ഐഎന്‍എസ് അരിഹന്തിലെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരം; ചരിത്രം കുറിച്ച് ഇന്ത്യ
ന്യൂദല്‍ഹി: അന്തര്‍വാഹിനിയില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഇന്ത്യയുടെ ആണവ അന്തര്‍വാഹിനിയായ ഐ എന്‍ എസ് അരിഹന്തില്‍ നിന്നാണ് ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്. നേരത്തെ ഫിക്‌സഡ് അണ്ടര്‍വാട്ടര്‍ പൊണ്ടൂണുകളില്‍ നിന്നായിരുന്നു പരീക്ഷണം നടത്തിയിരുന്നത്.
ഇന്ത്യയുടെ നാവിക ആണവ പ്രതിരോധത്തിന്റെ വിശ്വാസ്യത തെളിയിക്കുന്നതാണ് അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം. അന്തര്‍വാഹിനികള്‍ ബാലിസ്റ്റിക് മിസൈലുകള്‍ വിന്യസിക്കുമ്പോള്‍ വെള്ളത്തിനടിയില്‍ നിന്ന് ചൈനയെയും പാകിസ്ഥാനെയും ലക്ഷ്യം വയ്ക്കാന്‍ കഴിഞ്ഞേക്കും എന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് പരീക്ഷിച്ച ബാലിസ്റ്റിക് മിസൈല്‍ വളരെ ഉയര്‍ന്ന കൃത്യതയോടെയാണ് ബംഗാള്‍ ഉള്‍ക്കടലിലെ ലക്ഷ്യസ്ഥാനത്ത് പതിച്ചത് എന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. തദ്ദേശീയമായ മൂന്ന് ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനികളാണ് ഇന്ത്യ പ്രവര്‍ത്തിപ്പിക്കുന്നത്.
ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുകയും അവയില്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഘടിപ്പിക്കുകയും ചെയ്യുന്ന പദ്ധതി ഇന്ത്യ ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും സങ്കീര്‍ണ്ണമായ ആയുധ വികസന പരിപാടിയാണ്.
യു എസ്, റഷ്യ, യുകെ, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ബാലിസ്റ്റിക് മിസൈലുകള്‍ ഘടിപ്പിച്ച ആണവ അന്തര്‍വാഹിനികള്‍ ഉള്ള ലോകത്തിലെ ആറാമത്തെ രാജ്യമാണ് ഇന്ത്യ.
ആറായിരം ടണ്‍ ഭാരമുള്ള അരിഹന്ത് 2016 ലാണ് കമ്മീഷന്‍ ചെയ്യുന്നത്. വിശാഖപട്ടണത്ത് 2009 ലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിുന്നത്. സമ്പുഷ്ട യുറേനിയത്തെ ഇന്ധനമാക്കിയുള്ള 83 മെഗാവാട്ട് മര്‍ദ്ദത്തില്‍ ലൈറ്റ് വാട്ടര്‍ റിയാക്ടര്‍ ആണ് അന്തര്‍വാഹിനിയെ പ്രവര്‍ത്തിപ്പിക്കുന്നത്.
ചൈനയുടെ നിരന്തര ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലും ബംഗാള്‍ ഉള്‍ക്കടലിലും നാവിക സേനാ യുദ്ധക്കോപ്പുകള്‍ വിന്യാസിക്കുന്നത് എന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിക്കുന്നത്.












Click it and Unblock the Notifications