യുക്രൈനിലെ ഇന്ത്യക്കാരുടെ ദുരിതം, ഒരു നേരം പോലും ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ല, എംപിയുടെ കത്ത്
ദില്ലി: യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരായ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകി ഇടത് എംപി ഡോ. വി ശിവദാസൻ. വംശീയ അധിക്ഷേപങ്ങളും ശാരീരിക ആക്രമണങ്ങളും വരെ വിദ്യാർത്ഥികൾ നേരിടുന്നുണ്ടെന്ന് കത്തിൽ എംപി വ്യക്തമാക്കുന്നു. പല വിദ്യാർത്ഥികളും മാനസികമായി വളരെ തളർന്ന അവസ്ഥയിലാണെന്നും അവർക്ക് നമ്മുടെ പൂർണ്ണ പിന്തുണ ആവശ്യമാണെന്നും എംപി പറയുന്നു.
വി ശിവദാസന്റെ ഫേസ്ബുക്ക് കുറിപ്പ്: '' ഉക്രെയ്‌നിലെ യുദ്ധം അനുദിനം കൂടുതൽ വിപുലവും തീവ്രവുമായിക്കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് ഇന്ത്യൻ പൗരന്മാർ, അവരിൽ തന്നെ ഭൂരിഭാഗം വിദ്യാർഥികൾ, ഉക്രയിനിൽ അപകടകരമായ അവസ്ഥയിൽ കുടുങ്ങിക്കിടക്കുകയാണ്. അവർ നേരിടുന്ന നിരവധി പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് വിദേശകാര്യ മന്ത്രാലയത്തിനു ഔദ്യോഗികമായി കത്തു നൽകി. വംശീയ അധിക്ഷേപങ്ങളും ശാരീരിക ആക്രമണങ്ങളും വരെ വിദ്യാർത്ഥികൾ നേരിടുന്നുണ്ട്. സായുധരായ ഉദ്യോഗസ്ഥർ വിദ്യാർത്ഥികളെ ആക്രമിക്കുകയും അവരുടെ മൊബൈൽ ഫോൺ തകർക്കാൻ ശ്രമിക്കുകയും വാഹനങ്ങൾ വിദ്യാർത്ഥികൾക്ക് നേരെ ഓടിച്ചു കയറ്റാൻ ശ്രമിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഇവരിൽ പലർക്കും ദിവസവും ഒരു നേരം പോലും ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ല.

പൊതുഗതാഗത സംവിധാനത്തിൽ ഇവർക്ക് പ്രവേശനം നിഷേധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അതിർത്തിയിലും അവർ വിവേചനം നേരിടുന്നു, അതിർത്തി കടക്കുന്നതിന് ഉക്രേനിയക്കാർക്ക് മുൻഗണന നൽകുന്നു. പല വിദ്യാർത്ഥികളും മാനസികമായി വളരെ തളർന്ന അവസ്ഥയിലാണ്. അവർക്ക് നമ്മുടെ പൂർണ്ണ പിന്തുണ ആവശ്യമാണ്. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് വിദേശകാര്യമന്ത്രാലയം ഉടൻ തന്നെ ഒരു സമർപ്പിത ടെലി-കൗൺസലിംഗ് സെന്റർ തുറക്കണം, ഇന്ത്യയിലുടനീളമുള്ള പരിശീലനം ലഭിച്ച കൗൺസിലർമാരുമായി മുഴുവൻ സമയം പ്രവർത്തനസജ്ജമാക്കണം.
