കോൺഗ്രസിന് പഞ്ചാബിലും തിരിച്ചടി; നവജ്യോത് സിംഗ് സിദ്ധുവും ബിജെപിയിലേക്കെന്ന് സൂചന
ചണ്ഡീഗഡ്: ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ധുവും ബി ജെ പിയിലേക്കെന്ന അഭ്യൂഹം ശക്തം. സിദ്ദുവും മൂന്ന് കോൺഗ്രസ് എംഎൽ എമാരും ബി ജെ പി നേതൃത്വവുമായി ചർച്ചകൾ പൂർത്തിയാക്കിയതായാണ് സൂചനയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ മാസം തന്നെ പാർട്ടി മാറ്റം ഉണ്ടാകുമെന്നാണ് വിവരം. എംപി മനീഷ് തിവാരിയും ബി ജെ പിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങൾ ഉണ്ട്.
വ്യക്തിഗത റാലികളും സമാന്തര യോഗങ്ങളും നടത്തിയതിന് സിദ്ദുവിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന മുറവിളി കോൺഗ്രസിൽ ഉയരുന്നതിനിടെയാണ് അദ്ദേഹം ബി ജെ പിയിലേക്ക് ചേക്കേറാനൊരുങ്ങുന്നത്. അതിനിടെ ഇന്ന് പാട്യാലയിൽ സിദ്ധു പത്രസമ്മേളനം വിളിച്ച് ചേർത്തിട്ടുണ്ട്. കർഷക സമരത്തെ കുറിച്ച് ചർച്ച ചെയ്യാനാണ് പത്രസമ്മേളനം എന്നാണ് സിദ്ധു അറിയിച്ചിരിക്കുന്നത്.

പാർട്ടിയുമായി കൂടിയാലോചന നടത്താതെ സിദ്ധു കോൺഗ്രസ് യോഗങ്ങളും റാലികളും നടത്തിയതോടെയാണ് സിദ്ധുവിനെതരെ സംസ്ഥാന നേതാക്കൾ രംഗത്തെത്തിയത്. ഇതോടെ സിദ്ദു സ്വന്തം നിലയിൽ മുന്നോട്ടു പോവുകയാണെന്നും പാർട്ടി അച്ചടക്കം ലംഘിച്ചെന്നും കാണിച്ച് സംസ്ഥാന നേതൃത്വം ഹൈക്കമാന്റിന് പരാതി നൽകിയിട്ടുണ്ട്. അതേസമയം സിദ്ദു ബി ജെ പിയിലേക്ക് ചേക്കേറിയാൽ അത് കോൺഗ്രസിനുണ്ടാക്കുന്ന തിരിച്ചടി ചെറുതല്ല.
ഇതിനോടകം തന്നെ കോൺഗ്രസിലെ കരുത്തർ ഉൾപ്പെടെയുള്ളവർ ബി ജെ പിയിലേക്ക് ഒഴുകി തുടങ്ങിയിട്ടുണ്ട്. അശോക് ചവാൻ, മിലിന്ദ് ദിയോറ എന്നിവർ കോൺഗ്രസ് വിട്ട് എൻ ഡി എയുടെ ഭാഗമായി കഴിഞ്ഞു. ഉടൻ തന്നെ മുതിർന്ന നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽനാഥും മകൻ നകുലും ബി ജെ പിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. പാർട്ടി മാറ്റം സംബന്ധിച്ച് കമൽനാഥ് ബി ജെ പി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞുവെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. നകുലിന് ലോക്സഭ സീറ്റും മന്ത്രിസ്ഥാനവുമെല്ലാം ബി ജെ പി വാഗ്ദാനം ചെയ്തതായി വാർത്തകൾ ഉണ്ട്.
മധ്യപ്രദേശിൽ ഒഴിവുവന്ന രാജ്യസഭ സീറ്റിൽ നിന്നും തന്നെ മത്സരിപ്പിക്കണമെന്ന ആവശ്യം കമൽനാഥ് നേതൃത്വത്തിന് മുന്നിൽ വെച്ചിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ ഹൈക്കമാന്റ് തയ്യാറായില്ല. ഇതാണ് കമൽനാഥിനെ ചൊടിപ്പിച്ചത്. നകുൽ നാഥ് ഇതിനോടകം തന്റെ സോഷ്യൽ മീഡിയ ബയോയിൽ നിന്നും കോൺഗ്രസ് എന്നത് നീക്കം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications