ജിതന്‍ റാം മാഞ്ചി ബിജെപി പാളയത്തിലേക്ക്; അമിത് ഷായുമായി കൂടിക്കാഴ്ച
പാട്‌ന: ബീഹാറിലെ മഹാഗത്ബന്ധന്‍ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച് എ എം) തലവന്‍ ജിതന്‍ റാം മാഞ്ചി. വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടിക്കാഴ്ച ഏകദേശം 45 മിനിറ്റോളം നീണ്ടുനിന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സഖ്യത്തിന് കീഴില്‍ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച മത്സരിക്കാനാണ് സാധ്യതയെന്ന് വൃത്തങ്ങള്‍ അറിയിച്ചു. കൂടിക്കാഴ്ചയില്‍ ജിതന്‍ റാം മാഞ്ചിയുടെ മകന്‍ സന്തോഷ് കുമാര്‍ സുമനും പങ്കെടുത്തു എന്നാണ് വിവരം. ജൂണ്‍ 13 ന് നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ നിന്ന് സന്തോഷ് കുമാര്‍ സുമന്‍ രാജി വെച്ചിരുന്നു. ജിതന്‍ റാം മാഞ്ചി ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറെ രാജ്ഭവനില്‍ സന്ദര്‍ശിച്ചിരുന്നു.

സര്‍ക്കാരിനുള്ള ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയുടെ നാല് എം എല്‍ എമാരുടെ പിന്തുണ പിന്‍വലിക്കാനുള്ള ഔദ്യോഗിക കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. മഹാഗത്ബന്ധന്‍ രൂപീകരണ വേളയില്‍ തന്റെ പാര്‍ട്ടി പിന്തുണ നല്‍കിയിരുന്നു എന്നും ഇപ്പോള്‍ തങ്ങള്‍ അത് പിന്‍വലിക്കുകയാണ് എന്നും ജിതന്‍ റാം മാഞ്ചി പറഞ്ഞു. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയെ ജെ ഡി യുവില്‍ ലയിപ്പിക്കാന്‍ നീക്കം നടക്കുന്നുവെന്നാരോപിച്ചാണ് സന്തോഷ കുമാര്‍ സുമന്‍ മന്ത്രി സ്ഥാനം രാജിവെച്ചത്.
ഇതിന് ശേഷമാണ് സര്‍ക്കാരിനുള്ള പിന്തുണ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച പിന്‍വലിച്ചത്. അതേസമയം എന്‍ ഡി എ സഖ്യം ശക്തിപ്പെടുത്താനും ബിഹാറിലെ മഹാഗത്ബന്ധനെ നേരിടാനുമുള്ള ശ്രമത്തില്‍ ബി ജെ പി ചെറുകിട സഖ്യ പങ്കാളികളെ തേടുകയാണ്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്താണ് ബി ജെ പിയും കരുനീക്കം എന്നാണ് അറിയുന്നത്.
ജെ ഡി യു, ആര്‍ ജെ ഡി, കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍ എന്നിവ ഉള്‍പ്പെടുന്ന മഹാഗത്ബന്ധന്‍ ബീഹാറില്‍ ബി ജെ പിക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അതേസമയം ജൂണ്‍ 23 ന് പ്രതിപക്ഷ മഹായോഗം നടക്കാനിരിക്കെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയുടെ എന്‍ ഡി യിലേക്കുള്ള ചേക്കേറല്‍ തിരിച്ചടിയാണ്. പാട്‌നയില്‍ നിതീഷ് കുമാറിന്റെ അധ്യക്ഷതയിലാണ് പ്രതിപക്ഷ യോഗം നടക്കാനിരിക്കുന്നത്.












Click it and Unblock the Notifications