യുദ്ധം മൂര്‍ച്ഛിക്കുന്നു; പലസ്തീന് ഇന്ത്യയുടെ കൈത്താങ്ങ്, രണ്ടാം ഘട്ട സഹായം അയച്ചു
ന്യൂദല്‍ഹി: ഗാസയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കുന്നതിനിടെ പലസ്തീന് രണ്ടാം ഘട്ട സഹായം അയച്ച് ഇന്ത്യ. 32 ടണ്‍ സഹായവുമായി ഇന്ത്യന്‍ വ്യോമസേനയുടെ രണ്ടാമത്തെ സി 17 വിമാനം ഈജിപ്തിലെ എല്‍-അരിഷ് വിമാനത്താവളത്തിലേക്ക് പുറപ്പെടുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ പറഞ്ഞു. പലസ്തീനിലേക്ക് അയക്കുന്ന സാധനങ്ങളുടെ ചിത്രം ജയ്ശങ്കര്‍ എക്‌സില്‍ പങ്ക് വെച്ചിട്ടുണ്ട്.
പലസ്തീനിലെ ജനങ്ങള്‍ക്ക് തങ്ങള്‍ മാനുഷിക സഹായം നല്‍കുന്നത് തുടരുന്നു എന്ന് ജയശങ്കര്‍ പറഞ്ഞു. നേരത്തെ ഒക്ടോബര്‍ 22 ന് ഇന്ത്യ പലസ്തീനിലേക്ക് വൈദ്യസഹായവും ദുരന്തനിവാരണവും ഉള്‍പ്പെടെയുള്ള ആദ്യ സഹായ ശേഖരം അയച്ചിരുന്നു. ഈജിപ്തിന്റെ ഗാസ മുനമ്പിലെ അതിര്‍ത്തിയിലുള്ള റഫ ക്രോസിംഗില്‍ നിന്ന് ഏകദേശം 45 കിലോമീറ്റര്‍ അകലെയാണ് എല്‍-അരിഷ് വിമാനത്താവളം.

Image Credit: S Jaishankar@X
നിലവില്‍ ഗാസയിലേക്കുള്ള മാനുഷിക സഹായത്തിനുള്ള ഏക കടമ്പയാണ് റഫ. എന്നാലും ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം അതിര്‍ത്തി പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായിട്ടില്ല. ഒക്ടോബര്‍ 7-ന് ഇസ്രയേലിലേക്ക് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 പേരെ കൊല്ലപ്പെടുകയും 240 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെ ഇസ്രായേല്‍ പ്രത്യാക്രമണം നടത്തുകയായിരുന്നു.
സംഘര്‍ഷം ഏഴാം ആഴ്ചയിലേക്ക് കടന്നക്കുമ്പോള്‍ ഹമാസ് ഭരിക്കുന്ന ഗാസ മുനമ്പില്‍ ഇസ്രായേല്‍ കനത്ത നാശമാണ് വിതച്ചത്. ഇതുവരെ പലസ്തീനില്‍ 5000ത്തോളം കുട്ടികള്‍ 12300 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.വ്യോമാക്രമണത്തില്‍ ഡസന്‍ കണക്കിന് പലസ്തീനികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഹമാസിനെതിരായ ആക്രമണം തെക്കന്‍ ഗാസയിലേക്ക് വ്യാപിപ്പിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ഇസ്രായേല്‍ പറഞ്ഞു.
യുദ്ധം ഒഴിവാക്കണമെന്ന് നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നതെങ്കിലും ഇസ്രായേല്‍ അനുകൂല നിലപാടാണ് രാജ്യം കൈക്കൊള്ളുന്നത്. കഴിഞ്ഞ ദിവസം യുദ്ധത്തിലെ സിവിലിയന്‍മാരുടെ മരണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. രണ്ടാമത് വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയുടെ ഇ-ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അക്രമത്തിനും ഭീകരതയ്ക്കുമെതിരെ അചഞ്ചലമായ നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത് എന്നും ഇരുരാജ്യങ്ങളും സംയമനം പാലിക്കേണ്ടതിന്റെയും പരിഹാരത്തിനായി ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതിന്റെയും പ്രാധാന്യം കൂടിവരികയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. അതേസമയം വിജയം കാണും വരെ യുദ്ധം തുടരും എന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിക്കുന്നത്.












Click it and Unblock the Notifications