Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്താണ് ഹിന്‍ഡന്‍ബർഗ് പറയുന്നത്? എന്തുകൊണ്ട് മാധബി പുരി ബുച്ച് സ്ഥാനം ഒഴിയണം? തോമസ് ഐസക് പറയുന്നു

ഹിൻഡൻബർഗ് റിപ്പോർട്ട് പ്രകാരം അദാനിയുടെ ഓഹരി വിലകൾ 85 ശതമാനം ഊതിവീർപ്പിച്ചവയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ കേരള ധനകാര്യ മന്ത്രിയുമായ തോമസ് ഐസക്. ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി തട്ടിപ്പ് പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച ട്രിഡന്റ് ട്രസ്റ്റിൽ മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും നിക്ഷേപം ഉണ്ടായിരുന്നു. മാധബി പുരി ബുച്ച് സെബിയുടെ ജോലി ഏറ്റെടുക്കും മുമ്പ് ഈ നിക്ഷേപങ്ങളുടെ അക്കൗണ്ട് ഭർത്താവിന്റ മാത്രം പേരിലാക്കിയെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു.

issac-hindunburg

സെബിയുടെ മേധാവി ആയിരിക്കെ പ്രത്യക്ഷത്തിൽ വിരുദ്ധ താല്പര്യങ്ങളുള്ള അദാനിയുമായി ബന്ധപ്പെട്ട കമ്പനിയുമായി ഇടപാട് നടത്തി. ഭർത്താവ് ജോലി ചെയ്യുന്ന ഓഹരി കമ്പനിക്ക് പ്രത്യേക സഹായം നൽകി. തുടങ്ങിയ ആക്ഷേപങ്ങളാണ് സെബി മേധാവിക്കെതിരെ ഹിൻഡൻബർഗ് ആരോപിച്ചിരിക്കുന്നത്. മാധബി പുരി ബുച്ച് ഇതെല്ലാം നിഷേധിച്ചെങ്കിലും അത് സ്വീകാര്യമല്ല. സ്ഥാനം ഒഴിയണം. പാർലമെന്റ് സംയുക്ത സമിതിയെക്കൊണ്ട് അദാനി ഓഹരി തിരിമറികളും സെബിയുടെ നിഷ്ക്രിയത്വവും അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആരോപിച്ചു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണം രൂപം ഇങ്ങനെ..

അദാനിയുടെ ഓഹരി തട്ടിപ്പ് കേസ് വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. ഒരു വർഷം മുമ്പ് ഹിൻഡൻബർഗ് കമ്പനി പുറത്തുവിട്ട അന്വേഷണാത്മക റിപ്പോർട്ട് സൃഷ്ടിച്ച കോളീളക്കത്തിൽ അദാനിയുടെ ഓഹരി വിലകൾ തകർന്നു. ഹിൻഡൻബർഗ് റിപ്പോർട്ട് പ്രകാരം അദാനിയുടെ ഓഹരി വിലകൾ 85 ശതമാനം ഊതിവീർപ്പിച്ചവയാണ്. എന്നാൽ വിലയിടിവ് 20-25 ശതമാനം ആയപ്പോഴേക്കും തകർച്ചയ്ക്ക് വിരാമമിടാൻ അദാനിക്ക് കഴിഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും എൽഐസിയും പിന്നെ ചില ഗൾഫ് ഫണ്ടുകളും നൽകിയ പിന്തുണയിൽ അദാനി ഗ്രൂപ്പ് തകർച്ചയിൽ നിന്ന് രക്ഷപ്പെട്ടു.

എങ്കിലും അദാനിയുടെ പേരിൽ ഗൗരവമായ ഓഹരി കൃത്രിമത്തിന്റെ ആക്ഷേപം നിലനിന്നു. നടപടി ആവശ്യപ്പെട്ടുകൊണ്ട് പൊതുതാല്പര്യ ഹർജി സുപ്രിംകോടതിയിൽ വന്നു. തങ്ങൾ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നു എന്നായിരുന്നു റെഗുലേറ്ററി ഏജൻസിയായ സെബിയുടെ നിലപാട്. അവരുടെ അന്വേഷണം പൂർത്തിയാകട്ടെയെന്നായി സുപ്രിംകോടതി. അന്വേഷണം അങ്ങനെ ഇഴഞ്ഞനീങ്ങിക്കൊണ്ടിരിക്കുകയാണ്. അദാനിയെ പിടിക്കാൻ സെബിക്ക് താല്പര്യമില്ലായെന്നു വ്യക്തം. തങ്ങളുടെ അന്വേഷണത്തിൽ ഇതുവരെ ഒന്നും കണ്ടെത്താനായില്ലായെന്നാണ് സെബിയുടെ നിലപാട്. അദാനിക്ക് നോട്ടീസ് നൽകുന്നതിനു പകരം ഹിൻഡൻബർഗിന് സെബി നോട്ടീസ് നൽകിയിരിക്കുകയാണ്.

ഈ പശ്ചാത്തലത്തിലാണ് ഹിൻഡൻബർഗിന്റെ പുതിയ അന്വേഷണാത്മക റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. സെബിയുടെ മേധാവി ശ്രീമതി. മാധബി പുരി ബുച്ചിനും ഭർത്താവിനും ഓഹരി വിലകൾ ഊതിവീർപ്പിക്കുന്നതിന് അദാനി ഉപയോഗിച്ച മൗറീഷ്യസിലെ ചില ഷെൽ കമ്പനികളുമായി ബന്ധമുണ്ടെന്നും അവിടെ നിക്ഷേപം ഉണ്ടെന്നുമാണ് ഹിൻഡൻബർഗിന്റെ ആക്ഷേപം. അന്വേഷണം പുരോഗമിച്ചാൽ ഈ കള്ളക്കള്ളി പുറത്തുവരും. അതുകൊണ്ടാണ് അദാനിക്കെതിരായ സെബി അന്വേഷണത്തെ മരവിപ്പിച്ചിരിക്കുന്നത് എന്നാണ് വ്യംഗ്യം.

മൗറീഷ്യസിലെ ഷെൽ കമ്പനികൾക്ക് അദാനിയുടെ ഓഹരി തിരിമറിയിലുള്ള പങ്ക് മനസിലാക്കുമ്പോഴേ റെഗുലേറ്ററായ മാധബി പുരി ബുച്ചിന്റെ ചെയ്തിയുടെ ഗൗരവം മനസിലാകൂ. കോവിഡ് കാലത്താണ് അദാനിയുടെ ഓഹരി വിലകൾ വിസ്മയകരമായ വേഗതയിൽ ഉയരാൻ തുടങ്ങിയത്. 2021-ൽ അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണിമൂല്യം 9.6 ലക്ഷം കോടി രൂപയായിരുന്നത് 2022-ൽ 18.13 ലക്ഷം കോടി രൂപയായി. ഈ കുതിപ്പിന് അദാനി ഗ്രൂപ്പിന്റെ വിറ്റുവരുമാനത്തിലോ ആദായത്തിലോ ഉണ്ടായ വർദ്ധനയുമായി യാതൊരു ബന്ധവും പ്രത്യക്ഷത്തിൽ കാണാനില്ല. അതുകൊണ്ട് ഇതൊരു പ്രഹേളികയായി തീർന്നു. ഇതിന്റെ രഹസ്യം ഹിൻഡൻബർഗ് റിപ്പോർട്ടാണ് പുറത്തുകൊണ്ടുവന്നത്. വിദേശത്തുള്ള ബിനാമി കമ്പനികളെ ഉപയോഗിച്ച് കൃത്രിമമായി വില ഉയർത്തിയതാണെന്നാണ് ഹിൻഡൻബർഗിന്റെ ആരോപണം.

കമ്പനി ലിസ്റ്റ് ചെയ്യണമെങ്കിൽ 25 ശതമാനം ഓഹരികളെങ്കിലും വിൽക്കണമെന്നാണു ചട്ടം. ഈ ഓഹരി പ്രമോട്ടർമാർ വാങ്ങാനും പാടില്ല. ഇതു മറികടക്കാൻ മൗറീഷ്യസിലും മറ്റും മറ്റു പേരുകളിൽ ഷെൽ കമ്പനികൾ രജിസ്റ്റർ ചെയ്തു. യഥാർത്ഥ ഉടമ അദാനിയുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആണ്. അതു വിദഗ്ദമായി മറച്ചുവച്ചു. ഈ കമ്പനികൾ വൻതോതിൽ അദാനിയുടെ ഓഹരികൾ വാങ്ങാൻ തുടങ്ങുന്നതോടെ വില കുതിച്ചുയർന്നു.

ഈ ഷെൽ കമ്പനികൾക്ക് ഇത്തരത്തിൽ നിക്ഷേപിക്കാൻ പണം എവിടെ നിന്നു ലഭിക്കും? നാട്ടിലെ അദാനിയുടെ കള്ളപ്പണം വിദേശത്ത് കൊണ്ടുപോയി ഈ കമ്പനികളിൽ നിക്ഷേപിക്കുന്നു. ഈ കമ്പനികൾ വിദേശ നിക്ഷേപമായി അദാനി ഓഹരികൾ വാങ്ങുന്നു. ഇപ്രകാരം കള്ളപ്പണം വെളുപ്പിക്കുന്നതിനെയാണ് റൗണ്ട് ട്രിപ്പിംഗ് എന്നു വിളിക്കുന്നത്.

എങ്ങനെയാണ് അദാനി കള്ളപ്പണം ഉണ്ടാക്കിയത്? ഇറക്കുമതി ഇൻവോയ്സുകൾ പെരുപ്പിച്ചു കാണിച്ചു. എന്നുവച്ചാൽ വില വളരെ ഉയർത്തിയാണ് ഇറക്കുമതി ചെയ്യുക. അദാനി വൈദ്യുതി യന്ത്രങ്ങൾ ഇറക്കുമതി ചെയ്തത് ഇത്തരത്തിൽ ഓവർഇൻവോയ്സ് ചെയ്താണ് എന്നതിന് തെളിവ് റിപ്പോർട്ടിലുണ്ട്. ഇറക്കുമതി ഓവർഇൻവോയ്സ് ചെയ്യുന്നതുപോലെതന്നെ കയറ്റുമതി അണ്ടർഇൻവോയ്സ് ചെയ്യാം. അതായത് കയറ്റുമതി ചെയ്യുന്ന സാധനങ്ങളുടെ വില താഴ്ത്തി കാണിക്കാം.

ഇത്തരത്തിൽ വില കുറച്ച് ഇറക്കുമതിയോ കയറ്റുമതിയോ ചെയ്യുമ്പോഴുണ്ടാകുന്ന വ്യാപാര തുകയിലെ വ്യത്യാസം അദാനി കമ്പനിക്ക് അർഹതപ്പെട്ടതാണ്. അവ ലഭ്യമാകുന്നതാകട്ടെ വിദേശത്തുമാണ്. ഇത് അദാനിയുടെ വിദേശത്തുള്ള ബിനാമി കമ്പനികൾക്കായി കൈമാറുന്നു.

ഈ കള്ളപ്പണം വിദേശത്തുള്ള ഷെൽ കമ്പനികൾ നിക്ഷേപമായി ഇന്ത്യയിലേക്ക് അയക്കുന്നു. ഓഹരികൾ വാങ്ങുന്നു. ചുരുക്കത്തിൽ 25 ശതമാനം ഓഹരികൾ പ്രൊമോട്ടർമാർ അല്ലാത്തവർക്ക് ആയിരിക്കണമെന്ന നിബന്ധന ഇതുവഴി കാറ്റിൽപ്പറത്തുന്നു. അദാനി നിശ്ചയിക്കുന്നതാണ് അദാനിയുടെ ഓഹരിവില!

