യുവനടി ടുണിഷ ശര്‍മ്മയുടെ മരണം ലൗ ജിഹാദ് ആണോയെന്ന് ബിജെപി എംഎൽഎ, 'അന്വേഷിക്കും'
മുംബൈ: യുവനടി ടുണിഷ ശര്‍മ്മയുടെ മരണം സിനിമാ-സീരിയല്‍ മേഖലയെ നടുക്കിയിരിക്കുകയാണ്. ഷൂട്ടിംഗ് ലൊക്കേഷനില്‍ തൂങ്ങി മരിച്ച നിലയിലാണ് കഴിഞ്ഞ ദിവസം ടുണിഷയെ കണ്ടെത്തിയത്. സംഭവത്തില്‍ ടുണിഷയുടെ സഹതാരമായ ഷീസാന്‍ മുഹമ്മദ് ഖാനെ പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ടുണിഷയുടെ അമ്മയാണ് ഷീസാന് എതിരെ പരാതി നല്‍കിയത്.
അതിനിടെ ടുണീഷയുടെ മരണത്തിന് പിറകില്‍ ലൗ ജിഹാദ് ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി എംഎല്‍എയായ രാം കദം. ടുണിഷയുടെ മരണം സംബന്ധിച്ച കേസ് വിശദമായി തന്നെ അന്വേഷിക്കപ്പെടുമെന്നും എല്ലാ വശങ്ങളും പരിശോധിക്കുമെന്നും എംഎല്‍എ പറഞ്ഞു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും ടുണിഷയ്ക്കും കുടുംബത്തിനും നീതി ലഭിക്കുമെന്നും രാം കദം പറഞ്ഞു.

''ആത്മഹത്യയ്ക്കുളള കാരണം എന്തായിരുന്നു? ഇതില്‍ ലൗ ജിഹാദ് ഉള്‍പ്പെട്ടിട്ടുണ്ടോ? അതോ പ്രശ്‌നം മറ്റെന്തെങ്കിലുമാണോ? അന്വേഷണത്തിലൂടെ ഇതിലെ സത്യം പുറത്ത് വരും. എന്തായാലും ടുണീഷ ശര്‍മ്മയുടെ കുടുംബത്തിന് നൂറ് ശതമാനവും നീതി ലഭിക്കും. ഈ കേസില്‍ ലൗ ജിഹാദ് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പിന്നില്‍ ഏതൊക്കെ സംഘടനകളാണ് ഉളളത് എന്നും ആരൊക്കെയാണ് ഗൂഢാലോചനക്കാര്‍ എന്നതും കൂടി പോലീസ് അന്വേഷിക്കും'', രാം കദം പറഞ്ഞു.
ടുണിഷ ശര്‍മ്മയും ഷീസാന്‍ മുഹമ്മദ് ഖാനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ പതിനഞ്ച് ദിവസം മുന്‍പ് ഇവര്‍ വേര്‍പിരിഞ്ഞുവെന്നും പോലീസ് എഫ്‌ഐആറില്‍ പറയുന്നു. ഇതാകാം ടുണിഷയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും പോലീസ് പറയുന്നു. അലി ബാബ- ദാസ്താ ഇ കാബൂള്‍ എന്ന സീരിയലിലെ നായികാ-നായകന്മാരാണ് ടുണിഷയും ഷീസാനും. മഹാരാഷ്ട്രയിലെ പാല്‍ഘട്ടിലെ വസായില്‍ സീരിയല്‍ ഷൂട്ട് നടക്കുന്ന സെറ്റിലാണ് ടുണിഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയ ഷീസാന്‍ മുഹമ്മദ് ഖാനെ മുംബൈയിലെ വസായ് കോടതി നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഷീസാന്‍ ഖാന് എതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് നടന്റെ അഭിഭാഷകനായ ഷരദ് റോയ് മാധ്യമങ്ങളോട് പ്രതികരിച്ചു. ടുണിഷയുടെ മറ്റൊരു സഹതാരമായ പാര്‍ത്ഥ് സുത്ഷിയേയും പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു.സംഭവം നടക്കുമ്പോള്‍ താന്‍ സെറ്റില്‍ ഇല്ലായിരുന്നുവെന്ന് പാര്‍ത്ഥ് പ്രതികരിച്ചു. ടുണിഷയുടെ ബന്ധങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്നും അത് അവരുടെ വ്യക്തിപരമായ കാര്യങ്ങളാണെന്നും നടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.












Click it and Unblock the Notifications