'ക്ഷമിക്കണം ചേച്ചി, എനിക്ക് പോയെ മതിയാകൂ'; കോളേജ് വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽനിന്ന് ചാടിമരിച്ചു
ഹൈദരാബാദ്: വിശാഖപട്ടണത്ത് കോളേജിൽ ലൈംഗിക പീഡനത്തിന് ഇരയായി എന്ന് വീട്ടുകാരെ അറിയിച്ച് 17കാരിയായ വിദ്യാർത്ഥിനി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു. മരിക്കുന്നതിന് മുമ്പ് തനിക്ക് ഉണ്ടായ ദുരനുഭവം പെൺകുട്ടി വീട്ടുകാരെ അറിയിക്കുകയായിരുന്നു.
കോളേജിൽ താൻ ലൈംഗിക പീഡനത്തിന് ഇരയായെന്നും പീഡിപ്പിച്ചവർ ഫോട്ടോ എടുത്തുവെന്നും പെൺകുട്ടി അറിയിച്ചു. ചിത്രങ്ങൾ സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയത് കൊണ്ട് കോളേജ് അധികൃതർക്കോ പോലീസിനോ പരാതി നൽകാൻ കഴിയില്ലെന്നും പെൺകുട്ടി പറഞ്ഞിരുന്നു.

കോളേജിൽ മറ്റ് പെൺകുട്ടികളും ഇത്തരത്തിൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് സഹോദരിക്ക് പെൺകുട്ടി അയച്ച സന്ദേശത്തിൽ വ്യക്തമാക്കി. ക്ഷമിക്കണം ചേച്ചി, എനിക്ക് പോകണം, എന്ന് ചേച്ചിയെ അറിയിച്ച ശേഷമാണ് ആത്മഹത്യ ചെയ്തത്. വിശാഖപട്ടണത്തെ പോളിടെക്നിക്കിലാണ് ആന്ധ്രാ സ്വദേശിയായ പെൺകുട്ടി പഠിക്കുന്നത്.
പെൺകുട്ടിയെ കാണാനില്ലെന്ന് കോളേജിൽ നിന്ന് വ്യാഴാഴ്ച രാത്രി 10 മണിക്ക് വീട്ടിൽ വിളിച്ച് അറിയിച്ചിരുന്നു, ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതോടെയാണ് കുടുംബം പോലീസെ വിവരം അറിയിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 12.50 ന് വീട്ടുകാരെ ബന്ധപ്പെട്ട് ആരും വിഷമിക്കേണ്ടെന്നും എന്തുകൊണ്ടാണ് താൻ പോകുന്നത് എന്ന് പറയാൻ കഴിയില്ലെന്നും പറഞ്ഞാലും മനസ്സിലാകില്ല തന്നെക്കുറിച്ച് മറന്നേക്കൂ എന്നാണ് പറഞ്ഞത്.
തനിക്ക് ജന്മം നൽകിയതിന് അച്ഛനോടും അമ്മയോടും നന്ദിയുണ്ടെന്നും തന്റെ ജീവിതം അവസാനിക്കുകയാണ്. ക്ഷമിക്കണം ചേച്ചീ, നിങ്ങളെയെല്ലാം വിഷമിപ്പിച്ചതിന് , എനിത്ത് പോയേ മതിയാവൂ എന്നും പെൺകുട്ടി സന്ദേശത്തിൽ പറയുന്നു. പോലീസിൽ പരാതി നൽകിയതായി പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. മകൾ മരിച്ചത് എന്തിനാണ് എന്ന് അറിയണമെന്നും ഒരുപാട് സ്നേഹം നൽകിയാണ് മകളെ വളർത്തിയതെന്നും പത്താം ക്ലാസിൽ നല്ല മാർക്കുണ്ടായിരുന്നുവെന്നും മികച്ച വിദ്യാഭ്യാസം നൽകാനാണ് കോളേജിലേക്ക് അയച്ചതെന്നും പിതാവ് പറയുന്നു.
അതേ സമയം പെൺകുട്ടി കഴിഞ്ഞിരുനു്ന ഹോസ്റ്റലിലേക്ക് പുരുഷന്മാർക്ക് പ്രവേശനം ഇല്ലായിരുന്നു എന്നാണ് കോളേജ് പ്രിൻസിപ്പൽ പറഞ്ഞത്. സ്ത്രീ വാർഡന്മാരാണ് ഉള്ളത്. അത് കൊണ്ട് തന്നെ ലൈംഗിക പീഡനത്തിനുള്ള സാധ്യതയില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കോളേജിലെ മറ്റ് കുട്ടികളെ ചോദ്യം ചെയ്യുകയാണ്.












Click it and Unblock the Notifications