'പ്രൊജക്റ്റ് ചീറ്റയുടെ പ്രൊപ്പോസല്‍ തയ്യാറക്കിയത് 2009-11ല്‍ '; തെളിവുകള്‍ നിരത്തി ജയറാം രമേശ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ചീറ്റകളെ വിട്ടയ. എന്നാൽ ഇപ്പോൾ മോദിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് ജയറാം രമേഷ്. 2009 -2011ലാണ് ചീറ്റ പ്രൊജക്റ്റിന്റെ പ്രൊപ്പോസൽ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഇപ്പോൾ നടത്തുന്നത് പ്രഹസനമാണെന്നാണ് ജയറാം രമേശ് പറഞ്ഞത്. നേരത്തേയും കോൺഗ്രസ് കേന്ദ്രത്തിനെതിരെ രംഗത്ത് വന്നിരുന്നു.
2010ൽ, മന്ത്രിയായിരുന്ന ജയറാം രമേശ് പദ്ധതിയുടെ ഭാഗമായി ആഫ്രിക്കൻ പര്യടനം നടത്തുന്ന ചിത്രം ട്വിറ്ററിൽ പങ്കുവച്ചാണ് കോൺഗ്രസിന്റെ അവകാശവാദം. അന്ന് മൻമോഹൻസിംഗ് മന്ത്രിസഭയിൽ വനം പരിസ്ഥിതി മന്ത്രിയായിരുന്നു ജയറാം രമേശ്.

2010ൽ കോൺഗ്രസ് ആവിഷ്‌കരിച്ച പദ്ധതി 2013ൽ സുപ്രീംകോടതി നിരോധിക്കുകയായിരുന്നെന്നാണ് കോൺ?ഗ്രസ് അവകാശപ്പെടുന്നത്. എന്നാൽ, പിന്നീട് 2020ൽ ഈ നിരോധനം കോടതി എടുത്തുകളഞ്ഞു എന്നും പാർട്ടി പറയുന്നു. കോൺഗ്രസിന്റെ ശ്രമഫലമായാണ് 13 വർഷങ്ങൾക്ക് ഇപ്പുറം ഇപ്പോൾ ചീറ്റപ്പുലികൾ ഇന്ത്യയിലേക്ക് എത്തുന്നതെന്നും പാർട്ടി ട്വീറ്റിൽ അവകാശപ്പെടുന്നു.
നമീബിയയിൽ നിന്നാണ് 8 ചീറ്റകളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് എത്തിച്ചത്. ടെറ ഏവിയ എന്ന മൊൾഡോവൻ എയർലൈൻസിന്റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ് 747 വിമാനത്തിലാണ് ചീറ്റകൾ ഇന്ത്യയിലെത്തിയത്. 600ഹെക്ടർ പ്രദേശമാണ് ചീറ്റകൾക്കായി പ്രത്യേകം സജ്ജമാക്കിയിരിക്കുന്നത്. രാജ്യത്തെ വിവിധ നാഷണൽ പാർക്കുകളിലായി 50 ചീറ്റകളെ എത്തിക്കാനാണ് സർക്കാർ പദ്ധതി.
ഇതിന്റെ തുടക്കമാണ് കുനോവിലേക്ക് എത്തിച്ചത്. ആദ്യമായാണ് ഇത്രയും വലിയ ഒരു മാംസഭോജിയെ ഒരു വൻകരയിൽ നിന്ന് മറ്റൊരു വൻകരയിലേക്ക് കൊണ്ടുവരുന്നത്. ആദ്യമെത്തുന്ന എട്ട് ചീറ്റകൾ സാഹചര്യങ്ങളോട് എങ്ങനെ പൊരുത്തപ്പെടുന്നു എന്നത് അനുസരിച്ചിരിക്കും പദ്ധതിയുടെ തുടർച്ചയെക്കുറിച്ച് ആലോചിക്കുന്നത്.
അഞ്ച് പെണ്ണും മൂന്ന് ആണും ആണ് ചീറ്റകൾ. രണ്ട് വയസ് മുതൽ ആറ് വയസ് വരെ പ്രായമുള്ളവരാണ്. ആൺ ചീറ്റകളിൽ രണ്ട് പേർ സഹോദരങ്ങളാണ്. ഒത്ജിവരോംഗോ റിസർവിൽ നിന്നാണ് ഇവരെ പിടിച്ചത്. മരം കൊണ്ടുണ്ടാക്കിയ പ്രത്യേക കൂടുകളിലാണ് വിമാനത്തിൽ കൊണ്ട് ചീറ്റപുലികളെ കൊണ്ടുവരുന്നത്..
ഡോക്ടർമാരടക്കം വിദഗ്ധ സംഘം കൂടെ തന്നെയുണ്ടായിരുന്നു. പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ക്വാറന്റീൻ ഏരിയയിലാണ് ചീറ്റകളെ തുറന്ന് വിട്ടത്. മുപ്പത് ദിവസം ഈ പ്രത്യേക സംവിധാനത്തിൽ കഴിഞ്ഞ ശേഷമാണ് കൂനോയിലെ പുൽമേടുകളിലേക്ക് ഇവയെ സ്വൈര്യ വിഹാരത്തിനായി വിടുക. അതിന് ശേഷം ഓരോ ചീറ്റയെയും നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മൂന്നു ചീറ്റകളെ പ്രധാനമന്ത്രിയാണ് തുറന്ന് വിട്ടത്.












Click it and Unblock the Notifications