ജിഎസ്ടി, ഇഡി അന്വേഷണം.... അടിയന്തര പ്രമേയ നോട്ടീസുമായി കേരളത്തില്‍ നിന്നുള്ള എംപിമാര്‍
ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ വിവാദമായ തീരുമാനങ്ങള്‍ക്കെതിരെ അടിയന്തര പ്രമേയ നോട്ടീസുമായി കേരളത്തില്‍ നിന്നുള്ള എംപിമാര്‍. അഗ്നിപഥ്, അണ്‍പാര്‍ലമെന്ററി വാക്കുകള്‍, ജിഎസ്ടി, ഇഡി അന്വേഷണം തുടങ്ങിയ വിഷയങ്ങളിലാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. അഗ്നിപഥില്‍ രാജ്യസഭയില്‍ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി തേടിയത് ബിനോയ് വിശ്വമാണ്.

അതേസമയം അഗ്നിപഥിലൂടെ യുവാക്കളെ പ്രതിസന്ധിയിലാക്കി തൊഴിലില്ലായ്മ സൃഷ്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് ബിനോയ് വിശ്വം തുറന്നടിച്ചു. അഗ്നിപഥ് വിഷയം യുവാക്കളെ വഴിയാധാരമാക്കുമെന്നാണ് അദ്ദേഹം ഉന്നയിച്ചത്. സൈന്യത്തിന്റെ വീര്യം ചോര്‍ത്തുന്ന നടപടി ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഗ്നിപഥുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദമായ ചര്‍ച്ച വേണമെന്ന ബിനോയ് വിശ്വം എംപി ആവശ്യപ്പെട്ടത്. ജിഎസ്ടി നിരക്ക് വര്‍ധനയില്‍ ചര്‍ച്ച ആവശ്യപ്പെട്ട കെ മുരളീധരന്‍ എംപിയാണ് അടിയന്തര പ്രമേയത്തിന് പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കിയത്. കേന്ദ്ര് സര്‍ക്കാരിന് ഭരണത്തിന് കീഴില്‍ സാധനങ്ങളുടെ വില കുതിച്ച് കയറിയതായിരുന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചത്.
പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ക്കും വില കൂടിയെന്ന് അദ്ദേഹം പറഞ്ഞു. പാക്കറ്റിലുള്ള മോരിനും തൈരിനും അടക്കം അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തിയ ജിഎസ്ടി കൗണ്‍സില്‍ നിലവില്‍ വന്നതോടെയാണിതെന്നും എംപി പറഞ്ഞു.
പാക്കറ്റിലാക്കിയ മാംസം, മീന്‍, തേന്‍, ശര്‍ക്കര, പപ്പടം, അഞ്ച് ശതമാനം നികുതി കൂടി. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലെ തീരുമാനം അനുസരിച്ചാണ് ഇപ്പോള്‍ വില കൂടിയിരിക്കുന്നത്. ജനജീവിതം ഈ വില വര്‍ധനയിലൂടെ ദുസ്സഹമായി മാറുമെന്നായിരുന്നു കെ മുരളീധരന്‍ പറഞ്ഞത്. ഇതില്‍ അടിയന്തര ചര്‍ച്ച വേണമെന്നാണ് എംപി ആശ്യപ്പെട്ടത്. ഇതേ ആവശ്യം തന്നെ ഉന്നയിച്ച് സിപിഎം നേതാവ് എളമരം കരീമും അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ ഇഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന വിഷയത്തിലാണ് ബെന്നി ബെഹനാന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. രാഷ്ട്രീയ പക പോക്കലിനായി കേന്ദ്രം ഈ ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന് കുറ്റപ്പെടുത്തി.
ടിഎന്‍ പ്രതാപനാണ് അണ്‍പാര്‍ലമെന്ററി വാക്കുകളുടെ ലിസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്‍കെ പ്രേമചന്ദ്രന്‍ എംപി ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗവും സാമുദായി സംഘര്‍ഷവും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്.












Click it and Unblock the Notifications