ദസറ റാലിക്ക് മുന്‍പ് അടി തെറ്റി താക്കറെ; ആദിത്യ താക്കറെയുടെ തട്ടകത്തിലെ 3000 പേര്‍ ഷിന്‍ഡെ ക്യാംപില്‍
മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയ്ക്ക് കനത്ത തിരിച്ചടി. ഉദ്ധവ് താക്കറെ വിഭാഗം സംഘടിപ്പിച്ച ദസറ റാലിക്ക് ദിവസങ്ങള്‍ക്ക് മുമ്പ് 3000 ശിവസേന അംഗങ്ങള്‍ ഏകനാഥ് ഷിന്‍ഡെ വിഭാഗത്തില്‍ ചേര്‍ന്നതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈയിലെ വോര്‍ലി ഏരിയയില്‍ നിന്നുള്ള 3000 ഓളം ശിവസേന അംഗങ്ങളാണ് ഞായറാഴ്ച ഏകനാഥ് ഷിന്‍ഡെയുടെ വിഭാഗത്തില്‍ ചേര്‍ന്നത്.
ദസറ റാലിക്ക് മുന്നോടിയായി അടുത്തിടെ ആണ് ഉദ്ധവ് താക്കറെ വിഭാഗം ബോംബെ ഹൈക്കോടതിയില്‍ നിന്ന് അനുമതി നേടിയിരുന്നത്. ഇതിന് പിന്നാലെ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത് ഉദ്ധവ് താക്കറെയ്ക്ക് കനത്ത തിരിച്ചടിയായി. മുംബൈയിലെ വോര്‍ലി ഏരിയയിലെ എം എല്‍ എയാണ് ആദിത്യ താക്കറെ എന്നതിനാല്‍ കൂറുമാറ്റം താക്കറെ വിഭാഗത്തിന് വലിയ തിരിച്ചടിയാണ്.

ഇക്കഴിഞ്ഞ ജൂണിലാണ് ശിവസേനയെ പിളര്‍ത്തി ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം മഹാ വികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കിയത്. പിന്നാലെ ബി ജെ പി പിന്തുണയോടെ ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകുകയായിരുന്നു. അന്ന് മുതല്‍ നിയമപരമായി ആരാണ് യഥാര്‍ത്ഥ ശിവസേന എന്നതിനെ ചൊല്ലി ഇരുപക്ഷവും തര്‍ക്കത്തിലാണ്.

അടുത്തിടെയാണ് പാര്‍ട്ടിയുടെ വാര്‍ഷിക ദസറ റാലിക്ക് ആതിഥേയത്വം വഹിക്കുന്നത് സംബന്ധിച്ച തര്‍ക്കം ഉടലെടുത്തത്. റാലി നടത്തുന്നതിനായി ഇരു വിഭാഗങ്ങളും ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന് (ബി എം സി) വെവ്വേറെ കത്ത് നല്‍കിയിരുന്നു. എന്നാല്‍, ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മുംബൈ പൗരസമിതി ഇരുവിഭാഗങ്ങള്‍ക്കും അനുമതി നിഷേധിക്കുകയും ചെയ്തു.

എന്നാല്‍ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അനുമതി നിഷേധിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഉദ്ധവ് താക്കറെ വിഭാഗം ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ബോംബെ ഹൈക്കോടതി ഒക്ടോബര്‍ 2 നും 6 നും ഇടയില്‍ റാലി നടത്താന്‍ ഉദ്ധവ് താക്കറെ വിഭാഗത്തിന് അനുമതിയും നല്‍കിയിരുന്നു. ഇതിനിടെ ആയിരക്കണക്കിന് പേര്‍ പാര്‍ട്ടി വിട്ടത് താക്കറെ വിഭാഗത്തിന് ക്ഷീണമാണ്.

കഴിഞ്ഞ ദിവസം ശിവസേന തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുക്കാം എന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുക്കുന്നതില്‍ നിന്ന് വിലക്കണം എന്ന് ഉദ്ധവ് താക്കറെ വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളിയായിരുന്നു കോടതി നടപടി.












Click it and Unblock the Notifications