ഭക്ഷണമാണെന്ന് കരുതി സ്‌ഫോടക വസ്തു കഴിച്ചു, തമിഴ്‌നാട്ടില്‍ ആറ് വയസുകാരന് ദാരുണാന്ത്യം
ചെന്നൈ: ഭക്ഷണപദാര്‍ത്ഥമാണെന്ന് കരുതി നാടന്‍ സ്‌ഫോടക വസ്തു കഴിക്കാന്‍ ശ്രമിച്ച ആറ് വയസുകാരന്‍ മരിച്ചു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ അളഗരൈ എന്ന ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. മത്സ്യബന്ധനത്തിനായി വാങ്ങിയ നാടന്‍ സ്‌ഫോടക വസ്തുക്കള്‍ കടിച്ചാണ് കുട്ടി മരിച്ചത്. സംഭവത്തെ തുടര്‍ന്ന് മൂന്ന് പേരെ പൊലീസ് തിരയുകയാണ്.

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെയാണ്, മരണപ്പെട്ട ആറ് വയസുകാരന്റെ പിതാവ് ഭൂപതിയുടെ സുഹൃത്തുക്കളായ മൂന്ന് പേരാണ് സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയത്. കാവേരി നദിക്കരയില്‍ നിന്നും മത്സ്യബന്ധത്തിന് വേണ്ടിയായിരുന്നു ഇത് വാങ്ങിച്ചത്. വാങ്ങിയ മൂന്നെണ്ണത്തില്‍ രണ്ടെണ്ണം ഉപയോഗിച്ച് ഒന്ന് ഭൂപതിയുടെ വിട്ടില്‍ കൊണ്ടുപോയി വച്ചു. വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന മകന്‍ ഇത് ഭക്ഷണപതാര്‍ത്ഥമാണെന്ന് തെറ്റിദ്ധരിച്ച് കഴിക്കാന്‍ ശ്രമിച്ചു. ഇതോടെ സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. വായയില്‍ കാര്യമായ പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ മരിച്ചു.
എന്നാല്‍ പൊലീസ് കേസ് പേടിച്ച് ഭൂപതിയും സുഹൃത്തുക്കളും മരണകാരണം ഒളിച്ചുവച്ചു. മരിച്ച അന്ന് തന്നെ കുട്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തി. ഇതിന് ശേഷമായിരുന്നു പൊലീസിന് മരണം സംബന്ധിച്ച് വിവരം ലഭിച്ചത്. സ്‌ഫോടക വസ്തു കാരണമാണ് ആറ് വയസുകാരന്‍ മരിച്ചതെന്ന് തെളിഞ്ഞതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട മൂന്ന് പേരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. നാടന്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്.












Click it and Unblock the Notifications