റഷ്യയോട് മാത്രമല്ല ഗൾഫിനോടും 'ജാവോ' പറയും; 2 ലക്ഷം കോടി ലിറ്റര്‍ 'കറുത്ത സ്വർണം',ഇന്ത്യ കത്തികയറും
ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. നിലവിൽ റഷ്യയിൽ നിന്നാണ് രാജ്യം ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്. എന്നാൽ റഷ്യയുടെ സാമ്പത്തികമായി ഞെരുക്കാനുള്ള യുഎസ് നീക്കം ഇന്ത്യയ്ക്ക് ഇപ്പോൾ വലിയ വെല്ലുവിളി തീർക്കുകയാണ്. റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്താൽ ഇന്ത്യയ്ക്ക് മേൽ നൂറ് ശതമാനം ചുങ്കം ചുമത്തുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉയർത്തുന്ന ഭീഷണി. യുക്രൈൻ വെടിനിർത്തലിന് റഷ്യ തയ്യാറാവാത്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്.
റഷ്യയിൽ നിന്നുള്ള എണ്ണ വരവ് നിലച്ചാൽ ഇന്ത്യയ്ക്കത് വലിയ തിരിച്ചടിയാകും. സ്വാഭാവികമായും പഴയത് പോലെ മധ്യപൂർവ്വദേശങ്ങളെ ക്രൂഡിനായി ഇന്ത്യയ്ക്ക് കൂടുതലായി ആശ്രയിക്കേണ്ടി വരും. ഇവിടെ നിന്നുള്ള ഇറക്കുമതി ചെലവ് ഏറെയാണെന്നതിനാൽ ഇന്ത്യയെ സംബന്ധിച്ച് ഇത് വലിയ പ്രഹരമായിരിക്കും.

അതേസമയം ഈ പ്രതിസന്ധി അധികകാലം നേരിടേണ്ടി വരില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇപ്പോൾ രാജ്യം. ആൻഡമാൻ ദ്വീപിന് സമീപമുള്ള കടലിൽ വമ്പൻ എണ്ണപ്പാടം സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഏകദേശം 1,84,440 കോടി ലിറ്റര്‍ ക്രൂഡ് ഓയില്‍ ശേഷിയുള്ള എണ്ണപ്പാടത്തിന്‍റെ പര്യവേഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്.
പര്യവേഷണം എവിടെ വരെ?
പൊതുമേഖലാ എണ്ണ പര്യവേക്ഷണ കമ്പനികളായ ഒഎൻജിസിയും (ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ) ഓയിൽ ഇന്ത്യ ലിമിറ്റഡും (ഒഐഎൽ) ആൻഡമാൻ ബ്ലോക്കുകളിൽ പ്രാഥമിക പര്യവേക്ഷണം ആരംഭിച്ചിട്ടുണ്ട്. ഈ മേഖലയിൽ എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും സാന്നിധ്യം കണ്ടെത്താനായി കാത്തിരിക്കുകയാണ് ഇരു കമ്പനികളും. നിലവിൽ രണ്് കമ്പനികൾക്കും ആൻഡമാനിൽ രണ്ട് ബ്ലോക്കുകൾ വീതമാണ് ഉള്ളത്.
ഒഎൻജിസിക്ക് ആന്തമാൻ തടത്തിൽ രണ്ട് ഡീപ്, അൾട്രാ ഡീപ് വാട്ടർ ബ്ലോക്കുകളുണ്ട്. ആറാമത് ഒഎഎൽപി റൗണ്ടിൽ നേടിയ എഎൻ-യുഡിഡബ്ല്യുഎച്ച്പി-2020/1, എഎൻ-യുഡിഡബ്ല്യുഎച്ച്പി-2020/2 എന്നിവയാണവ. അതുപോലെ ഓയിൽ ഇന്ത്യ ലിമിറ്റഡിന് (ഒഐഎൽ) രണ്ട് ആഴം കുറഞ്ഞ ജലപാതകളുണ്ട്. മൂന്നാമത് ഒഎഎൽപി റൗണ്ടിൽ നേടിയ എഎൻ-ഒഎസ്എച്ച്പി-2018/1, എഎൻ-ഒഎസ്എച്ച്പി-2018/2 എന്നിവയാണവ.
കമ്പനികൾ 2023-ൽ തന്നെ തങ്ങളുടെ ബ്ലോക്കുകളിൽ ഭൂകമ്പ സർവേകൾ പൂർത്തിയാക്കുകയും ഇത് സംബന്ധിച്ച റിപ്പോർട്ട് ഹൈഡ്രോകാർബൺ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹൈഡ്രോകാർബൺസിന് (ഡിജിഎച്ച്) സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ആകെയുള്ള 2.49 ലക്ഷം ചതുരശ്ര കിലോമീറ്റർ പ്രദേശത്തിലെ 2.17 ലക്ഷം ചതുരശ്ര കിലോമീറ്റർ (87%) പ്രദേശത്തും പഠനം നടത്തിയിട്ടുണ്ടെന്നും 21,063 ചതുരശ്ര കിലോമീറ്റർ നിലവിൽ പ്രവർത്തനക്ഷമമാണെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
എന്തുകൊണ്ടാണ് ആൻഡമാനിൽ ഇന്ത്യയ്ക്ക് താത്പര്യം
ക്രൂഡ് ഓയിൽ ആവശ്യകതയുടെ 85 ശതമാനവും നിലവിൽ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. 50 ശതമാനം പാചകവാതകവും. 2024-25 കാലഘട്ടത്തിൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഉൽപ്പാദനം 28.7 ദശലക്ഷം മെട്രിക് ടൺ ആയി കുറഞ്ഞു എന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. മുൻ വർഷം ഇത് 29.4 ദശലക്ഷം മെട്രിക് ടൺ ആയിരുന്നു. എന്നാൽ ഇക്കാലയളവിൽ ഇന്ധന ഉപഭോഗം കുത്തനെ കൂടിയിട്ടുമുണ്ട്.
ഉപഭോഗം ഉയരുകയും ഉത്പാദനം കുറയുകയും ചെയ്യുന്നതാണ് നിലവിലെ പ്രതിസന്ധി. എണ്ണ പര്യവേഷണത്തിനുള്ള പദ്ധതികൾ ഊർജിതമാക്കുകയാണ് രാജ്യം. 2025 ഓടെ പര്യവേക്ഷണത്തിനുള്ള സ്ഥലത്തിന്റെ അളവ് 0.5 ദശലക്ഷം ചതുരശ്ര കിലോമീറ്ററായും 2030 ഓടെ 1 ദശലക്ഷം ചതുരശ്ര കിലോമീറ്ററായും ഉയർത്താനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഏറ്റവും പുതിയ ഒഎഎൽപി റൗണ്ടിൽ 2.5 ലക്ഷം ചതുരശ്ര കിലോമീറ്റർ പ്രദേശം കൂടി പര്യവേക്ഷണത്തിനായി തുറന്നിട്ടുണ്ട്. അതേസമയം ആൻഡമാൻ കടലിൽ നിന്നും കൂടുതൽ ക്രൂഡ് ഓയിൽ ഇന്ത്യക്ക് കണ്ടെത്താൻ സാധിച്ചാൽ അത് രാജ്യത്തിനെ സംബന്ധിച്ച് വലിയ കുതിപ്പായിരിക്കും നൽകുക. സ്വന്തം ക്രൂഡ് ഓയിൽ ഉപയോഗിക്കാൻ സാധിച്ചാൽ രാജ്യത്തെ എണ്ണ വിലയും കുറക്കാൻ സാധിക്കും. അത്തരമൊരു കണ്ടെത്തൽ 3.7 ട്രില്യണ്‍ ഡോളര്‍ സമ്പുദ് വ്യവസ്ഥയിൽ നിന്നും 20 ട്രില്യണ്‍ ഡോളർ സമ്പദ് വ്യവസ്ഥയിലേക്ക് എത്താൻ രാജ്യത്തെ സഹായിക്കുമെന്ന് മുൻപ് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications