സ്‌പൈസ്‌ജെറ്റിന് വീണ്ടും തിരിച്ചടി; കലാനിധി മാരന് 380 കോടി രൂപ നല്‍കണമെന്ന് കോടതി
ന്യൂഡല്‍ഹി: മുന്‍ പ്രൊമോട്ടര്‍മാരായ സണ്‍ ഗ്രൂപ്പിന്റെ കലാനിധി മാരന് സ്പൈസ്ജെറ്റ് 380 കോടി രൂപ നല്‍കണം എന്ന് ഡല്‍ഹി ഹൈക്കോടതി. നാലാഴ്ചക്കുള്ളില്‍ സ്‌പൈസ്‌ജെറ്റ് ആസ്തി സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കണം എന്നും ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് യോഗേഷ് ഖന്ന ഉത്തരവിട്ടു. ഓഹരി കൈമാറ്റ തര്‍ക്കത്തില്‍ സുപ്രീം കോടതി ശരി വെച്ച തീരുമാനം സ്‌പൈസ്‌ജെറ്റ് ലംഘിക്കുകയാണ് എന്ന് കാണിച്ച് കലാനിധി മാരന്‍ ഹൈക്കോടതിയെ ഡല്‍ഹി സമീപിക്കുകയായിരുന്നു.
ഇതിലാണ് ഹൈക്കോടതിയുടെ നടപടി. സുപ്രീം കോടതി പാസാക്കിയ ഉത്തരവില്‍ ഒരു ഭേദഗതിയും ഇല്ലെന്നും അതിനാല്‍ അത് പാലിക്കേണ്ടതുണ്ട് എന്നും ഹൈക്കോടതി പറഞ്ഞു. നേരത്തെ സ്പൈസ് ജെറ്റ് പ്രൊമോട്ടര്‍ അജയ് സിങ്ങിന്റെ ഓഹരി പങ്കാളിത്തം അറ്റാച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കലാനിധി മാരന്‍ 2020 ഒക്ടോബറില്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി സ്വീകരിച്ച ഹൈക്കോടതി തുക മൂന്നാഴ്ചക്കകം കെട്ടിവയ്ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

ഇത് പുനപരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് സ്‌പൈസ് ജെറ്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. സ്പൈസ് ജെറ്റിന്റെ 270 കോടി രൂപയുടെ ബാങ്ക് ഗാരന്റി ഉടന്‍ കാശാക്കി പണം കലാനിധി മാരന് നല്‍കണം എന്നായിരുന്നു സുപ്രീം കോടതി വിധി. കലാനിധി മാരനും അദ്ദേഹത്തിന്റെ കെ എ എല്‍ എയര്‍വേസിനുമുള്ള 578 കോടി രൂപയുടെ കുടിശ്ശികയിലേക്ക് ഈ തുക വകയിരുത്താം എന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.
പലിശ ഇനത്തില്‍ 75 കോടി രൂപ മൂന്ന് മാസത്തിനകം നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു. 75 കോടി രൂപ ഇതുവരെ നിക്ഷേപിച്ചിട്ടില്ലെന്നും പലിശ ബാധ്യത 362 കോടിയില്‍ നിന്ന് 380 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട് എന്നും കലാനിധി മാരന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് കണക്കിലെടുത്ത്, കുടിശ്ശികയുള്ള മുഴുവന്‍ തുകയും നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു. കേസ് അടുത്ത സെപ്തംബര്‍ അഞ്ചിന് പരിഗണിക്കും.
ഇക്കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ സ്‌പൈസ് ജെറ്റിന്റെ വരുമാനം നാലിരട്ടിയായി വര്‍ധിച്ച് 106.8 കോടി രൂപയില്‍ എത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ വിധി സ്‌പൈസ്‌ജെറ്റിന് കനത്ത തിരിച്ചടിയാണ്. 2017 ല്‍ ആണ് സ്പൈസ്‌ജെറ്റിനെതിരെ കലാനാധി മാരന്‍ കേസ് കൊടുക്കുന്നത്. തനിക്കും കെഎഎല്‍ എയര്‍വേയ്സിനും മുന്‍ഗണനാ ഓഹരികള്‍ നല്‍കുന്നതില്‍ സ്‌പൈസ്‌ജെറ്റ് പരാജയപ്പെട്ടു എന്നായിരുന്നു കലാനിധി മാരന്‍ ആരോപിച്ചത്.
നീണ്ട നിയമപോരാട്ടത്തിന് ശേഷം ഓഹരി കരാര്‍ തുകയായ 579.08 കോടി രൂപ സ്‌പൈസ്‌ജെറ്റ് നല്‍കിയിരുന്നു. എന്നാല്‍ പലിശ വിഹിതം തീര്‍പ്പാക്കിയില്ല. 2020 ഒക്ടോബറില്‍ പലിശ 242 കോടി രൂപയായിരുന്നു, 2023 ഫെബ്രുവരിയോടെ ഇത് 362 കോടി രൂപയായി. ഇതാണ് ഇപ്പോള്‍ 380 കോടി രൂപയില്‍ എത്തിയിരിക്കുന്നത്. അതേസമയം ഒത്തുതീര്‍പ്പിനായി കലാനിധി മാരനുമായും കെ എ എല്‍ എയര്‍വേയ്സുമായും ചര്‍ച്ച നടത്തിവരികയാണെന്ന് സ്പൈസ്‌ജെറ്റ് വക്താവ് പറഞ്ഞു.
മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിംഗ്, അഭിഭാഷകരായ നന്ദിനി ഗോര്‍, സോണിയ നിഗം, യാഷ് ദുബെ, യശ്വന്ത് ഗഗ്ഗര്‍, പ്രഭാസ് ബജാജ് എന്നിവര്‍ ആണ് കലാനിധി മാരനു വേണ്ടി ഹാജരായത്. സ്‌പൈസ് ജെറ്റിനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ സന്ദീപ് സേഥി, അഡ്വക്കേറ്റ് അഭിനവ് ശര്‍മ്മ എന്നിവരും ഹാജരായി. 2015-ലെ വില്‍പ്പന വാങ്ങല്‍ കരാറുമായി ബന്ധപ്പെട്ടതാണ് കലാനിധി മാരനും സ്പൈസ്ജെറ്റും തമ്മിലുള്ള ഓഹരി കൈമാറ്റ തര്‍ക്കം.












Click it and Unblock the Notifications