ജമ്മു കാശ്‌മീർ തിരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്, പിന്നാലെ എൻസിയും
ന്യൂഡൽഹി: വരാനിരിക്കുന്ന ജമ്മു കാശ്‌മീർ നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് കോൺഗസ്. ഒൻപത് സ്ഥാനാർത്ഥികളുടെ പേരാണ് ഇപ്പോൾ കോൺഗ്രസ് പുറത്തുവിട്ട പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പാർട്ടി ജനറൽ സെക്രട്ടറി ഗുലാം അഹമ്മദ് മിർ ദൂരുവിലും മുൻ സംസ്ഥാന അധ്യക്ഷൻ വികാരർ റസൂൽ വാനിയെ ബനിഹാലിലും കോൺഗ്രസ് മത്സരിപ്പിക്കും.
സഖ്യകക്ഷിയായ നാഷണൽ കോൺഫറൻസുമായി (എൻസി) കോൺഗ്രസ് സീറ്റ് പങ്കിടലിന്റെ കാര്യത്തുൽ ധാരണയിൽ എത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം. ജമ്മു കാശ്‌മീരിൽ മൂന്ന് ഘട്ടമായി നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യഥാക്രമം 51, 32 സീറ്റുകളിൽ മത്സരിക്കാൻ നാഷണൽ കോൺഫറൻസും കോൺഗ്രസും തീരുമാനിച്ചിരുന്നു.

ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഈ പ്രഖ്യാപനം. ശ്രീനഗറിലെ നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്‌ദുള്ളയുടെ വസതിയിൽ നടന്ന സംയുക്ത വാർത്താ സമ്മേളനത്തിൽ സഖ്യകക്ഷികളായ സിപിഐഎമ്മിനും ജമ്മു കാശ്‌മീർ നാഷണൽ പാന്തേഴ്‌സ് പാർട്ടിക്കും (ജെകെഎൻപിപി) ഓരോ സീറ്റ് വീതം അനുവദിക്കുന്നതായും പ്രഖ്യാപിച്ചിരുന്നു.
മിറിനും വാനിക്കും പുറമേ ട്രാൽ സീറ്റിൽ നിന്ന് സുരീന്ദർ സിംഗ് ചന്നി, ദേവ്‌സറിൽ നിന്ന് അമാനുല്ല മന്തൂ, അനന്ത്‌നാഗിൽ നിന്ന് പീർസാദ മുഹമ്മദ് സയ്യിദ്, ഇൻദർവാളിൽ നിന്ന് ഷെയ്ഖ് സഫറുള്ള, ഭദർവയിൽ നിന്ന് നദീം ഷെരീഫ്, ദോഡയിൽ നിന്ന് ഷെയ്ഖ് റിയാസ്, ഡോഡ വെസ്‌റ്റിൽ നിന്ന് പ്രദീപ് കുമാർ ഭഗത് എന്നിവരെയും പാർട്ടി മത്സരിപ്പിക്കും. അഞ്ച് സീറ്റുകളിൽ സൗഹൃദ മത്സരം നടക്കുമെന്നും അവർ അറിയിച്ചു.
നാഷണൽ കോൺഫറൻസും തങ്ങളുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടിരുന്നു. 18 സ്ഥാനാർത്ഥികളുടെ പട്ടികയാണ് എൻസി അവതരിപ്പിച്ചത്. എക്‌സ് പോസ്‌റ്റിലൂടെ ആയിരുന്നു അവരുടെ പ്രഖ്യാപനം. മുൻ എംപിയായ ജസ്‌റ്റിസ് (റിട്ട) ഹസ്‌നൈൻ മസൂദിയെ പാംപോറിലെ സ്ഥാനാർത്ഥിയായും പുൽവാമയിൽ നിന്ന് മുൻ നിയമസഭാംഗം മുഹമ്മദ് ഖലീൽ ബന്ദിനെയും സ്ഥാനാർത്ഥികളായി എൻസി നിശ്ചയിച്ചതിൽ ഉൾപ്പെടുന്നു.
രാജ്‌പോരയിൽ നിന്ന് ഗുലാം മോഹി-ഉദ്-ദിൻ മിർ, സൈൻപോറയിൽ നിന്ന് ഷോകത്ത് ഹുസൈൻ ഗാനി, ഷോപിയാനിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് റാഫി, ഡിഎച്ച് പോരയിൽ നിന്ന് മുൻ മന്ത്രി സക്കീന ഇട്ടൂ എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. ദേവ്‌സയിൽ നിന്ന് പീർസാദ ഫിറോസ് അഹമ്മദ്, ലാർനൂവിൽ നിന്ന് ചൗദരി സഫർ അഹമ്മദ്, അനന്ത്‌നാഗ് വെസ്‌റ്റിൽ അബ്‌ദുൾ മജീദ് ലാർമി, ബിജ്‌ബെഹറയിൽ ബഷീർ അഹമ്മദ് വീരി, അനന്ത്‌നാഗ് ഈസ്‌റ്റിൽ റിയാസ് അഹമ്മദ് ഖാൻ, പഹൽഗാമിൽ അൽതാഫ് അഹമ്മദ് കാലൂ എന്നിവരും പട്ടികയിലുണ്ട്.
അതേസമയം, ജമ്മു കാശ്‌മീരിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം സെപ്റ്റംബർ 18നും രണ്ടാംഘട്ടം സെപ്റ്റംബർ 25നും മൂന്നാംഘട്ടം ഒക്ടോബർ 1നുമാണ് നടക്കുക. വോട്ടെണ്ണൽ ഒക്ടോബർ നാലിനാണ്. നീണ്ട പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാശ്‌മീർ താഴ്വര മറ്റൊരു തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുന്നത്.












Click it and Unblock the Notifications