മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ജൂണ്‍ 15 വരെ നീട്ടി, 50000 പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പില്‍
ന്യൂഡല്‍ഹി: മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികള്‍ തുടരുന്നു. അതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് നിരോധന തീരുമാനം നീട്ടിയിരിക്കുകയാണ്. ജൂണ്‍ 15 വരെ നിരോധനം തുടരും. ആഭ്യന്തര കമ്മീഷണര്‍ ടി രഞ്ജിത്ത് സിംഗാണ് മൊബൈല്‍ ഡാറ്റ സര്‍വീസുകളുടെ നിരോധനം നീട്ടിയതായി അറിയിച്ചത്.
ഇതില്‍ ബ്രോഡ്ബാന്റും വരും. ഒരു മാസത്തില്‍ ഏറെയാണ് മണിപ്പൂരില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. നേരത്തെ മണിപ്പൂര്‍ നിവാസികളായ രണ്ട് പേര്‍ തുടര്‍ച്ചയായ ഇന്റര്‍നെറ്റ് നിരോധനത്തിനതെിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ ഉടനടി ഈ വാദങ്ങള്‍ കേള്‍ക്കാനാവില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു. മെയ് മൂന്ന് മുതലാണ് ഇന്റര്‍നെറ്റ് നിരോധനം സംസ്ഥാനത്ത് നിരവില്‍ വന്നത്. സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷം പടര്‍ത്താന്‍ സാമൂഹ്യ വിരുദ്ധര്‍ ശ്രമിക്കുന്നുണ്ടെന്നാണ് കേന്ദ്രം ആരോപിക്കുന്നത്.മണിപ്പൂരിലെ സംഘര്‍ഷത്തെ തുടര്‍ന്ന് 50000 ആളുകള്‍ക്കാണ് വീട് അടക്കം നഷ്ടപ്പെട്ടത്.
ഇവര്‍ ഇപ്പോള്‍ ദുരിത്വാശ്വാസ ക്യാമ്പിലാണ് ഉള്ളത്. 349 ക്യാമ്പുകളാണ് സംസ്ഥാനത്താകെ ഉള്ളത്. എല്ലാ ജില്ലകളിലും ദുരിത്വാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തന്നെ നടക്കുന്നുണ്ട്. ഇവിടെയുള്ള സ്ത്രീകളെയും, കുട്ടികളെയും, മുതിര്‍ന്നവരെയും കൂടുതല്‍ ശ്രദ്ധ നല്‍കി പരിചരിക്കാനാണ് നിര്‍ദേശം.
അക്രമങ്ങള്‍ കൂടുതലായി ബാധിച്ച സ്ഥലങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കും. ഇതുവരെ നൂറോളം പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. 310 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം സിബിഐ മണിപ്പൂര്‍ സംഘര്‍ഷത്തിന് കാരണം അന്വേഷിക്കും. കേസിലെ ഗൂഢാലോചനകളും പുറത്തുകൊണ്ടുവരും.
കേന്ദ്രം സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഇത് വേണ്ടത്ര വിജയിച്ചോ എന്ന് വ്യക്തമല്ല. കുക്കി ഗ്രൂപ്പുകള്‍ കേന്ദ്രത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. മണിപ്പൂര്‍ സാധാരണ നിലയില്‍ ആയിട്ട് മതി സമാധാന ചര്‍ച്ചകള്‍ എന്ന് ഇവര്‍ പറഞ്ഞു. കേന്ദ്രത്തിന്റെ സമാധാന കമ്മിറ്റിയെ ബഹിഷ്‌കരിക്കാനാണ് കുക്കി അംഗങ്ങളുടെ തീരുമാനം.
ബിരേന്‍ സിംഗിന്റെ സാന്നിധ്യം ഇവര്‍ക്ക് സ്വീകാര്യമല്ല. ബിരേന്‍ സിംഗിനെയും, അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. അങ്ങനെയുള്ള ഒരു കമ്മിറ്റിയില്‍ ഞങ്ങള്‍ പങ്കെടുക്കില്ല. ഞങ്ങളുടെ സമ്മതം പോലും തേടാതെയാണ് അതില്‍ ഉള്‍പ്പെടുത്തിയത്. കേന്ദ്രം സമാധാനം പുലരാനുള്ള മാര്‍ഗങ്ങള്‍ ആദ്യം നടപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
24 മണിക്കൂറില്‍ സുരക്ഷാ സേന, 57 ആയുധങ്ങള്‍, 318 വെടിക്കോപ്പുകളും, അഞ്ച് ബോംബുകളും കണ്ടെടുത്തു. മൊത്തം 868 ആയുധങ്ങളാണ് കണ്ടെടുത്തത്. അഞ്ച് ജില്ലകളില്‍ കര്‍ഫ്യൂവിന് പന്ത്രണ്ട് മണിക്കൂര്‍ നേരത്തേക്ക് ഇളവ് നല്‍കിയിട്ടുണ്ട്. ഇതിന് സമീപമുള്ള മലനിരകളുടെ ഭാഗമായ ജില്ലകളില്‍ പത്ത് മണിക്കൂറും ഇളവ് അനുവദിച്ചിട്ടുണ്ട്.
ബാക്കിയുള്ള ആറ് ജില്ലകളില്‍ ഒരു ഇളവും ഇല്ല. അവശ്യ സാധനങ്ങള്‍ എത്തിക്കുന്നത് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിലും എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications