Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുടെ വളർച്ചാ നിരക്ക് 7.2 ശതമാനം വരെ; പണപ്പെരുപ്പം ഉയരും, യുഎസ് തീരുവ വെല്ലുവിളിയായെന്നും സാമ്പത്തിക സർവേ

ന്യൂഡൽഹി: അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സാധ്യതയുള്ള വളർച്ചാ നിരക്ക് 6.8 ശതമാനം മുതൽ 7.2 ശതമാനം വരെയായി ഉയരുമെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്. മാർച്ച് 31-ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിലെ സർക്കാരിന്റെ സാമ്പത്തിക പ്രകടനത്തെയും രാജ്യത്തിന്റെ സാമ്പത്തിക നിലയെയും കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചത്.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 4.18 ട്രില്യൺ ഡോളർ ജിഡിപിയുമായി മുന്നേറുകയാണ്. ഇതോടെ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി രാജ്യം മാറി. അടുത്ത 2.5-3 വർഷത്തിനുള്ളിൽ ജർമ്മനിയെയും പിന്തള്ളി മൂന്നാം സ്ഥാനത്തെത്താൻ സാധ്യതയുണ്ടെന്നും സാമ്പത്തിക സർവേയിൽ പറയുന്നു. 2030-ഓടെ 7.3 ട്രില്യൺ ഡോളർ ജിഡിപിയാണ് ലക്ഷ്യമിടുന്നത്.

economicsurvey2026nirmala

2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്തം കയറ്റുമതി 825.3 ബില്യൺ ഡോളർ എന്ന റെക്കോർഡ് കടന്നു, മുൻവർഷത്തേക്കാൾ 6.1 ശതമാനം വളർച്ചയാണിത്. 2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വന്ന ജിഎസ്‌ടി പരിഷ്‌കാരങ്ങൾ കുടുംബങ്ങളുടെ വാങ്ങൽ ശേഷി വർധിപ്പിക്കുകയും പണപ്പെരുപ്പം കുറയ്ക്കാൻ സഹായിക്കുകയും ചെയ്‌തു.

മറ്റ് പല രാജ്യങ്ങളെക്കാളും ഇന്ത്യ മികച്ച നിലയിലാണ്. ശക്തമായ ആഭ്യന്തര വിപണിയും മെച്ചപ്പെട്ട വിദേശനാണ്യ കരുതൽ ശേഖരവുമാണ് ഇതിന് കാരണം. കയറ്റുമതി വളർച്ചയുടെ അടുത്ത ഘട്ടത്തെ ഉൽപ്പാദന മേഖല നയിക്കുമെന്നും സർവേ പറയുന്നു. അനുകൂലമായ മഴയും കാർഷിക സാഹചര്യങ്ങളും സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവേകുന്നു.

ബാങ്കുകൾ ആരോഗ്യകരമായ നിലയിലും വായ്‌പാ വളർച്ച ശ്രദ്ധേയവുമാണ്. കോർപ്പറേറ്റ് ബാലൻസ് ഷീറ്റുകളും ശക്തമാണ്. താങ്ങാനാവുന്ന ഭവനങ്ങളുടെ ആവശ്യം വർധിച്ചതിനാൽ 96 ലക്ഷത്തിലധികം വീടുകൾ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വിതരണം ചെയ്‌തു. പുതിയ സഹസ്രാബ്‌ദത്തിന്റെ ആരംഭം മുതൽ രാജ്യത്തിന്റെ വളർച്ചയിലും കയറ്റുമതിയിലും വിവരസാങ്കേതികവിദ്യ, സോഫ്റ്റ്‌വെയർ മേഖലകൾക്ക് വലിയ പങ്കുണ്ട്.

കഴിഞ്ഞ ഒരു വർഷത്തിനിടെ ആഗോള സാമ്പത്തിക മേഖല നിരവധി തിരിച്ചടികളാണ് നേരിട്ടത്, ഇതിൽ യുഎസ് തീരുവകൾ വലിയ വെല്ലുവിളിയായി. ഇന്ത്യൻ രൂപ 2025-ൽ പ്രതീക്ഷിച്ച പ്രകടനം കാഴ്‌ചവെച്ചില്ല. ആരോഗ്യകരമായ പണമിടപാട് നിലനിർത്താൻ വിദേശ മൂലധന ഒഴുക്കിനെ ഇന്ത്യ ആശ്രയിക്കുന്നുണ്ട്. ഈ ഒഴുക്കുകൾ കുറയുമ്പോൾ രൂപയുടെ സ്ഥിരതയെ അത് പ്രതികൂലമായി ബാധിക്കുമെന്നും സർവേ പറയുന്നു.

ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുന്നത് കയറ്റുമതിക്കും വ്യാപാര സന്തുലിതാവസ്ഥയ്ക്കും ഗുണകരമാണെങ്കിലും, ഇത് നിക്ഷേപകരിൽ ഒരുതരം ആശങ്കയുണ്ടാക്കുന്നുണ്ട്. 2025 സാമ്പത്തിക വർഷത്തിൽ മൊത്തം വ്യാപാരക്കമ്മി 94.7 ബില്യൺ ഡോളറായിരുന്നു. ഈ കാലയളവിൽ ഇറക്കുമതി 7.4 ശതമാനം വർധിച്ച് 919.9 ബില്യൺ ഡോളറിലെത്തി.

അടുത്ത നാല് വർഷത്തിനുള്ളിൽ കാർഷികം, സമുദ്രോത്പന്നങ്ങൾ, ഭക്ഷ്യ-പാനീയങ്ങൾ എന്നിവയുടെ സംയുക്ത കയറ്റുമതി 100 ബില്യൺ ഡോളറിലെത്തിക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു. 2027 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം 2026-നേക്കാൾ ഉയർന്നേക്കാമെങ്കിലും, ഇത് വലിയ ആശങ്കയായി മാറില്ലെന്നും സർവേ വിലയിരുത്തുന്നു.

കാർഷിക മേഖലയിലെ ഉത്പാദനച്ചെലവ് നിയന്ത്രിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. വളം വിതരണം വർധിപ്പിക്കുന്നതിലൂടെ ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റം തടയാൻ ഇത് സഹായിക്കും. അസംസ്‌കൃത എണ്ണ ഇറക്കുമതിക്ക് ഇന്ത്യ പങ്കാളികളെ വൈവിധ്യവൽക്കരിക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

2026 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-നവംബർ മാസങ്ങളിൽ ലിബിയ, ഈജിപ്‌ത്‌, ബ്രസീൽ, യുഎസ്, ബ്രൂണെ എന്നിവിടങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി കഴിഞ്ഞ വർഷത്തേക്കാൾ ഗണ്യമായി വർധിച്ചു. റഷ്യ, സൗദി അറേബ്യ, ഇറാഖ്, വെനസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിയിൽ കുറവുണ്ടായി. 2023-24 വർഷത്തെ വാർഷിക പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ റിപ്പോർട്ട് അനുസരിച്ച്, 15 വയസിന് മുകളിലുള്ള വ്യക്തികളുടെ തൊഴിലില്ലായ്‌മ നിരക്ക് ശ്രദ്ധേയമായി കുറഞ്ഞുവെന്നും റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു.

ജനറേറ്റീവ് എഐയിൽ മുന്നറിയിപ്പുമായി സർവേ

ജനറേറ്റീവ് എഐ, ഇന്ത്യയിലെ ഐടി, വൈറ്റ് കോളർ തൊഴിൽ വിപണിക്ക് ഭീഷണിയാകുമെന്ന് 2025-26 വർഷത്തെ സാമ്പത്തിക സർവേ മുന്നറിയിപ്പ് നൽകുന്നു. വിദേശ കമ്പനികൾ, ഇന്ത്യയിലേക്ക് ഔട്ട്സോഴ്‌സ് ചെയ്‌തിരുന്ന പതിവ് വൈജ്ഞാനിക ജോലികൾ യന്ത്രവൽക്കരിക്കുന്നതിലൂടെ തൊഴിൽ രംഗത്ത് ഒരു 'നിശബ്‌ദമായ മാറ്റം' സംഭവിക്കുമെന്നും സർവേ വിലയിരുത്തുന്നു.

യുഎസ് പ്രൊഫഷണൽ, ബിസിനസ്, ഇൻഫർമേഷൻ സർവീസസ് മേഖലയെ സർവേ പ്രധാന സൂചകമാക്കി. എഐയുടെ നേരത്തെയുള്ള സ്വീകാര്യതയും ഇന്ത്യയുടെ സേവനമേഖലയുമായുള്ള ഘടനാപരമായ സാമ്യങ്ങളുമാണ് ഇതിന് കാരണം. 2022 ഡിസംബറിന് ശേഷം ജനറേറ്റീവ് എഐ വ്യാപകമായതോടെ, ജിഡിപി വളർച്ച തൊഴിൽ സൃഷ്‌ടിക്ക് ആനുപാതികമല്ലാതായി മാറിയെന്ന് പഠനം പറയുന്നു.

തൊഴിൽ മേഖലയിലെ ഈ "ദുർബലമായ പ്രതികരണശേഷി" ഒരു ഘടനാപരമായ വേർപിരിയലാണ്. തൊഴിലവസരങ്ങൾ ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായിട്ടില്ലെന്ന് സർവേ ചൂണ്ടിക്കാട്ടി. എന്നാൽ, ഉൽപ്പാദനത്തിലെ ഓരോ യൂണിറ്റ് വളർച്ചയ്ക്കും, തൊഴിൽ പ്രതികരണം ഇപ്പോൾ കൂടുതൽ മന്ദഗതിയിലാണെന്ന് സർവേ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+