പഞ്ചാബിലും ഇന്ത്യ സഖ്യത്തിന് തിരിച്ചടി; കോൺഗ്രസിനെ തള്ളി ആം ആദ്മി, ഒറ്റക്ക് മത്സരിക്കും
ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന് കനത്ത തിരിച്ചടി നൽകി പഞ്ചാബിൽ തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. പാർട്ട് തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. പഞ്ചാബിലെ പൊതുപരിപാടിക്കിടെയായിരുന്നു പ്രതികരണം.
'ലോക്സഭ തിരഞ്ഞെടുപ്പ് രണ്ട് മാസത്തിനുള്ളിൽ നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ 13 സീറ്റുകളും ചണ്ഡീഗഢിൽ ഒരു സീറ്റുമാണ് ഉള്ളത്. അടുത്ത 10-15 ദിവസങ്ങൾക്കുള്ളിൽ, ഈ 14 സീറ്റുകളിലും എ എ പി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. ഈ 14 സീറ്റുകളും നിങ്ങൾ എ എ പിയെ ഭൂരിപക്ഷത്തോടെ ജയിപ്പിക്കണം',കെജ്രിവാൾ പറഞ്ഞു.

'നിങ്ങൾ ഞങ്ങളുടെ കൈകൾ എത്രത്തോളം ശക്തമാക്കുന്നുവോ അത്രത്തോളം ഞങ്ങൾക്ക് കൂടുതൽ കാര്യങ്ങൾ നിങ്ങൾക്കായി ചെയ്ത് തരാൻ സാധിക്കുംരണ്ട് വർഷം മുമ്പ്, പഞ്ചാബിലെ 117-ൽ 92 സീറ്റുകളും നൽകി നിങ്ങൾ ഞങ്ങളെ അനുഗ്രഹിച്ചു. ഇപ്പോഴിതാ, കൂപ്പുകൈകളോടെ വീണ്ടും നിങ്ങളുടെ അനുഗ്രഹം ചോദിക്കാൻ വന്നിരിക്കുകയാണ് ', ശനിയാഴ്ച പഞ്ചാബിലെ ഖന്നയിൽ നടത്തിയ പ്രസംഗത്തിൽ കെജ്രിവാൾ പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും വേദിയിലുണ്ടായിരുന്നു.
കോൺഗ്രസുമായുള്ള സീറ്റ് വിഭജനത്തിന് തുടക്കം മുതൽ തന്നെ പഞ്ചാബ് ആം ആദ്മിയിൽ എതിർപ്പുകൾ ഉയർന്നിരുന്നു. സംസ്ഥാനത്ത് പരസ്പരം പോരടിക്കുന്ന പാർട്ടികൾ എന്ന നിലയിൽ ഒറ്റക്കെട്ടായി മത്സരിക്കാനുള്ള തീരുമാനം തിരിച്ചടിക്കുമെന്നായിരുന്നു ആം ആദ്മി നേതാക്കൾ പറഞ്ഞത്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോൺഗ്രസിന്റെ സ്വാധീനത്തെ പോലും ഇല്ലാതാക്കുന്നതാകും ഒന്നിച്ച് മത്സരിക്കാനുള്ള തീരുമാനം എന്നായിരുന്നു കോൺഗ്രസ് സംസ്ഥാന നേതാക്കൾ പ്രതികരിച്ചത്. സീറ്റുകളെ ചൊല്ലിയും ഇവിടെ തർക്കം നിലനിന്നിരുന്നു.
അതേസമയം പഞ്ചാബിൽ തനിച്ച് മത്സരിക്കുമെന്ന ആം ആദ്മിയുടെ പ്രഖ്യാപനം കനത്ത തിരിച്ചടിയാണ് കോൺഗ്രസിന് നൽകിയിരിക്കുന്നത്. നേരത്തേ ബംഗാളിലും കോൺഗ്രസിനൊപ്പം സീറ്റ് പങ്കിടാനില്ലെന്ന് തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിൽ സഖ്യമില്ലെങ്കിലും ഡൽഹി, ഗുജറാത്ത് ഹരിയാണ പോലുള്ള സംസ്ഥാനങ്ങളിൽ ആം ആദ്മിയും കോൺഗ്രസും സഖ്യമുണ്ടാകുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. രാജ്യതലസ്ഥാനത്ത് മൂന്ന് സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ എ എ പി-കോൺഗ്രസ് സീറ്റ് ചർച്ച പുരോഗമിക്കുകയാണ്. ഡൽഹിയിലും ഗുജറാത്തിലും ഉടനടി തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.












Click it and Unblock the Notifications