സുരക്ഷാ വീഴ്ച്ച: ഭട്ടിന്‍ഡ എസ്എസ്പിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്ച്ചയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഭട്ടിന്‍ഡ സീനിയര്‍ എസ്പിയോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അടുത്ത ഒരു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. കേന്ദ്ര സര്‍ക്കാരും പഞ്ചാബ് സര്‍ക്കാരും തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിലേക്കാണ് വഴിമാറിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ യാത്രയ്ക്കിടെയുണ്ടായത് ഗുരുതരമായ സുരക്ഷാ വീഴ്ച്ചയാണെന്ന് കേന്ദ്ര ഡെപ്യൂട്ടി സെക്രട്ടറി അര്‍ച്ചന വര്‍മ പറഞ്ഞു. ഭട്ടിന്‍ഡ സീനിയര്‍ എസ്പിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് അതുകൊണ്ടാണ്. എന്തുകൊണ്ട് അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയെടുക്കാതിരിക്കണം എന്ന കാര്യത്തില്‍ മറുപടി നല്‍കണമെന്നാണ് പറഞ്ഞിരിക്കുന്നത്.

ഫിറോസ്പൂര്‍ എസ്എസ്പി മോദിയുടെ യാത്ര ഫ്‌ളൈ ഓവര്‍ വഴിയാണെന്ന് കര്‍ഷകരെ അറിയിച്ചിരുന്നു. ഇവരോട് വഴി മാറി കൊടുക്കാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ എസ്എസ്പി കള്ളം പറയുകയാണെന്ന് കരുതിയാണ് ഇവര്‍ ഇവിടെ പ്രതിഷേധിച്ചത്. കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രി 20 മിനുട്ടോളമാണ് ഫ്‌ളൈ ഓവറില്‍ കുടുങ്ങി കിടന്നത്. ഇതാണ് വലിയ രാഷ്ട്രീയ യുദ്ധത്തിലേക്ക് എത്തിയത്. കേസ് ഇന്ന് സുപ്രീം കോടതിയിലും എത്തിയിരുന്നു. പ്രധാനമന്ത്രിയുടെ യാത്രാ രേഖകള്‍ ശേഖരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് സുപ്രീം കോടതി. പഞ്ചാബ്-ഹരിയാന ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോടാണ് ഇക്കാര്യം സുപ്രീം കോടതി നിര്‍ദേശിച്ചത്.
എല്ലാ രേഖകളും സുരക്ഷിതമായി കൈവശം വെക്കണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചാബ് പോലീസിനോടും എസ്പിജിയോടും കേന്ദ്ര-സംസ്ഥാന ഏജന്‍സികളോടും സഹകരിക്കാനും ആവശ്യമായ സഹായം നല്‍കാനും കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. അതേസമയം പ്രധാനമന്ത്രിക്ക് ജീവന് അപകടമുണ്ടെന്ന് കാണിക്കാനുള്ള വെറും ഗിമ്മിക്ക് മാത്രമായിരുന്നു ആ സംഭവമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി പറഞ്ഞു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പട്ട സര്‍ക്കാരിനെ താഴെയിറക്കാനുള്ള നീക്കമാണ് കണ്ടതെന്നും ചന്നി തുറന്നടിച്ചു. പ്രധാനമന്ത്രി ഈ രാജ്യത്ത് ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന നേതാവാണ്. ആ നിലവാരത്തിലുള്ള ഒരു നേതാവ് ഒരിക്കലും ഇത്രയും വിലകുറഞ്ഞ നാടകങ്ങള്‍ കളിക്കരുതെന്നും ചന്നി പറഞ്ഞു.
മോദിയുടെ ജീവന് യാതൊരു ഭീഷണിയുമുണ്ടായിരുന്നില്ലെന്ന് ചന്നി അവകാശപ്പെട്ടു. അദ്ദേഹത്തിന് എന്തെങ്കിലും പറ്റുന്നതിന് മുമ്പ് ആദ്യ വെടിയുണ്ട ഞങ്ങളുടെ ദേഹത്ത് പതിക്കുമായിരുന്നുവെന്നും ചന്നി വ്യക്തമാക്കി. അതേസമയം മോദി വെറും പതിനഞ്ച് മിനുട്ട് മാത്രമാണ് കാത്തിരുന്നതെന്നും, കര്‍ഷകര്‍ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഒരു വര്‍ഷമാണ് പ്രക്ഷോഭം നടത്തിയതെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിദ്ദു പറഞ്ഞു. കര്‍ഷകര്‍ അത്രയും കാലം ക്യാമ്പ് ചെയ്തപ്പോള്‍ നിങ്ങളുടെ മാധ്യമങ്ങള്‍ ഒന്നും പറഞ്ഞില്ല. ഇപ്പോള്‍ ഈ ഇരട്ടത്താപ്പ്കാണിക്കുന്നത് എന്തിനാണെന്നും സിദ്ദു ചോദിച്ചു.












Click it and Unblock the Notifications