ദി അറിയിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. എല്ലാവരുടെയും പ്രവർത്തനം ഫലം കണ്ടുവെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഹിമാചലിൽ ബിജെപി അടിച്ചമർത്തിക്കൊണ്ടാണ് കോൺഗ്രസിന്റെ വിജയം.
"ഇന്ത്യൻ നാഷണൽ കോൺഗ്രസിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതിന് ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി. ഇത് ജനങ്ങളുടെ ദൃഢനിശ്ചയത്തിന്റെയും അവരെ പുരോഗതിയിലേക്ക് നയിക്കുന്നതിനും വേണ്ടിയുള്ള വിജയമാണ്. കോൺഗ്രസ് പാർട്ടിയുടെ എല്ലാ പ്രവർത്തകർക്കും നേതാക്കൾക്കും ആശംസകൾ. നിങ്ങളുടെ കഠിനാധ്വാനം ഫലം കണ്ടു"- പ്രിയങ്കാ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
ഹിമാചലിലെ കോൺഗ്രസിന്റെ വിജയത്തിന് പിന്നിൽ പ്രിയങ്ക ഗാന്ധിയാണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഹിമാചലിൽ പ്രിയങ്ക മുന്നിൽ തന്നെ ഉണ്ടായിരുന്നു, ഹിമാചലിലെ നിരവധി റാലികൾക്ക് നേതൃത്വം നൽകിയായിരുന്നു പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ഹിമാചലിൽ പ്രിയങ്കാ ഗാന്ധി മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.
ഹിമാചൽ പ്രദേശിലെ ജനങ്ങൾ കോൺഗ്രസിനെ തെരെഞ്ഞെടുത്തു കഴിഞ്ഞാൽ ഒരു ലക്ഷം പേർക്ക് സർക്കാർ ജോലി നൽകുമെന്നായിരുന്നു പ്രിയങ്ക തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മുന്നോട്ട് വെച്ചത്.. അദ്യ മന്ത്രിസഭാ യോഗത്തിൽ പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്നും അവർ പ്രഖ്യാപിച്ചുരുന്നു. ഒപ്പം തന്നെ വനിതകൾക്ക് 1500 രൂപ മാസംതോറും സഹായം നൽകുമെന്നും സംസ്ഥാനത്ത് നിയന്ത്രിതമായി സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്നുമെല്ലാം വാഗ്ധാനങ്ങളുണ്ടായി. വിദ്യാഭ്യാസ മേഖലയിലും കർഷകരുടെ കാര്യത്തിലും പ്രിയങ്ക ഉറപ്പ് നൽകിയിരുന്നു..
സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ, 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, 680 കോടി രൂപയുടെ സ്റ്റാർട്ടപ്പ് ഫണ്ട്, ഒരു ലക്ഷം സർക്കാർ ജോലി, യുവാക്കൾക്ക് 5 ലക്ഷം തൊഴിൽ, ഓരോ നിയമസഭാ മണ്ഡലത്തിലും 4 വീതം ഇംഗ്ലിഷ് മീഡിയം സ്‌കൂൾ, മൊബൈൽ ചികിത്സാ ക്ലിനിക്കുകൾ, ഫാം ഉടമകൾക്ക് ഉൽപന്നങ്ങളുടെ വിലനിർണയാധികാരം തുടങ്ങിയ വാഗ്ദാനങ്ങളുും പ്രിയങ്ക മുന്നോട്ട് വച്ചിരുന്നു, ഇത് സ്ത്രീ വോട്ടർമാർക്കിടയില് വലിയ സ്വാധീനം ഉണ്ടാക്കി. വാഗ്ദാനങ്ങൾ ജനങ്ങളിലെത്തിക്കുന്ന കാര്യത്തിൽ തുടക്കം മുതൽ ശ്രദ്ധ പുലർത്തികൊണ്ട് താഴെത്തട്ടിൽ മികച്ച പ്രവർത്തനം നടത്താൻ പ്രിയങ്ക ശ്രദ്ധിച്ചു. ഇതും കോൺഗ്രസിന് ഗുണം ആയി.