നരേഷ് പട്ടേൽ കോൺഗ്രസിലേക്ക്? ഗുജറാത്തിൽ ഭരണം പിടിക്കാൻ കോൺഗ്രസിന്റെ നിർണായക നീക്കം
ദില്ലി; ഈ വർഷം അവസാനമാണ് ഗുജറാത്തിൽ നിയമസഭ തിരഞ്ഞെടുപ്പ്. പഞ്ചാബ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നേരിട്ട കനത്ത തിരിച്ചടിയിൽ നിന്നും പാഠം ഉൾക്കൊണ്ട് ഗുജറാത്തിൽ ഇക്കുറി അട്ടിമറി ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. ഇതിനായി ശക്തരെ തന്നെ പാർട്ടിയിൽ അണിനിരത്താനാണ് നേതൃത്വത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രബല വിഭാഗമായ പാട്ടീദാർ സമുദായത്തിലെ പ്രമുഖനായ നരേഷ് പട്ടേലിനെ പാർട്ടിയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് ആരംഭിച്ച് കഴിഞ്ഞു.

രാജ്കോട്ടിൽ നിന്നുള്ള വ്യവസായിയാണ് 56 കാരനായ നരേഷ്. പാട്ടീധാർ സമുദായത്തിലെ ലേവ വിഭാഗത്തിൽ നിന്നുള്ള നേതാവ് കൂടിയാണ് അദ്ദേഹം. രാജ്‌കോട്ടിനടുത്തുള്ള കഗ്‌വാദിൽ സ്ഥിതി ചെയ്യുന്ന മാ ഖോഡിയാർ ക്ഷേത്രം നിയന്ത്രിക്കുന്ന ഖോദൽധാം ട്രസ്റ്റിന്റെ (എസ്‌കെടി) പ്രസിഡന്റ് കൂടിയാണ് നരേഷ്, സമുദായത്തിനിടയിൽ ശക്തമായ സ്വാധീനമുള്ള നേതാവ്. സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ട് 2015ൽ പാട്ടിദാർ അനാമത് ആന്ദോളൻ സമിതി (പിഎഎഎസ്) സംസ്ഥാനവ്യാപകമായി പ്രക്ഷോഭം ആരംഭിച്ചപ്പോൾ പിഎഎഎസിനും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെൻ പട്ടേലിനും ഇടയിൽ നരേഷ് പട്ടേലായിരുന്നു പ്രധാന മധ്യസ്ഥൻ.

കഴിഞ്ഞ വർഷം ഉൻജായിലെ ഉമിയ ധാമിൽ രണ്ട് പാട്ടിദാർ വിഭാഗങ്ങളായ ലുവ പട്ടേലുകളുടെയും കടവ പട്ടേലുകളുടെയും യോഗം സംഘടിപ്പിക്കുന്നതിന് പട്ടേൽ നേതൃത്വം നൽകിയിരുന്നു.ഉമിയ മാതാജി സൻസ്ഥാൻ പ്രസിഡന്റ് മണിഭായ് പട്ടേലും യോഗത്തിൽ പങ്കെടുത്തിരുന്നു. വടക്കൻ ഗുജറാത്തിൽ സ്വാധീനമുള്ള വിഭാഗമാണ് കടവ പാട്ടീർദാർ വിഭാഗം.പാട്ടിദാർ സമുദായത്തിന്റെ രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ വികസനം ചർച്ച ചെയ്യുന്നതിനായി ഇരു വിഭാഗങ്ങളെയും ഒരു പൊതുവേദിയിൽ കൊണ്ടുവരാനുള്ള ആദ്യ ശ്രമമായിരുന്നു കൂടിക്കാഴ്ച.തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്കുള്ള മുന്നറിയിപ്പായാണ് ഈ കൂടിക്കാഴ്ചയെ പലരും കണ്ടത്. എന്നാൽ അന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്കായിരുന്നു മുന്നേറ്റം.

നിലവിൽ ഗുജറാത്തിലെ 182 നിയമസഭാ മണ്ഡലങ്ങളിൽ 35 എണ്ണത്തിൽ ശക്തമായ സ്വാധീനമുള്ള വിഭാഗമാണ് ലേവ പട്ടേൽ വിഭാഗങ്ങൾ. പ്രധാനമായും സൗരാഷ്ട്ര മേഖല, അഹമ്മദാബാദ്, സൂറത്ത് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ ഇവർക്ക് സാധിക്കും. അതുകൊണ്ട് തന്നെ നരേഷ് പാർട്ടിയിൽ എത്തിയാൽ കോൺഗ്രസിന് സംസ്ഥാത്ത് അധികാരം പിടിക്കാൻ സാധിക്കുമെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നുണ്ട്.

നരേഷ് പട്ടേൽ സമുദായത്തിനിടയിലെ ഉയർന്ന നേതാവാണ്. അദ്ദേഹത്തെ പാർട്ടിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം. അദ്ദേഹം കോൺഗ്രസിൽ ചേർന്നാൽ പാർട്ടി ശക്തമാകും. നരേഷ് പട്ടേലിന്റെ പാർട്ടി പ്രവേശനത്തോടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കും, കോൺഗ്രസ് നേതാവ് ശുക്രം രത്വ പറഞ്ഞു. അതേസയം നരേഷിനെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുമോയെന്ന ചോദ്യത്തിന് അത് ഹൈക്കമാന്റ് ആണ് തിരുമാനിക്കുകയെന്നായിരുന്നു രത്വയുടെ പ്രതികരണം.

എന്തായാലും നരേഷിനെ പാർട്ടിയിൽ എത്തിക്കാനുള്ള നീക്കങ്ങൾ ബി ജെ പിയും ആം ആദ്മി പാർട്ടിയും ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന. നരേഷ് ഇതുവരെ തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് മനസ് തുറന്നിട്ടില്ല. ഏതെങ്കിലും പാർട്ടികളെ പിന്തുണയ്ക്കാനുള്ള തിരുമാനം തിരഞ്ഞെടുപ്പിൽ വലിയ അട്ടിമറിക്ക് കാരണമായേക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

സംസ്ഥാനത്ത് ആകെയുള്ള 182 മണ്ഡലങ്ങളിൽ 80 സീറ്റുകളിൽ ഒ ബി സി വിഭാഗത്തിനാണ് സ്വാധീനം. 27 സീറ്റുകളിൽ ആദിവാസി വിഭാഗത്തിനും. 12 ശതമാനമാണ് പട്ടേൽ വിഭാഗത്തിന്റെ സ്വാധീനം. അതായത് 60 ഓളം സീറ്റുകളിൽ ഇവർ നിർണായക ശക്തിയാണ്. നിലവിൽ പട്ടേൽ സമുദായത്തിന്റെ വോട്ട് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 2019 ൽ പാർട്ടിയിൽ എത്തിയ ഹാർദിക്ക് പട്ടേലിനെ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ആയി നേതൃത്വം നിയമിച്ചിട്ടുണ്ട്.












Click it and Unblock the Notifications