ഇന്ദിരയുടെയും നര്‍ഗീസ് ദത്തിന്റെയും പേര് വെട്ടി; ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പേര് മാറ്റി
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പേര് മാറ്റത്തിനുള്ള ശുപാര്‍ശ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. നവാഗത സംവിധായകനുള്ള പുരസ്‌കാരത്തിനൊപ്പമുള്ള ഇന്ദിരാ ഗാന്ധിയുടെ പേര് ഒഴിവാക്കിയിരിക്കുകയാണ്. ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്‌കാരത്തില്‍ നിന്ന് നര്‍ഗീസ് ദത്തിന്റെ പേരും നീക്കി.
പ്രിയദര്‍ശന്‍ ഉള്‍പ്പെടുന്ന ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതിയുടെ ശുപാര്‍ശകള്‍ വാര്‍ത്താ വിനിമയ മന്ത്രാലയം അംഗീകരിച്ചു. ഏഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനായുള്ള വിജ്ഞാപനത്തിലാണ് മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സമ്മാനത്തുകയും വര്‍ധിപ്പിച്ചിട്ടുണ്ട്. ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡിന് അടക്കം നല്‍കിയിരുന്ന സമ്മാനത്തുകയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

ഫാല്‍ക്കെ അവാര്‍ഡിന്റെ സമ്മാനത്തുക പത്ത് ലക്ഷത്തില്‍ നിന്ന് പതിനഞ്ച് ലക്ഷമായിട്ടാണ് ഉയര്‍ത്തിയത്. മികച്ച സംവിധായകന്‍, ചലച്ചിത്രം എന്നിവയ്ക്ക് നല്‍കുന്ന സ്വര്‍ണകമലം പുരസ്‌കാര തുക എല്ലാ വിഭാഗത്തിലും മൂന്ന് ലക്ഷം രൂപയാക്കി. രജത കമലം പുരസ്‌കാരങ്ങള്‍ക്ക് ഉള്ള തുക രണ്ട് ലക്ഷം രൂപയുമാക്കി ഉയര്‍ത്തി.
1984 മുതല്‍ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ഇന്ദിരാ ഗാന്ധിയുടെ പേരിലാണ് നല്‍കുന്നത്. ഇന്ദിരയുടെ മരണശേഷമായിരുന്നു ഈ പേര് നല്‍കിയത്. നര്‍ഗീസ് ദത്ത പുരസ്‌കാരം 1965ലെ പതിമൂന്നാം ദേശീയ അവാര്‍ഡ് പുരസ്‌കാര സമയം മുതല്‍ നല്‍കുന്നുണ്ട്.












Click it and Unblock the Notifications