പ്ലീനറി സമ്മേളനത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പ്രചോദനമായി: ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജി വെച്ചു
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്ലീനറി പ്രസംഗത്തിന് പിന്നാലെ ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്റെ രാജി. യുവത്വവും പരിചയ സമ്പത്തും ഒത്തുചേര്‍ന്നതായിരിക്കും സംഘടനയെന്ന രാഹുലിന്റെ പ്രസംഗത്തിന് പിന്നാലെയാണ് ഗോവയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ശാന്താറാം നായിക് രാജിവെച്ചത്. എഐസിസിസി പ്ലീനറി സമ്മേളനത്തിലായിരുന്നു രാഹുലിന്റെ പ്രസംഗം. പാര്‍ട്ടിയുടെ തലപ്പത്ത് യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ഇതിന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ വഴിയൊരുക്കണമെന്നും രാഹുല്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെ ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജി പ്രഖ്യാപിക്കുകയായിരുന്നു.
ശാന്താറാം എഐസിസിയ്ക്ക് അയച്ച കത്തിലാണ് രാജി സന്നദ്ധത അറിയിച്ചത്. എഐസിസിയുടെ പ്ലീനറി പ്രസംഗത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുവെന്നും അതിനാല്‍ യുവാക്കള്‍ മുന്‍നിരയിലേയ്ക്ക് വരേണ്ടതുണ്ടെന്നും അതിനാല്‍ ഗോവ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജി വെയ്ക്കുന്നുവെന്നും നായിക് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച നടന്ന പ്ലീനറി സെഷനിലാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ യുവനേതാക്കള്‍ക്ക് വഴിയൊരുക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ സൂചന നല്‍കിയത.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് പിന്നാലെ ഞായറാഴ്ച തന്നെ രാജിവയ്ക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ അത്തരത്തിലൊരു അന്തരീക്ഷത്തില്‍ രാജി ശരിയല്ലെന്ന് തോന്നിയതുകൊണ്ടാണ് രാജി വെയ്ക്കാനുള്ള തീരുമാനം നീട്ടിവച്ചതെന്നും ശാന്താറാം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ കുറഞ്ഞത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയമെങ്കിലും ഉള്ളവര്‍ പാര്‍ട്ടിയുടെ തലപ്പത്തേയ്ക്ക് വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ശാന്താറാം കൂട്ടിച്ചേര്‍ക്കുന്നു. നോര്‍ത്ത് ഗോവ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് 1984ലാണ് നായിക്ക് ആദ്യം ലോക്സഭയിലെത്തുന്നത്. രണ്ട് തവണ രാജ്യസഭയിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ഗോവയില്‍ ബിജെപി അധികാരത്തിലെത്തുന്നതിനെ പ്രതിരോധിക്കാന്‍ വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല.












Click it and Unblock the Notifications