നവീന്‍ കൊല്ലപ്പെട്ടത് കടയില്‍ പോയ വേളയില്‍; ക്യൂ നില്‍ക്കവെ ഷെല്‍ പതിച്ചു
ന്യൂഡല്‍ഹി: യുക്രൈനില്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട നവീന് മേല്‍ ഷെല്‍ പതിച്ചത് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടെ. ഖര്‍കീവ് നഗരത്തില്‍ ഇന്ന് രാവിലെ പലചരക്ക് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു നവീന്‍ ശിഖാരപ്പ ഗ്യാന്‍ ഗൗണ്ടര്‍. പിതാവ് ശിഖാര്‍ ഗൗഡയുമായി നവീന്‍ നേരത്തെ സംസാരിച്ചിരുന്നു. ഖര്‍ഖീവിലെ നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് നവീന്‍. കര്‍ണാടക ഹാവേരി സ്വദേശിയാണ്. നഗരത്തിലെ പ്രധാന സര്‍ക്കാര്‍ കെട്ടിടത്തിന് അടുത്തുള്ള ഫ്‌ളാറ്റിലായിരുന്നു താമസം. ഈ കെട്ടിടം റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നു.

കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദുഃഖം രേഖപ്പെടുത്തി. മുഖ്യമന്ത്രി നവീന്റെ കുടുംബവുമായി സംസാരിച്ചു. ദിവസവും രണ്ടോ മൂന്നോ തവണ വീട്ടിലേക്ക് വിളിക്കുന്ന പതിവുണ്ടായിരുന്നു നവീന്. ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ പോയതായിരുന്നു നവീന്‍ എന്ന് ഖര്‍കീവിലെ സ്റ്റുഡന്റ് കോഡിനേറ്റര്‍ പൂജ പ്രഹാരാജ് പറഞ്ഞു. ഖര്‍കീവില്‍ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ് പൂജ.
ഹോസ്റ്റലിലെ എല്ലാവര്‍ക്കും ഞങ്ങള്‍ ഭക്ഷണം എത്തിച്ചിരുന്നു. നവീന് കിട്ടിയിരുന്നില്ല. ഗവര്‍ണര്‍ ഹൗസിന് പിന്നിലുള്ള ഫ്‌ളാറ്റിലാണ് നവീന്‍ താമസിച്ചിരുന്നത്. ഭക്ഷണം കിട്ടാന്‍ വലിയ പ്രതിസന്ധിയായിരുന്നു. രണ്ടുമണിക്കൂറോളം നവീന്‍ ക്യൂവില്‍ നിന്നു. പെട്ടെന്നാണ് ഗവര്‍ണര്‍ ഹൗസിന് നേരെ ആക്രമണമുണ്ടായത്. ഇതില്‍ കെട്ടിടം തകര്‍ന്നു. നവീനുള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെടുകയായിരുന്നുവെന്നും പൂജ പറഞ്ഞു. സ്‌ഫോടനം നടന്ന സ്ഥളത്ത് നിന്ന് നവീന്റെ ഫോണ്‍ ലഭിച്ച വ്യക്തി കോഡിനേറ്ററെ വിളിക്കുകയായിരുന്നു. ഈ ഫോണിന്റെ ഉടമയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട് എന്നാണ് പറഞ്ഞതെന്നും പൂജ മാധ്യമങ്ങളോട് പറഞ്ഞു.
രാവിലെ 8.30നാണ് നവീനെ ഏറ്റവും ഒടുവില്‍ കണ്ടതെന്ന് ഹോസ്റ്റലില്‍ അദ്ദേഹത്തിനൊപ്പം താമസിക്കുന്ന ശ്രീധരന്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. നവീന്റെ മരണവുമായി ബന്ധപ്പെട്ട് മറ്റുചില വിവരങ്ങളാണ് ശ്രീധരന്‍ പറഞ്ഞത്. പ്രാദേശിക സമയം രാവിലെ 10.30നാണ് നവീന്‍ വെടിയേറ്റ് മരിച്ചതെന്ന് ശ്രീധരന്‍ പറയുന്നു. ക്യൂവില്‍ നില്‍ക്കുകയായിരുന്നു. ഈ വേളയില്‍ റഷ്യന്‍ സൈന്യമെത്തി ജനങ്ങള്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. മൃതദേഹം എവിടെയാണെന്ന് അറിയില്ല. ആശുപത്രി സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്നും ശ്രീധരന്‍ പറഞ്ഞു.
അതേസമയം, യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് വന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങിക്കഴിഞ്ഞു. വ്യോമസേനയെയും ദൗത്യത്തിന്റെ ഭാഗമാക്കും. വ്യോമസേനയോട് ദൗത്യം ആരംഭിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. നരേന്ദ്ര മോദി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്തു. യുക്രൈനിലേക്ക് മാനുഷിക സഹായം അയക്കുന്ന കാര്യവും ചര്‍ച്ചയായി. ഇന്ന് മുതല്‍ വ്യോമസേന ഓപറേഷന്‍ ഗംഗയുടെ ഭാഗമാകുമെന്നാണ് വിവരം. സി-17 വിമാനങ്ങള്‍ സൈന്യം രക്ഷാദൗത്യത്തിന് ഉപയോഗിക്കും. കീവിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം മറ്റു സ്ഥലങ്ങളിലേക്ക് പോകാന്‍ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു.












Click it and Unblock the Notifications