ജല്‍പായ്ഗുരിയില്‍ ട്രെയിന്‍ അപകടം: മരണം എട്ടായി ഉയര്‍ന്നു, മമതയെ വിളിച്ച് പ്രധാനമന്ത്രി
കൊല്‍ക്കത്ത: ബംഗാളിലെ ജല്‍പായ്ഗുരിയില്‍ ട്രെയിന്‍ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി ഉയര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ബിക്കാനീര്‍-ഗുവാഹത്തി എക്‌സ്പ്രസ് പാളം തെറ്റിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. താന്‍ നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. പ്രധാനമന്ത്രിയെ അപ്പപ്പോള്‍ കാര്യങ്ങള്‍ അറിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയാണ് ധനസഹായം. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷവും സാധാരണ പരിക്കേറ്റവര്‍ക്ക് 25000 രൂപയും ലഭിക്കും.

രാജസ്ഥാനിലെ ബിക്കാനീറില്‍ നിന്നാണ് ട്രെയിന്‍ യാത്ര ആരംഭിച്ചത്. അസമിലെ ഗുവാഹത്തിയിലേക്കായിരുന്നു യാത്ര. ബീഹാറിലെ പട്‌ന വഴിയായിരുന്നു ഈ ട്രെയിന്‍ പോകേണ്ടിയിരുന്നത്. ജല്‍പായ്ഗുരിക്ക് അടുത്തുള്ള മായ്‌നാഗുരിക്ക് അടുത്ത് വെച്ച് ഇന്ന് വൈകീട്ട് അഞ്ചേകാലോടെയാണ് അപകടമുണ്ടായത്. 1200 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. 177 പേര്‍ ബിക്കാനീറില്‍ നിന്നും 98 പേര്‍ പട്‌ന ജങ്ഷനില്‍ നിന്നുമാണ് ട്രെയിനില്‍ കയറിയത്. പെട്ടെന്നാണ് ഒരു കുലുക്കമുണ്ടായത്. ബോഗികള്‍ പലതും പാളം തെറ്റിപ്പോയെന്നും ട്രെയിനിലെ യാത്രക്കാരന്‍ പറഞ്ഞു. പരിക്കേറ്റവരെ മൈനാഗുരിയിലെയും ജല്‍പായ്ഗുരിയിലെയും ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്.
സംഭവസ്ഥലത്ത് നിന്ന് നാല്‍പ്പതോളം പേരെ രക്ഷിച്ചിട്ടുണ്ട്. എല്ലാ ആശുപത്രികളോടും സജ്ജമായിരിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 45 പേരെ ജല്‍പായ്ഗുരിയിലെ ആശുപത്രിയിലേക്ക് മാറ്റിയതായി ജില്ലാ മജിസ്‌ട്രേറ്റ് മൗമിത ഗോഡല ബസു പറഞ്ഞു. പ്രത്യേക ട്രെയിന്‍ വവഴിയാണ് 1050 യാത്രക്കാരെ ഇവര്‍ക്ക് എത്തേണ്ടിടത്തേക്ക് യാത്രയാക്കിയത്. ഒന്‍പതോളം ട്രെയിനുകള്‍ അപകടത്തെ തുടര്‍ന്ന് വഴിമാറ്റി. ആഭ്യന്തര അമിത് ഷായുടെ ട്രെയിന്‍ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. വളരെ സങ്കടകരമായ വാര്‍ത്തയാണ് ഇതെന്നും, മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി.
അതേസമയം അപകടം നടന്ന സ്ഥലം റെയില്‍വേ മന്ത്രി സന്ദര്‍ശിക്കുമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. കൊല്‍ക്കാത്തയിലേക്ക് യാത്ര തിരിച്ചതായി മന്ത്രി നേരത്തെ പറഞ്ഞിരുന്നു. അവിടെ നിന്ന് പ്രത്യേക വിമാനത്തിലാണ് ജല്‍പായ്ഗുരിയിലേക്ക് എത്തുക. റെയില്‍വേ മന്ത്രിയുമായി പ്രധാനമന്ത്രിയും സംസാരിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് എല്ലാ വിധ സഹായവും നല്‍കുമെന്ന് മമത ബാനര്‍ജി പറഞ്ഞു. സംഭവത്തില്‍ അുശോചനം രേഖപ്പെടുത്തുന്നുവെന്നും മമത വ്യക്തമാക്കി. സംസ്ഥാനത്തെ പോലീസ് സംഘം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ടെന്നും മമത പറഞ്ഞു. മായന്‍ഗുരി ആശുപത്രിയിലുള്ള പതിനഞ്ചോളം പേര്‍ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications