'ഇന്ത്യ നടത്തുന്നത് 'ബ്ലെയിം ഗെയിം' ,ഏത് നിഷ്പക്ഷ അന്വേഷണത്തിനും തയ്യാർ'; പാക് പ്രധാനമന്ത്രി
പഹൽഗാം ആക്രമണത്തിൽ ആദ്യ പ്രതികരവുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. നിഷ്പക്ഷമായ അന്വേഷണത്തിന് പാക്കിസ്ഥാൻ തയ്യാറാണെന്നും എല്ലാതരം ഭീകരതേയും രാജ്യം തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും ഷെഹബാസ് പറഞ്ഞു. ഖൈബർ-പഖ്തൂൺഖ്വയിലെ കാകുലിലുള്ള പാകിസ്ഥാൻ മിലിട്ടറി അക്കാദമിയിൽ ബിരുദ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷെഹബാസ്.
'പഹൽഗാമിൽ നടന്ന ദുരന്തം ബ്ലെയിം ഗെയിമിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ്. നീതിയുക്തവും സുതാര്യവുമായ ഏത് അന്വേഷണത്തോടും സഹകരിക്കാൻ പാക്കിസ്ഥാൻ തയ്യാറാണ്. ഇപ്പോഴത്തെ ഈ സാഹചര്യം അവസാനിപ്പിക്കണം', ഷഹബാസ് പറഞ്ഞു. അതിനിടെ പഹൽഗാം ആക്രമണത്തിൽ അന്താരാഷ്ട്ര അന്വേഷണത്തിന് തയ്യാറാണെന്നും പാക്കിസ്ഥാൻ വ്യക്തമാക്കിയിരുന്നു. ഏത് അന്താരാഷ്ട്ര സംവിധാനങ്ങൾ അന്വേഷിച്ചാലും അന്വേഷണത്തോട് സഹകരിക്കുമെന്നാണ് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞത്. തെളിവോ കൃത്യമായ അന്വേഷണങ്ങളോ ഇല്ലാതെയാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ തിരിയുന്നതെന്നും പാക്കിസ്ഥാനെ അടിക്കാനുള്ള വിഷയമാക്കി പഹൽഗാമിനെ മാറ്റുകയാണെന്നും ഖ്വാജ ആസിഫ് ആരോപിച്ചു.

അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റത്തിന് ഭീകരസംഘടനകൾക്ക് അഭയവും സാമ്പത്തിക സഹായവും നൽകുന്നതിന് നിരന്തരം ആരോപണം നേരിട്ടിട്ടുള്ള രാജ്യമാണ് പാക്കിസ്ഥാൻ. പഹൽഗാം ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പാക്കിസ്ഥാൻ തുടക്കം മുതൽ പറയുന്നത്. എന്നാൽ ആക്രമണം നടന്ന് ദിവസങ്ങൾക്കിപ്പുറം ഭീകരരെ സ്വാതന്ത്ര്യ സമര പോരാളികളെന്നാണ് പാക്കിസ്ഥാൻ വിളിച്ചത്. പാക് ഉപപ്രധാനമന്ത്രി ഇഷാക് ദാർ ആയിരുന്നു ഇത്തരത്തിൽ പ്രതികരിച്ചത്. പാക്ക് സൈനിക മേധാവിയുടെ കാശ്മീരിനെ കുറിച്ചുള്ള പ്രകോപന പ്രസംഗത്തിന് പിന്നാലെയാണ് പഹൽഗാം ആക്രമണം ഉണ്ടായതെന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. കാശ്മീർ നമ്മുടെ സിരയാണെന്ന് ആരും മറക്കരുതെന്നും ഇന്ത്യയും പാക്കിസ്ഥാനും രണ്ട് വ്യത്യസ്ത രാഷ്ട്രങ്ങളാണെന്ന് പുതുതലമുറക്ക് പറഞ്ഞ് കൊടുക്കണമെന്നുമായിരുന്നു സൈനിക മേധാവിയുടെ വിവാദ പ്രസ്താവന.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ കീഴിലുള്ള ദി റെസിസ്റ്റന്റ് ഫ്രണ്ട് പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ആക്രമണത്തിലെ പ്രധാന പ്രതികളിലൊരാളായ ആദിൽ അഹമ്മദ് തോക്കർ പാക്ക് ഭീകരസംഘടനകൾക്ക് കീഴിൽ സൈനികാഭ്യാസം നേടിയാണെന്നാണ് റിപ്പോർട്ട്. താക്കുറിനെ കൂടാതെ ആറ് പേരാണ് പഹൽഗാമിൽ ആക്രമണം നടത്തിയതെന്നാണ് വിവരം. അതേസമയം ഇതുവരേയും പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ല. ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications