വിചിത്ര രാഷ്ട്രീയം; കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ വോട്ട് ചെയ്തത് നോട്ടയ്ക്ക്, ചരിത്രം കുറിക്കുമോ?
ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസുകാര്‍ വോട്ട് രേഖപ്പെടുത്തിയത് നോട്ട ബട്ടനിലാണ്. ജനാധിപത്യം തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് എതിരായി എല്ലാവരും നോട്ടയ്ക്ക് വോട്ട് ചെയ്യണമെന്നായിരുന്നു മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രചാരണം. ഇന്ന് ഇന്‍ഡോറില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.
ആദ്യമായിട്ടാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാന പാര്‍ട്ടി നോട്ടയ്ക്ക് വേണ്ടി വോട്ട് ചോദിക്കുന്നത്. ഇന്‍ഡോറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അക്ഷയ് കാന്തി ബാം ആയിരുന്നു. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനമായ ഏപ്രില്‍ 29ന് അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളുമായി ആലോചിക്കാതെ പിന്മാറി. ശേഷം ബിജെപിയില്‍ ചേരുകയും ചെയ്തു. കോണ്‍ഗ്രസ് കോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല.

സ്ഥാനാര്‍ഥി പിന്മാറിയ സാഹചര്യത്തില്‍ ബദല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ അവസരം തരണം എന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചത്. പക്ഷേ, ഹര്‍ജി കോടതി തള്ളിയതോടെ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയില്ലാതായി. തുടര്‍ന്നാണ് നോട്ട ബട്ടനില്‍ വോട്ട് ചെയ്യാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. മണ്ഡലത്തില്‍ വ്യാപകമായ പ്രചാരണവും നടത്തി.
ഗുജറാത്തിലെ സൂറത്തിലും സമാനമായ രീതിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്മാറിയിരുന്നു. അവിടെ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ജനാധിപത്യത്തെ സംരക്ഷിക്കാനും ധാര്‍മിക വിജയത്തിനും ബിജെപിയെ പരാജയപ്പെടുത്തണമെന്നും എല്ലാവരും നോട്ടയ്ക്ക് വോട്ട് ചെയ്യണമെന്നും കോണ്‍ഗ്രസ് പ്രചാരണം നടത്ത്ി. കോണ്‍ഗ്രസ് പ്രചാരണം ഏറ്റെടുത്ത് നോട്ട ജയിച്ചാല്‍ എന്ത് സംഭവിക്കും. നിയമം പറയുന്നത് എന്താണ് എന്ന് പരിശോധിക്കാം.
നോട്ടയ്ക്ക് കൂടുതല്‍ വോട്ട് കിട്ടിയാല്‍
നോട്ട കൂടുതല്‍ വോട്ട് നേടിയാല്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് ആര് പാര്‍ലമെന്റിലെത്തും? വീണ്ടും തിരഞ്ഞെടുപ്പ് നടത്തുമോ?... തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരുണ്ട്. നോട്ടയ്ക്ക് കൂടുതല്‍ വോട്ട് ലഭിച്ചാല്‍, രണ്ടാം സ്ഥാനത്തുള്ള വ്യക്തിയെ വിജയിയായി പ്രഖ്യാപിക്കുമെന്നാണ് നിയമം പറയുന്നത്. ഇന്‍ഡോര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ നോട്ട ജയിച്ചാലും രണ്ടാം സ്ഥാനത്തുള്ള ബിജെപി സ്ഥാനാര്‍ഥി ശങ്കര്‍ ലാല്‍വാനി എംപിയാകുമെന്ന് ചുരുക്കം.
ഇന്‍ഡോറില്‍ നിന്നുള്ള സിറ്റിങ് എംപിയാണ് ശങ്കര്‍ ലാല്‍വാനി. 2019ല്‍ 5.4 ലക്ഷത്തിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം തിരഞ്ഞടുക്കപ്പെട്ടത്. ഇത്തവണയും ബിജെപി തന്നെ ജയിക്കുമെന്നാണ് വിലയിരുത്തല്‍. എങ്കിലും ഈസി വാക്കോവര്‍ വേണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നു. ശക്തമായ മല്‍സരം കാഴ്ചവയ്ക്കണമെന്നും കോണ്‍ഗ്രസ് തീരുമാനിച്ചു. മൗന ജാഥ, പോസ്റ്റര്‍-വാഹന പ്രചാരണം തുടങ്ങിയ രീതിയാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.
ബിജെപി കള്ളന്മാരുടെ പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. സ്ഥാനാര്‍ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയാണ് ചെയ്തത്. അവര്‍ക്ക് ശക്തമായ മറുപടി നല്‍കണമെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിത്തു പട്‌വാരി ആവശ്യപ്പെട്ടു. ജനാധിപത്യത്തെ ക്ഷയിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഡി ശര്‍മ കുറ്റപ്പെടുത്തി. തന്റെ 35 വര്‍ഷത്തെ രാഷ്ട്രീയത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു തിരഞ്ഞെടുപ്പ് എന്ന് മുന്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ പ്രതികരിച്ചു.












Click it and Unblock the Notifications