'ദ്രോഹിച്ചാല്‍ ഇന്ത്യ ആരെയും വെറുതെ വിടില്ല', ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്
ദില്ലി: ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ്. ദ്രോഹിച്ചാല്‍ ഇന്ത്യ ആരെയും വെറുതെ വിടില്ലെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. ചൈനീസ് അതിര്‍ത്തിയില്‍ സേവനം അനുഷ്ഠിക്കുന്ന സൈനികരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
ഇന്ത്യന്‍ പട്ടാളക്കാര്‍ എന്ത് ചെയ്തു എന്നത് സംബന്ധിച്ചും സര്‍ക്കാര്‍ എന്തൊക്കെ തീരുമാനങ്ങളെടുത്തു എന്നതിനെ കുറിച്ചും തനിക്ക് പരസ്യമായി പറയാന്‍ സാധിക്കില്ല. എന്നാല്‍ ദ്രോഹിച്ചാല്‍ ഇന്ത്യ ആരെയും വെറുതെ വിടില്ല എന്ന ശക്തമായ സന്ദേശം ചൈനയ്ക്ക് നല്‍കാനായി എന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഒരു ശക്തമായ രാജ്യമായി മാറിയിരിക്കുകയാണ്. ലോകത്തിലെ മൂന്ന് വന്‍ സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ മാറുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഇന്ത്യയുടെ പ്രതിച്ഛായ മാറിയിരിക്കുകയാണ്. ഇന്ത്യയുടെ അഭിമാനം ഉയര്‍ന്നിരിക്കുന്നു. വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുളളില്‍ ഇന്ത്യ ലോകത്തെ മൂന്ന് വലിയ സാമ്പത്തിക ശക്തികളില്‍ ഒന്നായി മാറുന്നതില്‍ നിന്ന് ആര്‍ക്കും തടയാന്‍ സാധിക്കില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്ത്യയ്ക്ക് ഒരു രാജ്യവുമായി നല്ല ബന്ധമുണ്ട് എന്ന് കരുതി മറ്റൊരു രാജ്യവുമായുളള ബന്ധം തകരാറിലാക്കണം എന്നില്ല എന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. റഷ്യയുമായുളള ഇന്ത്യയുടെ ബന്ധം സംബന്ധിച്ചുളള അമേരിക്കന്‍ നിലപാടിനോടിന്റെ പശ്ചാത്തലത്തിലാണ് രാജ്‌നാഥ് സിംഗിന്റെ ഈ പ്രതികരണം. ഇന്ത്യ-യുഎസ് മന്ത്രിതല ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് രാജ്‌നാഥ് സിംഗിന്റെ അമേരിക്കന്‍ സന്ദര്‍ശനം.
ഇന്ത്യയും ചൈനയും തമ്മിലുളള അതിര്‍ത്തി സംഘര്‍ഷത്തിന് തുടക്കമിട്ടത് 2020 മെയ് 5ന് ആണ്. പാംഗോഗ് തടാകത്തിന് സമീപത്ത് ഇരുരാജ്യങ്ങളുടേയും സൈനികര്‍ തമ്മില്‍ വലിയ ഏറ്റുമുട്ടലാണ് നടന്നത്. ജൂണ്‍ 15ന് ഗല്‍വാന്‍ താഴ്വരയില്‍ വെച്ച് വീണ്ടും ഏറ്റുമുട്ടലുണ്ടായതോടെ ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം കൂടുതല്‍ വഷളായി. സംഘര്‍ഷങ്ങളില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്കും നിരവധി ചൈനീസ് സൈനികര്‍ക്കും ജീവന്‍ നഷ്ടമായി. പ്രശ്‌നപരിഹാരത്തിനായി ഇന്ത്യയും ചൈനയും തമ്മില്‍ ഇതിനകം സൈനിക തലത്തില്‍ 15 വട്ടം ചര്‍ച്ച നടത്തിക്കഴിഞ്ഞു. ചര്‍ച്ചകളുടെ ഫലമായി പാംഗോഗ് തടാകത്തിന്റെ വടക്ക്-തെക്ക് ഭാഗങ്ങളില്‍ നിന്നും ഗോഗ്ര മേഖലയില്‍ നിന്നും ഇരു രാജ്യങ്ങളും പൂര്‍ണമായ സൈനിക പിന്മാറ്റം കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കി.












Click it and Unblock the Notifications