10 വർഷം മുൻപ് മരിച്ച സർക്കാർ സ്കൂൾ അധ്യാപികയ്ക്ക് 7 കോടിയുടെ നികുതി നോട്ടീസ്; അമ്പരന്ന് മകൻ
ഭോപ്പാൽ: ആദായനികുതി അടച്ചില്ലെങ്കിൽ നോട്ടീസ് ലഭിക്കും. അക്കാര്യം എല്ലാവർക്കും അറിയാവുന്നതുമാണ്. എന്നാൽ 10 വർഷം മുമ്പ് മരിച്ച ആൾക്ക് ആദായനികുതി നോട്ടീസ് ലഭിച്ചാലോ? അതെ, 10 വർഷം മുമ്പ് മരിച്ച അധ്യാപികയ്ക്കാണ് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ച്, സംഭവം മധ്യപ്രദേശിലാണ്.
പത്‌ഖേഡ ഗ്രാമത്തിലെ അധ്യാപികയായിരുന്ന ഉഷ സോണിയയ്ക്കാണ് നികുതി കുടിശ്ശികയായി 7.55 കോടി അടയ്ക്കാൻ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചത്. 2013 ൽ ഇവർ മരിക്കുന്നത്. 2017-18 മൂല്യ നിർണയ വർഷത്തേതാണ് നോട്ടീസ്.

തന്റെ അമ്മ 2013 ൽ മരിച്ചെന്നും നോട്ടീസിൽ നാച്ചുറൽ കോസ്റ്റിംഗ് എന്ന കമ്പനിയെക്കുറിച്ച് പറയുന്നുണ്ടെന്നും തങ്ങൾ പോലീസിൽ പരാതി നൽകിയെന്നും ഉഷയുടെ മകൻ പറഞ്ഞു.
'' ഒരുപാട് നാളെത്ത അസുഖത്തിന് പിന്നാലെ അമ്മ 2013 നവംബർ 16ന് മരിച്ചു. നോട്ടീസ് 2017-19 മൂല്യനിർണയ വർഷത്തേതാണ്. നോട്ടീസിൽ നാച്ചുറൽ കോസ്റ്റിംഗ് എന്ന കമ്പനിയെ പറ്റി പറയുന്നുണ്ട്. സ്ക്രാപ്പ് മെറ്റീരിയൽ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന കമ്പനിയാണിത്. ഞങ്ങൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അമ്മയുടെ പാൻ നമ്പർ ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുന്നു, ഞങ്ങൾ അത് അറിഞ്ഞത് പോലുമില്ല, '' ഉഷയുടെ മകൻ പറയുന്നു.
അതേസമയം, ഇരുമ്പ് കമ്പികൾ വിൽക്കുന്ന കടയിൽ ജോലി ചെയ്ത് പ്രതിമാസം 5,000 രൂപ മുതൽ 7,000 രൂപ വരെ സമ്പാദിക്കുന്ന നിതിൻ ജെയിൻ 1.26 കോടി രൂപയുടെ ഡിമാൻഡ് നോട്ടീസായിരുന്നു ലഭിച്ചത്. ഇത് കണ്ട അദ്ദേഹം ആകെ ഞെട്ടിപ്പോയി. ആദായനികുതി ഓഫീസിൽ ചെന്നപ്പോൾ തമിഴ്‌നാട്ടിലെ കുറ്റാലത്ത് തന്റെ പേരിൽ അക്കൗണ്ട് ഉണ്ടെന്ന് കണ്ടെത്തി, താൻ ആ പേര് പോലും കേട്ടിട്ടില്ലെന്നാണ് ഈ യുവാവ് പറയുന്നത്.
"2014-15ൽ എന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും അതിന് ശേഷം നിരവധി വലിയ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും അവർ എന്നോട് പറഞ്ഞു, അതിനാലാണ് എനിക്ക് 1.26 കോടി രൂപയുടെ നോട്ടീസ് അയച്ചത്. ഞാൻ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്," യുവാവ് പറയുന്നു. അതേസമയം പാൻ ദുരുപയോഗം സംബന്ധിച്ച് ഇതുവരെ രണ്ട് പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ബെതുൽ പോലീസ് സൂപ്രണ്ട് സിദ്ധാർത്ഥ് ചൗധരി വ്യക്തമാക്കി.
ആദായ നികുതി വകുപ്പിന്റെ നോട്ടീസിൽ പറഞ്ഞിരിക്കുന്ന ബിസിനസ്സോ അക്കൗണ്ടോ തങ്ങളുടേതല്ലെന്നും തങ്ങളുടെ പാൻ കാർഡുകൾ ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും രണ്ട് പേർ പരാതിപ്പെട്ടിട്ടുണ്ട്. വിശദമായ അന്വേഷണം ആരംഭിച്ചു. ആദായനികുതി വകുപ്പിൽ നിന്ന് വിവരം ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ വിവരങ്ങൾ ലഭിക്കും, അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications