ബിഹാറില്‍ ഇന്ത്യ സഖ്യം 'പൊളിഞ്ഞു'; കോണ്‍ഗ്രസ് 61 സീറ്റില്‍, മല്‍സരിക്കാന്‍ ഇല്ലെന്ന് ജെഎംഎം
വോട്ട് അധികാര്‍ യാത്ര നടത്തി കരുത്ത് കാട്ടിയ ബിഹാറിലെ ഇന്ത്യ സഖ്യം പാതിവഴിയില്‍ വീണു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ പലയിടത്തും നേരിട്ട് ഏറ്റുമുട്ടുമെന്ന് വ്യക്തം. പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും തര്‍ക്കം രൂക്ഷം. അതിനിടെ കോണ്‍ഗ്രസിനെയും ആര്‍ജെഡിയെയും കുറ്റപ്പെടുത്തി ബിഹാറില്‍ മല്‍സരിക്കാനില്ല എന്ന് ജെഎംഎം വ്യക്തമാക്കി.
143 സീറ്റില്‍ മല്‍സരിക്കുമെന്ന് ഇന്ത്യ സഖ്യത്തിലെ പ്രധാന കക്ഷിയായ ആര്‍ജെഡി പ്രഖ്യാപിച്ചു. 61 സീറ്റില്‍ മല്‍സരിക്കുമെന്ന് കോണ്‍ഗ്രസും അറിയിച്ചു. എന്നാല്‍ ചില മണ്ഡലങ്ങളില്‍ സഖ്യത്തിലെ ഓരോ പാര്‍ട്ടികളും പരസ്പരം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആര്‍ജെഡി, സിപിഐ, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് ചില മണ്ഡലങ്ങളില്‍ പരസ്പരം ഏറ്റുമുട്ടുന്നത്.

2020ലെ നിനയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 70 സീറ്റില്‍ മല്‍സരിച്ചിരുന്നു. ഇത്തവണ ഒമ്പത് സീറ്റ് വേണ്ടെന്ന് വച്ചു. വൈശാലി, ലാല്‍ഗഞ്ച്, കഹല്‍ഗാവ്, രാജപകട്, റോസേര തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസും ആര്‍ജെഡിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് സഖ്യത്തിലെ ഭിന്നത രൂക്ഷമായതിന്റെ തെളിവാണ്. ബച്വാരയില്‍ സിപിഐ-കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഏറ്റുമുട്ടും.
കോണ്‍ഗ്രസില്‍ പാളിച്ച
കോണ്‍ഗ്രസില്‍ മല്‍സരിക്കാന്‍ ടിക്കറ്റ് നല്‍കിയതില്‍ പാളിച്ച സംഭവിച്ചു എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ബാരബിഗ മണ്ഡലത്തില്‍ 2020ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഗജാനന്ത് പ്രസാദ് ജോഷി തോറ്റത് വെറും 200 വോട്ടുകള്‍ക്കായിരുന്നു. ഇത്തവണ അദ്ദേഹത്തിന് സീറ്റ് നല്‍കിയില്ല. അതേസമയം, 25000 വോട്ടിന് കഴിഞ്ഞ തവണ തോറ്റ മുന്‍ എംഎല്‍എ അമിത് കുമാര്‍ ടുണ്ണ, ജയേഷ് മംഗലം സിങ് എന്നിവരെ വീണ്ടും മല്‍സരിപ്പിക്കുന്നുണ്ട്.
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജേഷ് കുമാര്‍ റാം മല്‍സരിക്കുന്ന കുതുംബ മണ്ഡലത്തില്‍ ആര്‍ജെഡിയും മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഹാറില്‍ ആര്‍ജെഡി ആണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടി എന്ന് ഇന്ത്യ സഖ്യത്തിലെ എല്ലാവരും മനസിലാക്കണം എന്ന് ആര്‍ജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു. തങ്ങള്‍ക്ക് ബിഹാറില്‍ മാത്രമേ മല്‍സരിക്കാന്‍ സാധിക്കൂ. മറ്റ് സംസ്ഥാനങ്ങളില്‍ മല്‍സരിക്കാന്‍ സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
തങ്ങളില്ലെന്ന് ജെഎംഎം
ചില മണ്ഡലങ്ങളില്‍ ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ പരസ്പരം മല്‍സരിക്കുന്നുണ്ടെന്നും തിവാരി സ്ഥിരീകരിച്ചു. ചില സ്ഥാനാര്‍ഥികളെ പിന്തിരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ എത്രത്തോളം ഫലം കാണുമെന്ന് വ്യക്തമല്ല. അതേസമയം, മഹാസഖ്യത്തില്‍ ഭിന്നത രൂക്ഷമാണ് എന്ന് ബിജെപി നേതാക്കള്‍ പരിഹസിച്ചു. ബിഹാറിന്റെ വികസനം അവര്‍ക്ക് ലക്ഷ്യമല്ലെന്നും സീറ്റുകള്‍ വില്‍ക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി.
ബിഹാറില്‍ മല്‍സരിക്കാനില്ല എന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) അറിയിച്ചു. സഖ്യകക്ഷികളായ ആര്‍ജെഡിയും കോണ്‍ഗ്രസും നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയെ തുടര്‍ന്നാണ് ഈ തീരുമാനം എടുത്തത് എന്ന് ജെഎംഎം നേതാവ് സുദിവ്യ കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസുമായും ആര്‍ജെഡിയുമായുമുള്ള ജാര്‍ഖണ്ഡിലെ സഖ്യം പുനപ്പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജാര്‍ഖണ്ഡിലെ പ്രധാന കക്ഷിയായ ജെഎംഎം സര്‍ക്കാരില്‍ കോണ്‍ഗ്രസിനും ആര്‍ജെഡിക്കും പരിഗണന നല്‍കിയിരുന്നു.












Click it and Unblock the Notifications