ചില രാജ്യങ്ങള്‍ അജണ്ട തീരുമാനിച്ച് മറ്റുള്ളവര്‍ അത് പിന്തുടരുന്ന കാലം കഴിഞ്ഞു: വിദേശ കാര്യ മന്ത്രി
ന്യൂയോര്‍ക്ക്: യുഎന്‍ യോഗത്തില്‍ കാനഡ അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ പരോക്ഷ പരാമര്‍ശവുമായി വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍. ചില രാഷ്ട്രങ്ങള്‍ അജണ്ട തീരുമാനിച്ച്, മറ്റുള്ളവരെ കൂടി അതിന്റെ ഭാഗമാക്കാനാണ് ശ്രമിക്കുന്നത്. അവര്‍ കരുതുന്നത്, ഒരു കാര്യം തീരുമാനിച്ചാല്‍, അതില്‍ മറ്റുള്ളവരും വന്ന് ചേരുമെന്നാണെന്നും, പാശ്ചാത്യ രാജ്യങ്ങളെ ലക്ഷ്യമിട്ട് ജയശങ്കര്‍ പറഞ്ഞു.
നയതന്ത്രവും, ചര്‍ച്ചകളുമാണ് ഏറ്റവും നല്ല പരിഹാര മാര്‍ഗങ്ങള്‍ എന്നും അദ്ദേഹം വ്യക്തമാക്കി. ഭാരതത്തില്‍ നിന്ന് നമസ്‌കാരം എന്ന് പറഞ്ഞാണ് ജയശങ്കര്‍ ജനറല്‍ അസംബ്ലിയിലെ പ്രസംഗം ആരംഭിച്ചത്. ആഗോള ഐക്യദാര്‍ഢ്യത്തിനും, വിശ്വാസം കെട്ടിപ്പടുക്കുന്നതിനുമായി യുഎന്‍ ജനറല്‍ അസംബ്ലി ആരംഭിച്ച ശ്രമങ്ങള്‍ക്ക് ഇന്ത്യ പൂര്‍ണ പിന്തുണ അറിയിക്കുന്നു. ഒരുപാട് കാര്യങ്ങള്‍ ഇന്ത്യക്ക് പങ്കുവെക്കാനാവും. അതേസമയം ഇന്ത്യയുടെ നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാനുള്ള സന്ദര്‍ഭം കൂടിയാണിതെന്ന് ജയശങ്കര്‍ വ്യക്തമാക്കി.

വിവിധ പങ്കാളിത്ത രാജ്യങ്ങളുമായി സഹകരണം ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്. നിസ്സഹകരണ കാലഘട്ടത്തില്‍ നിന്ന് വിശ്വ മിത്രയുടെ കാലഘട്ടത്തിലേക്ക് നമ്മള്‍ മാറിയിരിക്കുകയാണ്. ഇന്ത്യ ലോകത്തിന് ഒരു സുഹൃത്താണ്. ക്വാഡ് ഗ്രൂപ്പിന്റെ വ്യാപകമായ വളര്‍ച്ച ഇത് സൂചിപ്പിക്കുന്നു. വളര്‍ച്ചയും, വികസനവും, ഏറ്റവും താഴേ തട്ടിലുള്ളവരില്‍ നിന്നും, ദുര്‍ബലരില്‍ നിന്നും ആരംഭിക്കണമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
തീവ്രവാദത്തോടും, അക്രമത്തോടും, വിഘടനവാദത്തോടും നമ്മള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് രാഷ്ടീയ ഇച്ഛാശക്തിയെ സൂചിപ്പിക്കുന്നതെന്നും മന്ത്രി പറയുന്നു. അന്താരാഷ്ട്ര തലത്തിലെ ബന്ധം എപ്പോഴും വൈവിധ്യമാര്‍ന്നതായിരിക്കും. ചില രാഷ്ട്രങ്ങള്‍ അജണ്ട തീരുമാനിച്ച്, അതിനെ എല്ലാവരും പിന്തുണയ്ക്കുക എന്ന രീതി ഇനി നടക്കില്ല. ആ കാലം കഴിഞ്ഞുപോയിരിക്കുകയാണ്. ഇന്ന് ഇന്ത്യ ലോകത്തിന്റെ സുഹൃത്താണ്. ലോകം മുഴുവന്‍ പരസ്പരം അകന്നിരുന്നപ്പോള്‍, ഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടി, നയതന്ത്രവും, ചര്‍ച്ചകളുമാണ് എല്ലാ കാര്യങ്ങള്‍ക്കുമുള്ള പരിഹാര മാര്‍ഗമെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ക്കായി പാര്‍ലമെന്റില്‍ സംവരണ കൊണ്ടുവന്നത് ഇന്ത്യയിലെ പുതിയ മാറ്റമാണ്. ജനാധിപത്യത്തിലെ ആഴത്തിലുള്ള വേരോടിയ ഒരു സമൂഹത്തെ പ്രതിനിധീകരിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. അതുകൊണ്ട് ഞങ്ങളുടെ ചിന്തകളും, സമീപനവും, നടപടികളും, കൂടുതല്‍ സുതാര്യവും, സത്യസന്ധവുമായിരിക്കുമെന്ന് ജയശങ്കര്‍ വ്യക്തമാക്കി.
ഇന്ത്യ അമൃതകാലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ ലോകം അതിന്റെ ചെറിയൊരു ഭാഗം മാത്രമാണ് കണ്ടത്. ഇനി എന്താണ് വരാനിരിക്കുന്നതെന്ന് അതിലൂടെ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാവുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.












Click it and Unblock the Notifications