എന്താണ് സെബി അധ്യക്ഷ ശ്രീമതി. മാധബി പുരി ബുച്ചിനെതിരെ ഹിൻഡൻബർഗ് ഇപ്പോൾ ഉന്നയിച്ചിരിക്കുന്ന ആക്ഷേപം?

ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി തട്ടിപ്പ് പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച ട്രിഡന്റ് ട്രസ്റ്റിൽ മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും നിക്ഷേപം ഉണ്ടായിരുന്നു. ശ്രീമതി. മാധബി പുരി ബുച്ച് സെബിയുടെ ജോലി ഏറ്റെടുക്കും മുമ്പ് ഈ നിക്ഷേപങ്ങളുടെ അക്കൗണ്ട് ഭർത്താവിന്റ മാത്രം പേരിലാക്കി. പക്ഷേ, അതിനുശേഷവും സ്വകാര്യ ഇ-മെയിലിലൂടെ മാധബി പുരി ബുച്ച് ഈ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് തുടർന്നു.

മാധബി പുരി ബുച്ച് സെബി അധ്യക്ഷയായിരിക്കുമ്പോൾ ഭർത്താവിന് ഓഹരി കച്ചവട സ്ഥാപനമായ ബ്ലാക്ക് സ്റ്റോൺ എന്ന കമ്പനിയിൽ ഉയർന്ന ഉദ്യോഗം ലഭിച്ചു. ഭർത്താവിന് ഇത്തരത്തിൽ ഓഹരി കമ്പോളത്തിലെ പ്രവർത്തനത്തിൽ ഒരു മുൻപരിചയവും ഉണ്ടായിരുന്നില്ലായെന്നുള്ളത് ഈ നിയമനത്തിനു തടസ്സമായില്ല. അദ്ദേഹം ബ്ലാക്ക് സ്റ്റോണിൽ ഉദ്യോഗസ്ഥനായിരിക്കുമ്പോൾ ഈ കമ്പനിയുടെ സഹായത്തോടെ REIT എന്ന കമ്പനി സെബിയുടെ ആശീർവാദത്തോടെ ഐപിഒ (initial public offer) ഇറക്കി. സെബി ഈ മേഖലയിലെ ചട്ടങ്ങൾ ഭേദഗതി ചെയ്തത് REIT-യ്ക്ക് ഗുണകരമായി. REIT തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഓഹരി നിക്ഷേപമാണെന്ന് മാധബി പുരി ബുച്ച് പരസ്യമായി പറയുകപോലും ചെയ്തു. ഇതിന്റെയെല്ലാം നേട്ടം ബ്ലാക്ക് സ്റ്റോണിന് ഉണ്ടായി.

സെബിയുടെ മേധാവി ആയിരിക്കെ പ്രത്യക്ഷത്തിൽ വിരുദ്ധ താല്പര്യങ്ങളുള്ള അദാനിയുമായി ബന്ധപ്പെട്ട കമ്പനിയുമായി ഇടപാട് നടത്തി. ഭർത്താവ് ജോലി ചെയ്യുന്ന ഓഹരി കമ്പനിക്ക് പ്രത്യേക സഹായം നൽകി. തുടങ്ങിയ ആക്ഷേപങ്ങളാണ് സെബി മേധാവിക്കെതിരെ ഹിൻഡൻബർഗ് ആരോപിച്ചിരിക്കുന്നത്.

ശ്രീമതി. മാധബി പുരി ബുച്ച് ഇതെല്ലാം നിഷേധിച്ചിട്ടുണ്ട്. അത് സ്വാഭാവികം. പക്ഷേ, സ്വീകാര്യമല്ല. സ്ഥാനം ഒഴിയണം. പാർലമെന്റ് സംയുക്ത സമിതിയെക്കൊണ്ട് അദാനി ഓഹരി തിരിമറികളും സെബിയുടെ നിഷ്ക്രിയത്വവും അന്വേഷിപ്പിക്കണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+