'പ്രത്യാക്രമണം പാക്കിസ്ഥാനെ നേരത്തേ അറിയിച്ചത് കുറ്റം, എത്ര യുദ്ധവിമാനം രാജ്യത്തിന് നഷ്ടമായി'; രാഹുൽ ഗാന്ധി
വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കറിനെതിരെ ആഞ്ഞടിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രത്യാക്രമണത്തിന് മുമ്പ് പാക്കിസ്ഥാനെ വിവരം അറിയിച്ചത് വലിയ കുറ്റകൃത്യമാണെന്നും അതുവഴി രാജ്യത്തിന് എത്ര യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന് വ്യക്തമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഇക്കാര്യം ആവർത്തിച്ച് ചോദിച്ചിട്ടും മന്ത്രി ജയശങ്കർ പുലർത്തുന്ന മൗനം അപലപനീയമാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
' മന്ത്രി ജയശങ്കറിന്റെ മൗനം എന്താണ് നടന്നതെന്ന് മാത്രമല്ല വളരെ ഗുരുതരമായത് നടന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് ഞാൻ വീണ്ടും ചോദിക്കുന്നു. പാക്കിസ്ഥാൻ നേരത്തേ എല്ലാം അറിഞ്ഞത് കൊണ്ട് എത്ര യുദ്ധവിമാനങ്ങളാണ് നമ്മുക്ക് നഷ്ടമായത്. ഇതൊരിക്കലും ഒരു പിഴവല്ല, മറിച്ച് വലിയൊരു കുറ്റകൃത്യമാണ്. രാജ്യത്തിന് സത്യം അറിയണം', മന്ത്രി ജയശങ്കറിന്റെ വീഡിയോ പങ്കുവെച്ച് രാഹുൽ ഗാന്ധി കുറിച്ചു.

വീഡിയോയിൽ മന്ത്രി ജയശങ്കർ പറയുന്നത് ഇങ്ങനെ -' ഓപ്പറേഷൻ സിന്ദൂറിന്റെ തുടക്കത്തിൽ പാക്കിസ്ഥാന് ഞങ്ങൾ സന്ദേശം കൈമാറിയിരുന്നു. ഭീകരകേന്ദ്രങ്ങൾ ഞങ്ങൾ ആക്രമിക്കുകയാണ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം വെയ്ക്കുന്നില്ലെന്ന്. അതായത് സൈന്യത്തിന് ഈ സാഹചര്യത്തിൽ ഇടപെടാതിരിക്കാമായിരുന്നു. എന്നാൽ നല്ല നിർദ്ദേശങ്ങൾ അവർ അവഗണിച്ചു'.
എന്നാൽ ഓപ്പറേഷന്റെ തുടക്കത്തിൽ പാക്കിസ്ഥാനെ അറിയിച്ചുവെന്നത് വിദേകാര്യ മന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുകയാണെന്നും ഇതിന് ആരാണ് ചുമതലപ്പെടുത്തിയതെന്ന് വ്യക്തമാക്കണമെന്നും രാഹുൽ ചോദിച്ചു. അതേസമയം മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയും രാഹുലിന്റെ വാക്കുകൾ ആവർത്തിച്ചു. വിദേശകാര്യ മന്ത്രിയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം എന്താണെന്നായിരുന്നു പവൻ ഖേര ഉയർത്തിയ ചോദ്യം.
'ഇത് നയതന്ത്രമല്ല, ചാരവൃത്തിയാണ്. വിദേശകാര്യ മന്ത്രി പറഞ്ഞത് എല്ലാവരും കേട്ടു. ചിലത് മറച്ചുവെച്ചിട്ടുണ്ട്', പവൻ ഖേര ആരോപിച്ചു. ഇത്തരത്തിൽ വിവരം പങ്കുവെച്ചത് ഭീകരവാദികളായ മസൂദ് അസറിനേയും ഹാഫിസ് സയിദിനേയും രക്ഷപ്പെടാൻ സഹായിച്ചോയെന്ന സംശയവും അദ്ദേഹം ഉയർത്തി. ' ഭീകരർ അവരുടെ താവളങ്ങൾ വിട്ട് ഓടി രക്ഷപ്പെട്ടെന്നാണ് ഈ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത്. എന്തുകൊണ്ടാണ് ഇത് ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രിയും ഉത്തരം നൽകണം', അദ്ദേഹം പറഞ്ഞു.
അതേസമയം കോൺഗ്രസ് ആരോപണം വിദേശകാര്യ മന്ത്രാലയം തള്ളി. നേതാക്കൾ തെറ്റിധാരണ പരത്തുകയാണെന്നും മന്ത്രിയുടെ പ്രസ്താവന വളച്ചൊടിച്ചെന്നും വകുപ്പ് പറഞ്ഞു. ' തുടക്കത്തിൽ തന്നെ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് വ്യക്തമാക്കിയത്. ഇത് ഓപ്പറേഷൻ സിന്ദൂറിന് മുൻപാണ്. അല്ലാതെ ഓപ്പറേഷൻ ആരംഭിക്കുന്നത് മുൻപല്ല. വസ്തുതകളെ തെറ്റായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്', മന്ത്രാലയം വ്യക്തമാക്കി.












Click it and Unblock the Notifications