ബിജെപിയെ 2024ല്‍ എങ്ങനെ പരാജയപ്പെടുത്തും; ഫോര്‍മുല നിര്‍ദേശിച്ച് അഖിലേഷ്
ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലഷ് യാദവ്. അതിനായി ഒരു ഫോര്‍മുലയും അദ്ദേഹം വെളിപ്പെടുത്തി.
മൂന്ന് കാര്യങ്ങള്‍ ചേര്‍ന്നാല്‍ അത് സാധ്യമാകും. പിന്നോക്ക വിഭാഗങ്ങള്‍, ദളിതുകള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരടങ്ങിയ ഫോര്‍മുലയാണിത്.ഇവരെ ഏകീകരിച്ചാല്‍ എന്‍ഡിഎയെ പരാജയപ്പെടുത്താമെന്നും അഖിലേഷ് വ്യക്തമാക്കി.

അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇവരെല്ലാം ചേര്‍ന്ന് ബിജെപിയെ പരാജയപ്പെടുത്തുമെന്നും അഖിലേഷ് പറയുന്നു.
അതേസമയം വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിനൊപ്പം ചേരുമോ എന്ന ചോദ്യത്തിന് അഖിലേഷ് കൃത്യമായ ഉത്തരം നല്‍കിയില്ല. എന്നാല്‍ ഉത്തര്‍പ്രദേശില്‍ 80 സീറ്റിലും പരാജയപ്പെടുത്തല്‍, ബിജെപിയെ നീക്കം ചെയ്യൂ, തുടങ്ങിയ തിരഞ്ഞെടുപ്പ് സ്ലോഗനുകള്‍ ഉണ്ടാകുമെന്നും അഖിലേഷ് വ്യക്തമാക്കി.
ദേശീയ പാര്‍ട്ടികളിലെ വമ്പന്‍മാര്‍ ഞങ്ങളെ യുപിയില്‍ പിന്തുണച്ചാല്‍ 80 ലോക്‌സഭാ സീറ്റിലും ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്നും എസ്പി അധ്യക്ഷന്‍ പറഞ്ഞു. സീറ്റ് വിഭജനം എപ്പോഴും മനസ്സില്‍ ഉണ്ടാവണം. ഏതൊക്കെ സംസ്ഥാനത്ത്, ഏതൊക്കെ പാര്‍ട്ടികളാണ് ശക്തര്‍ എന്ന് മനസ്സിലാക്കിയാവണം മത്സരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
യുപിയില്‍ തങ്ങളുടെ പാര്‍ട്ടിയാണ് വലുതെന്ന സന്ദേശമാണ് അഖിലേഷ് യാദവ് നല്‍കുന്നത്. കോണ്‍ഗ്രസുമായും, ബിഎസ്പിയുമായും മുമ്പ് സഖ്യമുണ്ടാക്കിയപ്പോള്‍, ഏറ്റവും സത്യസന്ധരായ സഖ്യകക്ഷിയായിരുന്നു സമാജ് വാദി പാര്‍ട്ടി. എസ്പി നേതാക്കള്‍ ഒരിക്കല്‍ സീറ്റിന് വേണ്ടി തമ്മിലടി ഉണ്ടാക്കുന്നത് നിങ്ങള്‍ കേട്ടിരിക്കാന്‍ വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
യുപിയില്‍ വികസനം കൊണ്ടുവരുന്നതില്‍ യോഗി സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. ക്രമസമാധാന നില വളരെ മോശമായിരിക്കുകയാണെന്നും അഖിലേഷ് പറഞ്ഞു. യുപിയില്‍ പാര്‍ട്ടി ശക്തിപ്പെടുത്താനും, ബൂത്ത് മാനേജ്‌മെന്റിനുമാണ് എസ്പി പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയെ പരാജയപ്പെടുത്തുന്നതിന്റെ ഭാഗമായി ദ്വിദിന പാര്‍ട്ടി പരിശീലന ക്യാമ്പും എസ്പി ആരംഭിച്ചു. ബിജെപി എന്ന അസുരന്റെ തകര്‍ച്ച ഇതിലൂടെ ആരംഭിക്കുകയാണെന്നും എസ്പി ജനറല്‍ സെക്രട്ടറി രാംഗോപാല്‍ യാദവ് പറഞ്ഞു. 40 പ്രതിനിധികള്‍ക്ക് പ്രത്യേക പരിശീലനം എസ്പി നല്‍കുന്നുണ്ട്.
ഇവരായിരിക്കും പാര്‍ട്ടിയെ യുവാക്കളുമായി കൂടുതല്‍ ബന്ധിപ്പിക്കുക. ഓരോ ബൂത്തിലും പത്ത് പുതിയ പാര്‍ട്ടി പ്രവര്‍ത്തകരെ അധികമായി നിയമിച്ചിട്ടുണ്ട്. ഗ്രൗണ്ട് ലെവലില്‍ പാര്‍ട്ടിയെ കൂടുതല്‍ സജീവമാക്കി നിലനിര്‍ത്താനാണ് ഈ ശ്രമം. ബിജെപിയുടെ വിഭജന രാഷ്ട്രീയത്തെ കുറിച്ചും പ്രവര്‍ത്തകരെ എസ്പി ബോധ്യപ്പെടുത്തുന്നുണ്ട്.












Click it and Unblock the Notifications