ഡൽഹിയിൽ ബിജെപിക്ക് എതിരില്ല, മമതയുടെ ബംഗാളിൽ പോരാട്ടം ഇഞ്ചോടിഞ്ച്, ഇന്ത്യ ടുഡെ സര്‍വ്വേ ഫലം
ഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലും ഹരിയാനയിലും ബിജെപിക്ക് വിജയം പ്രവചിച്ച് ഇന്ത്യ ടുഡെ- മൂഡ് ഓഫ് ദ നാഷന്‍ സര്‍വ്വേ ഫലം. പശ്ചിമ ബംഗാളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കും. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഒപ്പമെത്താനും സാധ്യത ഉണ്ടെന്നും സര്‍വ്വേ പ്രവചിക്കുന്നു.
ഡല്‍ഹിയില്‍ 2019ലെ തിരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കാനാണ് സാധ്യത. ഏഴില്‍ ഏഴ് സീറ്റുകളും ബിജെപി നയിക്കുന്ന എന്‍ഡിഎ തൂത്തുവാരും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയ 57 ശതമാനം വോട്ട് ബിജെപി നിലനിര്‍ത്തിയേക്കും. 2019ല്‍ 41 ശതമാനം വോട്ട് നേടിയ ആം ആദ്മി പാര്‍ട്ടിക്ക് ഇക്കുറി 40 ശതമാനമായി കുറയുമെന്നും മറ്റുളളവര്‍ 3 ശതമാനം വോട്ട് നേടുമെന്നും ഇന്ത്യ ടുഡെ- മൂഡ് ഓഫ് ദ നാഷന്‍ സര്‍വ്വേ പ്രവചിക്കുന്നു.

സംസ്ഥാനം ഭരിക്കുന്ന തൃണമൂലും ബിജെപിയും ശക്തമായി ഏറ്റുമുട്ടുന്ന പശ്ചിമ ബംഗാളില്‍ മമതയുടെ പാര്‍ട്ടിക്ക് 22 സീറ്റ് നേടി മുന്നിലെത്താനാകും എന്നാണ് സര്‍വ്വേയിലെ കണ്ടെത്തല്‍. ബിജെപി 19 സീറ്റുകള്‍ നേടി കരുത്തുറ്റ പ്രകടനം കാഴ്ച വെയ്ക്കും. ബിജെപി 2019ല്‍ ലഭിച്ച 40 ശതമാനം വോട്ട് നിലനിര്‍ത്തും. തൃണമൂല്‍ നേരത്തെ ലഭിച്ച 57 ശതമാനത്തില്‍ നിന്ന് 53 ശതമാനത്തിലേക്ക് ഇക്കുറി താഴാനാണ് സാധ്യത. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 2 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഇക്കുറി ബംഗാളില്‍ ഒരു സീറ്റിലൊതുങ്ങുമെന്നും സര്‍വ്വേയില്‍ കണ്ടെത്തിയിരിക്കുന്നു.
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേട്ടം കൊയ്യാനാണ് സാധ്യത. 2019ല്‍ ഒരു സീറ്റ് മാത്രം നേടിയ ആപ് ഇക്കുറി സീറ്റ് നേട്ടം അഞ്ചിലേക്ക് ഉയര്‍ത്തും. 27 ശതമാനം വോട്ട് ആണ് ആപ് സ്വന്തം പോക്കറ്റിലാക്കുക. കോണ്‍ഗ്രസും 5 സീറ്റുകളില്‍ വിജയിക്കാന്‍ സാധ്യത ഉണ്ടെങ്കിലും വോട്ട് ശതമാനം 40ല്‍ നിന്ന് 38ലേക്ക് കുറയും. ബിജെപി വോട്ട് ശതമാനം 10ല്‍ നിന്ന് 17 ആക്കി ഉയര്‍ത്തും. കയ്യിലുളള 2 സീറ്റുകള്‍ നിലനിര്‍ത്താനും ബിജെപിക്ക് സാധിക്കും. ശിരോമണി അകാലി ദള്‍ 1 സീറ്റും 14 ശതമാന വോട്ടും നേടുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.
10 ലോക്‌സഭാ സീറ്റുകളുളള ഹരിയാനയില്‍ 8 സീറ്റുകളിലും ബിജെപി വിജയിക്കുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. എന്നാല്‍ 2019ല്‍ പത്ത് സീറ്റുകളും പിടിച്ചെടുക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. ഇക്കുറി ബിജെപിയില്‍ നിന്ന് 2 സീറ്റുകള്‍ കോണ്‍ഗ്രസ് പിടിച്ചെടുക്കുമെന്നാണ് സര്‍വ്വേ ഫലം. ഓം പ്രകാശ് ചൗട്ടാലയുടെ ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ അടക്കമുളളവര്‍ക്ക് സംസ്ഥാനത്ത് ചലനമുണ്ടാക്കാന്‍ സാധിക്കില്ല. ബിജെപിയുടെ വോട്ട് ശതമാനം 58ല്‍ നിന്ന് 50 ആയി കുറയുമ്പോള്‍ കോണ്‍ഗ്രസിന്റേത് 28ല്‍ നിന്ന് 38 ആയി ഉയരുമെന്ന് സര്‍വ്വേ ഫലം വ്യക്തമാക്കുന്നു.












Click it and Unblock the Notifications