എംബസി തങ്ങളുടെ കോളുകൾ അറ്റൻഡ് ചെയ്യുന്നില്ലെന്ന് വിദ്യാർഥികൾ പരാതി ഉന്നയിക്കുന്ന നിരവധി വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ ഉണ്ട്. ഫോൺ ചെയ്യുമ്പോൾ കാൾ എടുക്കാൻ പോലും ആളില്ലാത്തത് വിദ്യാർത്ഥികളുടെ മനോവീര്യം നശിപ്പിക്കും. ഒറ്റപ്പെട്ടുപോയ ആയിരക്കണക്കിന് പൗരന്മാരുടെ വിശദാംശങ്ങൾ ശേഖരിക്കാനും ശരിയായി വിശകലനം ചെയ്യാനും കഴിയുന്ന തരത്തിൽ മെറ്റാഡാറ്റ പ്രോസസ് ചെയ്യാൻ കഴിവുള്ള സോഫ്റ്റ്‌വെയർ എംബസ്സികൾക്ക് ലഭ്യമാക്കണം. ഉക്രെയ്നിലെ ഇന്ത്യൻ എംബസി വിദ്യാർത്ഥികൾക്ക് ഏത് വിധേനയും പെസോചിൻ, ബാബെ, ബെസ്ലിയുഡിവ്ക എന്നിവിടങ്ങളിൽ എത്തിച്ചേരണമെന്ന് ഒരു ഉപദേശം ട്വീറ്റ് ചെയ്തിട്ടുണ്ട്. ആദ്യ ട്വീറ്റുകളിൽ സ്ഥലങ്ങൾ പോലും തെറ്റായി എഴുതിയിരുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കുട്ടിയുടുപ്പിട്ട് പുതിയ ലുക്കിൽ സായ് പല്ലവി, ഇതെന്ത് മാറ്റമെന്ന് ആരാധകർ, ചിത്രങ്ങൾ
മാത്രമല്ല, ശക്തമായ ഷെല്ലാക്രമണം ഉണ്ടാകുമ്പോൾ, കൊടും തണുപ്പിൽ വിദ്യാർത്ഥികൾക്ക് 11 കിലോമീറ്ററും അതിൽ കൂടുതലും എങ്ങനെ നടക്കാൻ കഴിയുമെന്ന് മനസ്സിലാക്കാൻ കഴിയില്ല. ഒറ്റപ്പെട്ടുപോയ നമ്മുടെ പൗരന്മാർക്ക് ഗതാഗത സൗകര്യങ്ങളെങ്കിലും ക്രമീകരിക്കാൻ ആവശ്യമായ സഹായം നമ്മുടെ എംബസികൾക്ക് നൽകണം. ചില സന്ദർഭങ്ങളിൽ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ അഭാവം കാരണം, നമ്മുടെ പൗരന്മാർ മറ്റ് രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുടെ പിന്തുണ സ്വീകരിക്കാൻ നിർബന്ധിതരായതായി റിപ്പോർട്ടുകളുണ്ട്. അതിർത്തിയിലെ സാഹചര്യം നിയന്ത്രിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് വെളിപ്പെടുത്തുന്നത്. നിലവിലെ വെല്ലുവിളികളെ നേരിടാൻ എംബസികൾക്ക് മതിയായ ജീവനക്കാരെ ഉടൻ നൽകണം.
ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെ മനോവീര്യത്തെ ബാധിക്കുന്ന മറ്റൊരു നിർണായക ഘടകം സോഷ്യൽ മീഡിയയിലും രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവാനയിലുമുള്ള ഭീഷണിപ്പെടുത്തുന്നതും കുറ്റപ്പെടുത്തുന്നതുമായ പരാമർശങ്ങളാണ്. വിദ്യാർത്ഥികളെ അപകീർത്തിപ്പെടുത്താൻ ആസൂത്രിതമായി പ്രചാരണം നടത്തുന്നു. വിദ്യാർത്ഥികളുടെ കഷ്ടപ്പാടുകൾ അവരുടെ കർമ്മഫലം ആണെന്നും മറ്റുമുള്ള സംഘടിത ക്യാമ്പയിൻ നടക്കുന്നു. സംഘർഷം വർദ്ധിക്കുന്നത് മുൻകൂട്ടി കാണാൻ കഴിയാത്തത് വിദ്യാർത്ഥികളുടെ കുറ്റമാണ് എന്ന നിലയ്ക്കാണ് ഈ പ്രചാര വേലകൾ. ഇവിടത്തെ പരീക്ഷകൾ പാസാവാൻ കഴിയാത്തവരാണ് ഉക്രൈനിൽ പോകുന്നത് എന്ന കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയുടെ പരാമർശം അപലപനീയമാണ്.
ഈ അപകീർത്തികരമായ പ്രചരണത്തെ ശക്തമായും എതിർക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന നമ്മുടെ പൗരന്മാരെ ഈ രീതിയിൽ അപകീർത്തിപ്പെടുത്താനോ ഭീഷണിപ്പെടുത്താനോ കഴിയില്ലെന്ന് വ്യക്തമാക്കികൊണ്ടുള്ള ശക്തമായ പ്രസ്താവന പുറപ്പെടുവിക്കാൻ വിദേശ കാര്യ മന്ത്രാലയം തയാറാകണം. എന്തുവിലകൊടുത്തും നമ്മുടെ പൗരന്മാരെ സുരക്ഷിതമായി തിരികെ കൊണ്ടുവരേണ്ടതുണ്ട്. നമ്മുടെ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ കഴിയുന്ന ഒരു മാനുഷിക ഇടനാഴി (Humanitarian corridor) നേടിയെടുക്കാൻ നമ്മുടെ നയതന്ത്ര മാർഗങ്ങൾ ഉപയോഗിക്കണം.
വരും ദിവസങ്ങളിൽ വാക്വം ബോംബ് പോലുള്ള മാരകായുധങ്ങൾ ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ച് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുള്ള സാഹചര്യത്തിൽ അടിയന്തിര ശ്രദ്ധ ഇക്കാര്യത്തിൽ ചെലുത്തണം'' .












Click it and Unblock the Notifications